നിക്ഷേപകര്‍ അറിയാതെ സഹകരണ ആശുപത്രി അടച്ചുപൂട്ടിയ സംഭവം: സിപിഎം ഏരിയാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

Sunday 3 December 2017 11:00 pm IST

കണ്ണൂര്‍: നിക്ഷേപകര്‍പോലും അറിയാതെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി അടച്ചുപൂട്ടിയ സംഭവത്തില്‍ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ചെറുകുന്ന് സഹകരണ ആശുപത്രിയാണ് പാര്‍ട്ടി പ്രവര്‍ത്തകരായ നിക്ഷേപകര്‍ പോലും അറിയാതെ മാസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയത്. ആശുപത്രി സ്ഥിതിചെയ്യുന്ന ചെറുകുന്ന് ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ പാപ്പിനിശ്ശേരി ഏരിയാസമ്മേളനത്തിലാണ് നേതൃത്വത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്.
താവത്ത് രണ്ടു ദിവസമായി നടന്ന യോഗത്തില്‍ ചെറുകുന്ന് മേഖലയിലെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നതെന്നറിയുന്നു. എന്തടിസ്ഥാനത്തിലാണ് ആശുപത്രി ചില നേതാക്കളുടെ ഇഷ്ടപ്രകാരം അടച്ചു പൂട്ടിയതെന്നും പൊതുജനങ്ങളില്‍ നിന്ന് ഷെയര്‍ പിരിച്ച് ആരംഭിച്ച സ്ഥാാപനം ഏതാനും ചില നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പണം തിരിച്ചുനല്‍കാതെ അടച്ചു പൂട്ടിയത് പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണണായതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഉപകരണങ്ങള്‍ കെട്ടിടത്തില്‍ നിന്നും മാറ്റുകയും ആശുപത്രിഫലകം പിഴുതെറിഞ്ഞതും അംഗങ്ങളുടെ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായി.
നഷ്ടത്തിലായിരുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സ്വന്തം കെട്ടിടം പണിയാനും വ്യാപകമായ പണപ്പിരിവ് നടത്തിയിരുന്നു. പ്രവാസികളില്‍ നിന്നും വന്‍ നിക്ഷേപവും സമാഹരിച്ചിരുന്നു. ഇതിന്റെയെല്ലാം കണക്കുകളഉമായി ബന്ധപ്പെട്ട വാദ-പ്രതിവാദങ്ങളും യോഗത്തില്‍ നടന്നതായി അറിയുന്നു. ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഭീമന്‍ ഷോപ്പിങ് മാളുകള്‍ ഉയര്‍ത്തിയത് സൊസൈറ്റി അംഗങ്ങളുടെ അനുമതിയില്ലാതെയാണെന്നും ഇതിന് നേതൃത്വം മറുപടി പറയണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. നിക്ഷേപത്തുക തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട അംഗങ്ങള്‍ക്ക് എത്രയും വേഗം പണം തിരിച്ചു നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
2010 ല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ജി.സുധാകരനായിരുന്നു. തുടക്കത്തില്‍ താവത്ത് വാടകക്കെടുത്ത മൂന്ന് നില കെട്ടിടത്തില്‍ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ടാണ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതിന് വഴി തെളിയിച്ചതെന്നും ചില അംഗങ്ങള്‍ യോഗത്തില്‍ കുറ്റപ്പെടുത്തിയതായും അറിയുന്നു. സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ 2010 ല്‍ ചെറുകുന്നില്‍ താവം ആസ്ഥാനമായി ആരംഭിച്ചതാണ് ചെറുകുന്ന് കോ-ഓപ്പറേറ്റിവ് ആന്റ് എജ്യുക്കേഷണല്‍ ആശുപത്രി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.