സിപിഎം മാനന്തവാടി ഏരിയാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം

Monday 4 December 2017 10:46 pm IST

മാനന്തവാടി: സിപിഎം മാനന്തവാടി ഏരിയാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം. ഏരിയാകമ്മറ്റി പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സമ്മേളന പ്രതിനിധികള്‍ നേതാക്കള്‍ക്കും ത്രിതല ഭരണ സമിതിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മാനന്തവാടി ഏരിയ കമ്മറ്റിക്ക് കീഴിലെ 113 ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 162 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ 145 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 17 അംഗ ഏരിയ കമ്മറ്റി അംഗങ്ങളുമാണ്.
സമ്മേളനത്തിന്റെ ആദ്യദിനമായ ഞായറാഴ്ച്ച ഏരിയ സെക്രട്ടറി കെ.എം.വര്‍ക്കി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നതായി ഒന്നുമില്ല. നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബ്രാഞ്ച് തലം വരെ നടന്നുവെന്നാണ് പറയുന്നത്. ഏരിയ കമ്മറ്റി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഭരണം കൈയാളുന്ന തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍, മാനന്തവാടി നഗരസഭ, എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയും രേഖപ്പെടുത്തി. എന്നാല്‍ വാളാട് ലോക്കല്‍ കമ്മറ്റിയില്‍ പാര്‍ട്ടിക്ക് നിരക്കാത്ത ചില വിഭാഗീയ പ്രവണതകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് അവതരണത്തിനുശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും ഇന്നലെ പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. ഏരിയാ സെക്രട്ടറി അവതരിപ്പിച്ച തൊട്ട് തലോടിയുള്ള റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നും ഉണ്ടായത്. പാര്‍ട്ടി ഭരണം കൈയാളുന്ന പഞ്ചായത്തുകളില്‍ പ്രതീക്ഷ യ്‌ക്കൊത്തുള്ള ഭരണമല്ല നടക്കുന്നതെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗങ്ങളിലെ ചില സാമ്പത്തിക ക്രമക്കേടുകളും ചര്‍ച്ചാ വിഷയമായി. വാളാട് ലോക്കല്‍ കമ്മറ്റിയിലെ ചില വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏരിയാ കമ്മറ്റി എന്ന നിലയില്‍ പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്നപ്പോള്‍ ഒരു ഭാഗത്തിന്റെ മാത്രംകൂടെ നിന്നുവെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മാനന്തവാടി നഗരത്തിലേതുള്‍പ്പെടെ പ്രധാന റോഡുകള്‍ തകര്‍ന്ന് തരിപ്പണമായിട്ടും എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും പാര്‍ട്ടി നേതൃത്വവും പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ലന്ന രൂക്ഷവിമര്‍ശനവും പ്രതിനിധികള്‍ ഉന്നയിക്കുകയുണ്ടായി.
പൊതുവെ ഏരിയ കമ്മറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പാര്‍ട്ടിക്കും ജനത്തിനും പൊതുജന പ്രശ്‌നങ്ങള്‍ക്കുമൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.