ഗുരുദേവനെ നിന്ദിച്ച പൗലോസിനെതിരെ നാടെങ്ങും പ്രതിഷേധം

Saturday 22 September 2012 10:30 pm IST

കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച്‌ സംസാരിച്ച ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസിനെതിരെ വ്യാപകമായ പ്രതിഷേധം ആര്‍ത്തിരമ്പി. മുളന്തുരുത്തിയില്‍ സമാധിയോടനുബന്ധിച്ച്‌ ഉപവാസ പ്രാര്‍ത്ഥന നടത്തിയ പള്ളിത്താഴത്തെ വേദിക്ക്‌ സമീപം നിശ്ചയിച്ചിരുന്ന മഹിളാ കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷന്‍ മറ്റീവ്ക്കണമെന്ന്‌ എസ്‌എന്‍ഡിപി യോഗം ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഗുരുദേവന്‍ ചത്തിട്ട്‌ പത്ത്‌ നൂറ്‌ കൊല്ലമായി ഇനിയും ദുഃഖിച്ചിരിക്കേണ്ട കാര്യമുണ്ടോ' എന്ന്‌ ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസിന്റെ മറുപടിയാണുണ്ടായത്‌.
സംസ്ക്കാരശൂന്യമായ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ കൂത്താട്ടുകുളം എസ്‌എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ പി.ജി.ഗോപിനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സി.പി.സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം: ശ്രീനാരായണഗുരു സമാധിദിനത്തില്‍ ഗുരുദേവനെ നിന്ദിച്ച ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസിന്റെ നടപടിക്കെതിരെ എസ്‌എന്‍ഡിപി പ്രവര്‍ത്തകര്‍ കോതമംഗലത്ത്‌ പ്രതിഷേധ പ്രകടനം നടത്തി വി.ജെ.പൗലോസിന്റെ കോലം കത്തിച്ചു. എസ്‌എന്‍ഡിപി നേതാക്കളായ അജി നാരായണന്‍, റെജി പാറയില്‍, കെ.എസ്‌.ഷിനില്‍, പി.ഐ.സോമന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കി.
കൊച്ചി: മഹാസമാധി ദിനത്തില്‍ ശ്രീനാരായണഗുരുദേവനെ ആക്ഷേപിച്ച്‌ സംസാരിച്ച എറണാകുളം ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌ രാജിവെയ്ക്കണമെന്നും പരസ്യമായി മാപ്പ്‌ പറയണമെന്നും ആവശ്യപ്പെട്ട്‌ എസ്‌എന്‍ഡിപി നോര്‍ത്ത്‌ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍കാവ്‌ ക്ഷേത്രത്തില്‍നിന്നും കച്ചേരി ജംഗ്ഷനിലേക്ക്‌ പന്തംകൊളുത്തി പ്രകടനം നടത്തി. ശ്രീനാരായണ ധര്‍മ്മപ്രചാരണസഭ, എസ്‌എന്‍ഡിപി യോഗം പച്ചാളം, അയ്യപ്പന്‍കാവ്‌, പച്ചാളം നോര്‍ത്ത്‌, എറണാകുളം നോര്‍ത്ത്‌-വനിതാസംഘം യൂത്ത്മൂവ്മെന്റ്‌ എന്നീ ശ്രീനാരായണ സംഘടനകളിലെ നൂറുകണക്കിന്‌ ശ്രീനാരായണ ഗുരുദേവ ഭക്തര്‍ അണിനിരന്നു.
എളമക്കര 980-ാ‍ം നമ്പര്‍ എസ്‌എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പന്തംകൊളുത്തി പ്രകടനം നടത്തി. പ്രസിഡന്റ്‌ ഡി.പ്രഭാകരന്‍, വനിതാസംഘം പ്രസിഡന്റ്‌ ഗീത ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആലുവ: ശ്രീനാരായണഗുരുദേവനെ അവഹേളിച്ച്‌ സംസാരിച്ച കോണ്‍ഗ്രസ്‌ ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ വി.ജെ.പൗലോസിനെതിരെ എസ്‌എന്‍ഡിപി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും പൗലോസിനെ നീക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ആലുവ നഗരത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ സി.വി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍.ദിവാകരന്‍, എം.കെ.ശശി, കെ.എസ്‌.സ്വാമിനാഥന്‍, കെ.കെ.മോഹനന്‍, ആര്‍.കെ.ശിവന്‍, എ.ആര്‍.ഉണ്ണികൃഷ്ണന്‍, പി.എം.വേണു, കെ.കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.