മാറുമോ മലപ്പുറം

Monday 4 December 2017 2:30 am IST

മലപ്പുറം: മീസില്‍സ് റുബെല്ല വാക്‌സിന്‍ കുത്തിവയ്പ്പ് മലപ്പുറം ജില്ലയില്‍ 16 വരെ തുടരും. ഇതിന്റെ സമയം സംസ്ഥാനത്ത് രണ്ടു തവണ ദീര്‍ഘിപ്പിച്ചിരുന്നു. മറ്റ് ജില്ലകള്‍ ലക്ഷ്യം കൈവരിച്ചെങ്കിലും മലപ്പുറത്ത് മാറ്റമൊന്നും ഉണ്ടായില്ല. 12,31,419 പേര്‍ക്ക് കുത്തിവയ്‌പ്പെടുക്കാനായിരുന്നു ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടത്.

പക്ഷേ 8,11,530 പേര്‍ മത്രമാണ് ഇതുവരെ എത്തിയത്.വാക്‌സിന്‍ വിരുദ്ധ പ്രചാരണമാണ് ജില്ല ഇത്രത്തോളം പിന്നിലേക്ക് പോകാന്‍ കാരണം. ജനസംഖ്യ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണ് വാക്‌സിനു പിന്നിലെന്ന് വരെ പ്രചാരണം നടന്നു.

വാക്‌സിന്‍ വിരോധികള്‍ അഞ്ചിലധികം തവണ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ചു. തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളെ ബോധവത്കരിച്ച് ലക്ഷ്യത്തിലെത്താനാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തീവ്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും ഇന്ന് എംആര്‍ ഗ്രാമസഭകള്‍ ചേരും.

യോഗത്തില്‍ കുത്തിവയ്പ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കും. കൂടാതെ ഇന്ന് വൈകിട്ട് മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ യുവജന സംഘടനകളുടെ യോഗം ചേരും. നാളെ രാവിലെ 11ന് മത-രാഷട്രീയ പാര്‍ട്ടികളുടെ യുവജന സംഘടന പ്രതിനിധികളുടെ യോഗവും കളക്ടറേറ്റില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രവാസി സംഘടനകളുടെ പ്രതിനിധികളുടെ യോഗവും കളക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ആറിന് കുത്തിവയ്പ്പില്‍ കുറവ് രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരെ വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.

പ്രതിരോധ കുത്തിവയ്പ്പുകളോടുള്ള മലപ്പുറത്തിന്റെ അസഹിഷ്ണുത ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.