കോഹ്‌ലിക്ക് റെക്കോര്‍ഡ്; ലങ്ക പതറുന്നു

Sunday 3 December 2017 8:08 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വെടിക്കെട്ട് ബാറ്റിംഗുമായി മുന്നേറിയപ്പോള്‍ ഫിറോസ്ഷാ കോട്‌ലയില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിംഗ്സില്‍ ഏഴിന് 536 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തിലേ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.

കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ഓപ്പണര്‍ കരുണ രത്‌നെയുടെ വിക്കറ്റ് ആദ്യ പന്തില്‍ മുഹമ്മദ് ഷമി വീഴ്ത്തി. 42 റണ്‍സെടുത്ത ദില്‍രുവാന്‍ പെരേരയെ ജഡേജയും ഒരു റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയെ ഇശാന്ത് ശര്‍മയും വിക്കറ്റിന് മുന്നില്‍ കുടുക്കി. എയ്ഞ്ചലോ മാത്യൂസും(57) ദിനേശ് ചാന്ദിമലുമാണ്(25) ക്രീസില്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.

ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 243 റണ്‍സാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കോഹ്‌ലിയുടെ കരിയറിലെ ആറാമത്തേയും ഈ വര്‍ഷത്തെ മൂന്നാമത്തേയും ഇരട്ടസെഞ്ചുറിയാണിത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് കോഹ്ലിയുടെ പേരിലായി. രോഹിത് ശര്‍മ 65 റണ്‍സെടുത്തു. ഈ മല്‍സരം തോല്‍ക്കാതിരുന്നാല്‍ തുടര്‍ച്ചയായ പരമ്പരവിജയങ്ങളുടെ കണക്കില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് സ്വന്തമാക്കാം.

അതിനിടെ ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കളി തടസപ്പെടുത്തി. ഫീല്‍ഡിങ്ങിനിടെ ശ്രീലങ്കന്‍ കളിക്കാര്‍ക്ക് ശ്വാസതടമുണ്ടായതിനെ തുടര്‍ന്ന് രണ്ടുതവണ കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ലഞ്ചിനുശേഷന്മം അഞ്ചുകളിക്കാര്‍ മുഖമൂടി ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്.

തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണു ഞായറാഴ്ചത്തേത്. നാഗ്പുരില്‍ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷം ബംഗ്ലദേശിനെതിരെ 204, 2016ല്‍ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലന്‍ഡിനെതിരെ 211, വെസ്റ്റിന്‍ഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യന്‍ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങള്‍.

ആന്റിഗ്വയില്‍ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ലാ ഇരട്ട സെഞ്ചുറികളും കോഹ്‌ലി നേടിയത് ഇന്ത്യന്‍ മണ്ണിലാണെന്നതും ശ്രദ്ധേയം. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ട സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി ഇതോടെ സ്വന്തമാക്കി. നേരത്തെ അഞ്ച് ഇരട്ട സെഞ്ചുറികളോടെ ബ്രയാന്‍ ലാറയ്‌ക്കൊപ്പമായിരുന്നു കോഹ്‌ലി. ഇന്നത്തെ പ്രകടനത്തോടെ ലാറയെയും മറികടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.