കൈയെടുത്ത് കുമ്പിട്ട് കേക്കിറേന്‍...കോപപ്പെടക്കൂടാത്...

Tuesday 5 December 2017 12:46 am IST

തിരുവനന്തപുരം: നാനും ഒരു പൊമ്പിളൈ….കൈയെടുത്ത് കുമ്പിട്ട് കേക്കിറേന്‍…കോപപ്പെടക്കൂടാത്…ആര്‍ദ്രമായ തമിഴില്‍ നിര്‍മല സീതാരാമന്‍ ഇത്രയും പറഞ്ഞപ്പോഴേക്ക് ജനക്കൂട്ടത്തിന്റെ രോഷമടങ്ങി. അത്രയും നേരം മുഖ്യമന്ത്രിയേയും സംസ്ഥാനമന്ത്രിമാരേയും ചീത്തവിളിച്ചുകൊണ്ടിരുന്ന പൂന്തുറയിലെ ജനങ്ങള്‍ നിര്‍മലയുടെ വാക്കുകള്‍ക്കു കാതോര്‍ത്തു.

നിങ്ങളുടെ മനസ്സിലുള്ള സങ്കടവും ദേഷ്യവുമെല്ലാം എനിക്ക് മനസ്സിലാവും. പക്ഷേ നിങ്ങളോട് ഞാന്‍ കൈകൂപ്പി പറയുകയാണ് ദയവായി നിങ്ങള്‍ ആരും ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുത്. നിങ്ങള്‍ക്ക് നല്‍കിയ ഒരു വാക്കും ഞങ്ങള്‍ പാലിക്കാതെയിരുന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് മനസ്സിലാവും ദയവായി ശാന്തരാവുക നമ്മളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്.

ഞങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് പറയരുത്. ഇപ്പോഴും ഈ നിമിഷവും ജാഗ്രതയോടെ പുറംകടലില്‍ നമ്മുടെ ആളുകള്‍ നിങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. തൊഴിലാളികള്‍ മതിയെന്നു പറയുന്നതുവരെ തിരച്ചില്‍ തുടരും. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മല്‍സ്യത്തൊഴിലാളുകളുടെ ജീവനും സ്വത്തിനും ഉറപ്പ് നല്‍കുന്നു. എല്ലാ സന്നാഹവും ഉപയോഗിച്ചുള്ള തിരച്ചിലാണു നടത്തുന്നത്. മല്‍സ്യത്തൊഴിലാളികളെയും തിരച്ചിലിന്റെ ഭാഗമാക്കാന്‍ തയാറാണ്. കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോഴത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആളുകള്‍ ചോദ്യം ചോദിക്കുന്നത് തടയാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ കേന്ദ്രമന്ത്രി അതിനു സമ്മതിച്ചില്ല. ഏതു ചോദ്യത്തിനും ഉത്തരം നല്‍കാം തയ്യാറെന്ന നിലപാടിലായിരുന്നു മന്ത്രി. ചോദ്യങ്ങളോട് ഉചിതമായി പ്രതികരിക്കുകയും ചെയ്തു. നിര്‍മല സീതാരാമനെ കേട്ടിരുന്ന ജനം സംസ്ഥാന മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരെ സംസാരിക്കാന്‍ അനുവദിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.