ഓട്ടത്തിനിടയില്‍ വാനിന് തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

Saturday 22 September 2012 11:21 pm IST

എരുമേലി: വര്‍ക്ക്‌ഷോപ്പില്‍ നിന്നും പണികഴിഞ്ഞ് വരുന്നതിനിടെ ഓമ്‌നി വാനിന് തീ പിടിച്ച് വാന്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഓട്ടത്തിനിടെ വാനില്‍ നിന്നും തീപ്പൊരി ഉയരുന്നത് കണ്ട് വാന്‍ നിര്‍ത്തി പരിശോധിക്കാന്‍ ശ്രമിച്ച വാഹന ഉടമകൂടിയായ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പകപ്പാറ കാരക്കാട്ട് തോമസ്‌കുട്ടിയാണ് രക്ഷപെട്ടത്. എരുമേലി പോലീസ് സ്‌റ്റേഷന്‍ ജംഗ്ഷന് സമീപം ഇന്നലെ 4.40 നായിരുന്നു സംഭവം. വാനില്‍ ഗ്യാസ് ഘടിപ്പിച്ചിരുന്നതിനാല്‍ തീ വളരെ വേഗം പടരാന്‍ കാരണമായി. വാനിന്റെ പിന്നില്‍ നിന്നും തീപ്പൊരികള്‍ ഉയരുകയും ചൂട് അനുഭവപ്പെട്ടതുമാണ് വാന്‍ നിര്‍ത്തി പരിശോധിക്കാന്‍ കാരണം. വാന്‍ പരിശോധിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. വാന്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ സമീപത്തുള്ള ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുക്കാല്‍മണിക്കൂറിലേറെ വാനില്‍ തീ പടര്‍ന്നു കത്തിയതോടെ എരുമേലി-റാന്നി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വാന്‍ കത്തുന്നത് കണ്ട നാട്ടുകാരും പോലീസും ചേര്‍ന്നാണ് വെള്ളമൊഴിച്ച തീ അണച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി പൂര്‍ണ്ണമായും തീ അണച്ചു. ഫയര്‍േഫാഴ്‌സ് യൂണിറ്റ് നടപ്പായില്ല എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയിലുണ്ടാകുന അപകടങ്ങളെ തുടര്‍ന്ന് എരുമേലിയില്‍ ഫയര്‍ഫോഴ്‌സ് തുടങ്ങാനുള്ള നടപടിയുണ്ടായെങ്കിലും സ്ഥലമില്ലാത്തതിനാല്‍ പദ്ധതി തുടങ്ങാനായില്ല. പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന്റെ പ്രത്യേക വാഗ്ദാനമായിരുന്നു എരുമേലിയില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനമായത്. എന്നാല്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ പദ്ധതി തുടങ്ങാതിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. എരുമേലി പഞ്ചായത്തില്‍ നിരവധി സ്ഥലങ്ങളാണ് പുറമ്പോക്ക് ഭൂമിയായി കിടക്കുന്നത്. എന്നാല്‍ ഈ ഭൂമികളൊന്നും ഏതെങ്കിലും ഒരു പദ്ധതിക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. എരുമേലിയില്‍ ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ വരുന്നുണ്ടെങ്കിലും സ്ഥലമില്ലാത്തതിന്റെ പേരില്‍ ഒന്നും തുടങ്ങാന്‍ കഴിയാതെ വികസനത്തെ പിറകോട്ട് നയിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.