ആറ് മാസമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Monday 4 December 2017 10:11 pm IST

 

 

ഇടവെട്ടി: കൊതകുത്തി കവലയില്‍ ആറ് മാസത്തിലധികമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വെള്ളം ഒഴുകി റോഡിനും നാശം. സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
കഴിഞ്ഞ മാര്‍ച്ചില്‍ ആമിന ഗ്യാസ് ഏജന്‍സിയുടെ സിലിണ്ടര്‍ സൂക്ഷിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് റോഡരികില്‍ അറ്റകുറ്റപണിയുടെ ഭാഗമായി കുഴിയെടുത്തിരുന്നു. പിന്നീട് ഒന്നരമാസത്തോളം പൈപ്പ് പൊട്ടിയത് മൂലം കുഴി നിറഞ്ഞ് വെള്ളം പോയിരുന്നു. ഇത് നന്നാക്കാനോ കുഴി അടയ്ക്കാനോ അധികൃതര്‍ തയ്യാറായതുമില്ല. പിന്നീട് റോഡ് നന്നാക്കുവാന്‍ പൊതുമരാമത്ത് അധികൃതര്‍ എത്തിയപ്പോള്‍ വേണ്ട രീതിയില്‍ അറ്റകുറ്റപണി നടത്താതെ കുഴി മൂടുകയായിരുന്നു. നാല് ദിവസത്തിനുള്ളില്‍ തന്നെ ഇത് വീണ്ടും പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ വെള്ളം കൊതകുത്തി-പട്ടയംകവല റോഡിലൂടെ ഒഴുകുകയാണ്. ടൈല്‍ പാകിയ ഈ റോഡിന് ഇത്തരത്തില്‍ വെള്ളം ഒഴുകുന്നത് മൂലം നാശം സംഭവിച്ചിട്ടുണ്ട്.
നിരവധി തവണ അറിയിച്ചെങ്കിലും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സംഭവം അറിഞ്ഞില്ലെന്നും ഉടന്‍ നന്നാക്കാന്‍ വേണ്ട നടപടി എടുക്കും എന്നും തൊടുപുഴ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജന്മഭൂമിയോട് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.