മധ്യേഷ്യയിലേക്ക് വഴിതുറന്ന് ഇന്ത്യ

Monday 4 December 2017 2:50 am IST

ന്യൂദല്‍ഹി: പാക്-ചൈന സാമ്പത്തിക ഇടനാഴിയെയും ചൈന പാക്കിസ്ഥാനില്‍ നിര്‍മ്മിക്കുന്ന ഗ്വദാര്‍ തുറമുഖത്തെയും ലക്ഷ്യമിട്ട് ഇറാനില്‍ ഇന്ത്യ നിര്‍മ്മിച്ച ഛബ്ബാര്‍ തുറമുഖം യാഥാര്‍ത്ഥ്യമായി. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റോഹനി ഇന്നലെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പാക്കിസ്ഥാനെ ഒഴിവാക്കി ഇറാന്‍-അഫ്ഗാനിസ്ഥാന്‍ വഴി മധ്യ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങള്‍ക്ക് തുടക്കമിടുന്നതാണ് ഛബ്ബാര്‍ തുറമുഖ പദ്ധതി. 340 മില്യണ്‍ ഡോളര്‍ ചെലവു വരുന്ന പദ്ധതി ഇന്ത്യ-ഇറാന്‍ സംയുക്ത പദ്ധതിയായാണ് പൂര്‍ത്തിയായത്. 8.5 മില്യണ്‍ ടണ്‍ കാര്‍ഗോ കയറ്റിറക്കാന്‍ ശേഷിയുള്ള തുറമുഖമാണ് ഛബ്ബാര്‍. ഇന്ത്യ, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു തുറമുഖത്തിന്റെ ഉദ്ഘാടനം.

അറബിക്കടലിലേക്ക് നേരിട്ട് വഴി തുറക്കുന്നതിനായി പാക്കിസ്ഥാനിലെ ബലൂച്ച് പ്രവിശ്യയില്‍ ചൈന നിര്‍മ്മിക്കുന്ന ഗദ്വാര്‍ തുറമുഖത്തിന്റെ 80 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഛബ്ബാര്‍ തുറമുഖം. ആഫ്രിക്കന്‍, അമേരിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ വിപണിയിലേക്കും ഇന്ത്യന്‍ മഹാസമുദ്രം കറങ്ങാതെ നേരിട്ട് ചരക്കുകളെത്തിക്കാനും ചൈന ഗദ്വാര്‍ വഴി ലക്ഷ്യമിടുന്നുണ്ട്. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഛബ്ബാര്‍ വികസനത്തിനായി ഇന്ത്യ മുന്‍കൈ എടുത്തത്. ഛബ്ബാറില്‍ അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടെന്നതും ഇന്ത്യയ്ക്ക് പ്രയോജനകരമാണ്.

ഛബ്ബാര്‍ തുറമുഖ വികസനത്തിനും അഫ്ഗാനിസ്ഥാനിലേക്കുള്ള റോഡ്, റെയില്‍ പദ്ധതിക്കുമായി അഞ്ഞൂറ് മില്യണ്‍ ഡോളറാണ് ഇന്ത്യ മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞമാസം അഫ്ഗാനിസ്ഥാനിലേക്കുള്ള 1.30 ലക്ഷം ടണ്‍ ഗോതമ്പ് ഛബ്ബാര്‍ തുറമുഖം വഴി ഇന്ത്യ കയറ്റിയയച്ചിരുന്നു.

ഉദ്ഘാടനത്തിന് തലേദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അപ്രതീക്ഷിതമായി തെഹ്‌റാനിലെത്തി ഇറാന്‍ വിദേശകാര്യമമന്ത്രി ജാവേദ് സരിഫുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.