'ഓഖി': മരണം 28 ആയി

Sunday 3 December 2017 6:52 pm IST

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ ദുരിതക്കടലില്‍ തള്ളി വീശിയടിച്ച ഓഖി ചുഴിലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നു. ഞായറാഴ്ച കടലില്‍ നടന്ന തെരച്ചിലില്‍ 13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു.

77 പേരെയാണ് ഇന്ന് രക്ഷപെടുത്താനായത്. ഇനിയും 92 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൂന്തുറയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും ജീവനോടെ എത്തിക്കാനായില്ല.

കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇപ്പോഴും പുറങ്കടലില്‍ തിരച്ചില്‍ നടത്തുകയാണ്. സംസ്ഥാനത്ത് മഴയും കാറ്റും ശമിച്ചെങ്കിലും ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മാറ്റമില്ലാതെ തുടരുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പൂന്തുറയില്‍ രാവിലെ മല്‍സ്യത്തൊഴിലാളികളാണ് ആദ്യത്തെ മൃതദേഹം കരയ്‌ക്കെത്തിച്ചത്. ഉച്ച കഴിഞ്ഞ് വിഴിഞ്ഞത്ത് ഒരു മൃതദേഹവും കൊല്ലത്ത് രണ്ട് മൃതദേഹങ്ങളും കരയ്‌ക്കെത്തിച്ചു. ഒരാളെ ലക്ഷദ്വീപ് തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

നേവി രക്ഷപെടുത്തിയ നാലു തൊഴിലാളികളെ ശംഖുമുഖത്തും 13 മല്‍സ്യത്തൊഴിലാളികളെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു. കൊല്ലത്തെത്തിയ 13പേരും തമിഴ്‌നാട്ടുകാരാണ്. കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച അസംകാരുള്‍പെടെ 19പേരെ കൊച്ചി ചെല്ലാനത്ത് എത്തിച്ചു. എട്ടു തൊഴിലാളികളെ ബേപ്പൂരിലും എത്തിച്ചു. ഇതില്‍ അഞ്ചുപേര്‍ ആലപ്പുഴക്കാരും മൂന്നുപേര്‍ ബേപ്പൂരുകാരുമാണ്. പൂന്തുറയില്‍ നിന്നുള്ള അഞ്ചുപേര്‍ ലക്ഷദ്വീപിലേക്ക് നീന്തിക്കയറി രക്ഷപെട്ടു. പൂന്തുറയില്‍ നിന്ന് കാണാതായ ലോറന്‍സിനെ കൊച്ചിയില്‍ കസ്റ്റംസ് കണ്ടെത്തി.

പൂന്തുറയില്‍ നിന്നുള്ള 32 പേരടക്കം 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തമിഴ്‌നാട്ടിലെ തേങ്കാപട്ടണത്ത് നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കടലില്‍ പോയ പതിനൊന്ന് മല്‍സ്യതൊഴിലാളികള്‍ രക്ഷപെട്ട് കൊച്ചി മുനമ്പത്ത് എത്തി. പുറങ്കടലില്‍ ഒഴുകിനടന്നിരുന്ന രണ്ടു ബോട്ടുകളിലായി 19 പേരെ കോസ്റ്റ് ഗാര്‍ഡ് ചെല്ലാനത്ത് എത്തിച്ചു. 29ന് ആലപ്പുഴയില്‍ നിന്നുപോയ അഞ്ചുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി ബേപ്പൂരിലെത്തിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.