കേന്ദ്രം ഒപ്പമുണ്ട്

Monday 4 December 2017 6:05 am IST

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ടു പോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി കരയില്‍ എത്തിക്കും വരെ കടലിലെ തെരച്ചില്‍ തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തില്ലെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അവര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം തെരച്ചില്‍ നടത്തുന്ന ബോട്ടുകളിലും, ഹെലികോപ്ടറുകളിലുമായി 11 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ പോലും തെരച്ചിലിനായി ഉപയോഗിക്കുന്നു. തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നാവികസേനയും, കോസ്റ്റ്ഗാര്‍ഡും ഓരോ മണിക്കൂര്‍ ഇടവിട്ട് തന്നെ അറിയിക്കുന്നുണ്ടെന്നും നിര്‍മ്മല പറഞ്ഞു.

ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വ്യോമസേനാ വിമാനത്താവളത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് നിര്‍മ്മല പറഞ്ഞു. തന്റെ സന്ദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞവയും മത്സ്യത്തൊഴിലാളികള്‍ തന്നോട് പറഞ്ഞ കാര്യങ്ങളും കേന്ദ്ര ആഭ്യന്തര, കൃഷി മന്ത്രിമാരെ ധരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറയും വിഴിഞ്ഞവും നിര്‍മ്മല സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികളുമായി നേരിട്ടു സംസാരിച്ചു. കേന്ദ്രം എല്ലാത്തിനും ഒപ്പമുണ്ടെന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 405 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായ നിലപാടാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്, അവര്‍ പറഞ്ഞു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.