ഓഖിയിലും സിപിഎം- സിപിഐ പോര്

Monday 4 December 2017 2:53 am IST

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ദുരന്തത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സിപിഎം-സിപിഐ പോര്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെയോ ഉന്നത ഉദ്യോഗസ്ഥരെയോ അറിയിക്കാതെ കളക്ടര്‍മാരടക്കം മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെയും സിപിഎം മന്ത്രിമാരുടെയും നിര്‍ദ്ദേശമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും. ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഎമ്മും സിപിഐയുമായുണ്ടായ പോര് ദുരന്തനിവാരണത്തിലും കടന്നുവന്നതോടെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിയായി.

ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയായ റവന്യൂ മന്ത്രിക്ക് ഒരു റോളും നല്‍കുന്നില്ലെന്ന ആക്ഷേപമാണ് പരക്കെയുള്ളത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സിപിഎം മന്ത്രിമാര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പോലും സിപിഐയുടെ മന്ത്രിമാര്‍ക്ക് നല്‍കുന്നില്ല. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രിയും പങ്കെടുത്തിരുന്നു. എങ്കിലും, സിപിഎം മന്ത്രിമാരുടെ കൈയിലാണ് ഏകോപന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം.

സിപിഎം മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും കെ.കെ. ശൈലജയുമൊക്കെയാണ് പല പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. കടകംപള്ളിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും ചില പ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ല. ഇതും പ്രതിഷേധത്തിനിടയാക്കുന്നു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പാളിയതോടെ മത്സ്യത്തൊഴിലാളികളടക്കം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതും വിവാദമായി.
ചുഴലിക്കാറ്റ് നാശം വിതയ്ക്കുമെന്ന ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം നവംബര്‍ 28ന് കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍, മുന്നറിയിപ്പ്് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാന്‍ വൈകിയത് പോരിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ തുക എപ്പോള്‍ ലഭ്യമാകുമെന്ന് ഇതുവരെ റവന്യൂ വകുപ്പിനെ അറിയിച്ചിട്ടില്ല. തുക ഉടന്‍ നല്‍കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് പറയുന്നുണ്ടെങ്കിലും ആശയക്കുഴപ്പം തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.