സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: ബിജെപി

Sunday 3 December 2017 7:02 pm IST

കൊച്ചി: ഓഖി ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുറ്റകരമായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റേത്. മുന്നറിയിപ്പ് നേരത്തെ ലഭ്യമായിട്ടും നടപടികള്‍ സ്വീകരിക്കാതെ വീഴ്ചവരുത്തിയവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളാരംഭിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് 28ന് രാവിലെ കാറ്റിനെക്കുറിച്ചും കടല്‍ക്ഷോഭത്തെക്കുറിച്ചും വ്യക്തമായ മുന്നറിയിപ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇത് ഗൗരവമായെടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തിനായില്ല. കേന്ദ്ര മുന്നറിയിപ്പ് രഹസ്യമാക്കി വച്ച് വലിയ ദുരന്തത്തിന് സര്‍ക്കാര്‍ വഴിയൊരുക്കി. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും സുഖനിദ്രയിലായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാത്തതിനാലാണ് അവര്‍ പതിവുപോലെ കടലില്‍ പോയത്. ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആഘാതം കുറയ്ക്കാനായി. എന്നാല്‍, കേരളത്തിന് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. കടലില്‍ പോയ നിരവധി മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇതുകൂടാതെയാണ് വീടുകള്‍ തകര്‍ന്നതും മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചതും. ഈ വലിയ ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.