കട്ടപ്പന: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അനധികൃത പാര്‍ക്കിങ്ങും സ്വകാര്യ വാഹനങ്ങള്‍ കയറിയിറങ്ങുന്നതും പതിവാകുന്നു. നടപടിയെടുക്കാതെ നഗരസഭ അധികൃതര്‍. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മറ്റ് വാഹനങ്ങള്‍ ഇറക്കരുതെന്ന നിര്‍ദേശം കാറ്റില്‍ പറത്തിയാണ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത്.
വലുപ്പമേറിയ സ്റ്റാന്‍ഡിന്റെ വശങ്ങളിലുള്ള പാര്‍ക്കിങും മറ്റ് വാഹനങ്ങള്‍ ഉള്ളിലൂടെ മറുവശത്തേയ്ക്ക് കടന്ന് പോകുന്നതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതുമൂലം ഇവിടെ അപകടങ്ങളും പതിവാണ്. സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ തയാറാവുന്നുമില്ല. സ്വകാര്യ വാഹനങ്ങള്‍ കയറുന്നത് ശിക്ഷാര്‍ഹമാണെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് നോക്കുക്കുത്തിയായ അവസ്ഥയാണ്. ഇവിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനായി പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ദിനം പ്രതി നൂറ് കണക്കിന് ആളുകള്‍ വന്നുപോകുന്ന ഇവിടെ നിരീക്ഷണ കാമറകള്‍ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: