കോട്ടപ്പുറം പാലത്തില്‍ കുരുങ്ങി എംജി റോഡ്

Sunday 3 December 2017 10:02 pm IST

തൃശൂര്‍: അഴിക്കുന്തോറും കുരുങ്ങുകയാണ് എം.ജി റോഡിലെ ഗതാഗതക്കുരുക്ക്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റെയില്‍വേ പാലത്തിന്റെ വീതിക്കുറവാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം.
പാലത്തില്‍ വെച്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതും തുടര്‍ന്ന് യാത്രക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. ഇരുവശങ്ങളില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ ഒരേ പോലെ പാലത്തില്‍ പ്രവേശിക്കുകയും പിന്നാലെ വരുന്ന ചെറിയ വാഹനങ്ങള്‍ ഇതിനിടയിലൂടെ കടന്ന് പോകാന്‍ ശ്രമിക്കുന്നതോടെയുമാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.
രാവിലെ മുതല്‍ പാലത്തിന്റെ ഇരുഭാഗങ്ങളിലും എം.ജി റോഡില്‍ നടുവിലാല്‍ ജംഗ്ഷന്‍ മുതല്‍ കോട്ടപ്പുറം റോഡ് വരെയുള്ള വിവിധ ഭാഗങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ റോഡിലെ കുരുക്ക് മുറുകുന്നത് പോലീസിന് തലവേദനയായിരിക്കുകയാണ്.
രാവിലെ എട്ടിനും 10.30 നും ഇടയിലും വൈകിട്ട് അഞ്ചിനും എട്ടിനും ഇടയിലുള്ള സമയത്തുമാണ് പാലത്തില്‍ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പലപ്പോഴും കുരുക്കിന് കാരണമാകുന്നത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാലം വീതികൂട്ടി നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാവുന്നതുവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പോലീസ് തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.