സ്റ്റൗവില്‍ നിന്ന് തീപടര്‍ന്നു; ചെറുതോണിയില്‍ കട കത്തിനശിച്ചു

Monday 4 December 2017 10:10 pm IST

 

ചെറുതോണി: സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയ്ക്ക് തീ പിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നാണ് സംഭവം. മണിയാറന്‍കുടി സ്വദേശി കൈയ്‌നിയ്ക്കല്‍ സലിം നടത്തുന്ന തട്ടുകടയ്ക്കാണ് തീ പിടിച്ചത്. പലഹാരമുണ്ടാക്കാനുപയോഗിക്കുന്ന സ്റ്റൗവില്‍ നിന്ന് എണ്ണപ്പാത്രത്തിലേക്ക് തീ പടരുകയായിരുന്നു.
കട പൂര്‍ണ്ണമായും കത്തി നശിച്ചു. തൊട്ടടുത്തുളള അഹമ്മദ് കബീറിന്റെ ജൗളിക്കടക്കും നാശനഷ്ടമുണ്ടായി. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് ഇടുക്കിയില്‍ നിന്നും അഗ്നിശമനസേനയും പോലീസുമെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് പതിവുപോലെ കടതുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനിടെയാണ് എണ്ണച്ചട്ടിയില്‍ നിന്നും തീ ആളിപ്പടര്‍ന്നത്. കടയുടമ വെളളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജൗളിക്കടയുടെ സമീപത്തേക്കും തീ പടരുകയായിരുന്നു.
ജങ്ഷനായതിനാല്‍ വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ചെറുതോണി ടൗണില്‍ ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കടയുടമയ്ക്ക് 75000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.