നഗരത്തിലെ കടകളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Saturday 22 September 2012 11:25 pm IST

കോട്ടയം: ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പുകയിലരഹിത കോട്ടയം ജില്ലാ സ്‌ക്വാഡ് നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി കടകളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം മറികടക്കുന്നതിന് ടിന്നുകളിലും ഹോള്‍സെയല്‍ പാക്കറ്റുകളിലും ഇവ വില്‍പ്പന നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ആരോഗ്യ മുന്നറിയിപ്പുകള്‍ ഇല്ലാത്ത നൂറുകണക്കിന് വിദേശ സിഗരറ്റ് പാക്കറ്റുകളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടിറക്കിയിരിക്കുന്ന ചോക്ലേറ്റ്, വാനില, സ്‌ട്രോബറി രുചികളിലുള്ള സിഗരറ്റുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. കോട്ടയം എം.ഡി സ്‌കൂളിന്റെയും എസ്.എച്ച്. നഴ്‌സിംഗ് സ്‌കൂളിന്റെയും 100വാര ചുറ്റളവില്‍ വരുന്ന റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ സിഗരറ്റും ബീഡിയും ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളൊന്നും വില്‍പ്പന നടത്താന്‍ പാടില്ലെന്നു കാണിച്ച് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. വില്‍പ്പന തുടരുന്നവര്‍ ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പ്രിയയും മാസ് മീഡിയ ഓഫീസര്‍ കെ. ദേവും അറിയിച്ചു. പോലീസ് ഓഫീസര്‍ പി.എ. അഷ്‌റഫ് പരിശോധനയില്‍ പങ്കെടുത്തു. പൊതുസ്ഥലത്ത് പുക വലിച്ച 20 ഓളം പേര്‍ക്ക് 200 രൂപ വീതം പിഴ ചുമത്തി. പരിശോധന തുടരുമെന്നും അനധികൃത വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തിനോ പോലീസിനോ വിവരം നല്‍കണമെന്നും ജില്ലാ കളക്ടര്‍ മിനി ആന്റണി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.