നാല്‍പ്പതുശതമാനം അംഗപരിമിതയായ യുവതിക്ക് സ്ഥിരം നിയമനം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Monday 4 December 2017 10:48 pm IST

കണ്ണൂര്‍: നാല്‍പ്പതുശതമാനം അംഗപരിമിതിയുള്ള യുവതിക്ക് സ്ഥിരം നിയമനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. . 2002 ഡിസംബര്‍ മുതല്‍ 2003 മെയ് വരെ 179 ദിവസം എസ്‌സി-എസ്ടി ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ച കക്കാട് സ്വദേശിനി സജിനി ടി രാജുവിനെ സ്ഥിരപ്പെടുത്താനാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍, ജഡ്ജ് പി.മോഹനദാസിന്റെ ഉത്തരവ്.
179 ദിവസം സജിനി ജോലി ചെയ്തിരുന്നു. 1999 ഓഗസ്റ്റ് 16 നും 2003 ഓഗസ്റ്റ് 31 നുമിടയില്‍ ജോലി ചെയ്ത അംഗപരിമിതരായ ഉദേ്യാഗസ്ഥര്‍ക്ക് സ്ഥിരം നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സജിനിയെ പരിഗണിച്ചില്ല. സാമൂഹ്യനീതി ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പരാതിക്കാരിക്ക് സ്ഥിരം നിയമനത്തിന് അര്‍ഹതയുള്ളതായി പറയുന്നു.
കമ്മീഷന്‍ സാമൂഹ്യനീതി ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. 179 ദിവസം ജോലി ചെയ്ത പരാതിക്കാരിയോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കാസര്‍ഗോഡ് ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വികലാംഗത്വം 25 ശതമാനമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിനാല്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി. വീണ്ടും മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പരാതിക്കാരി ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് സ്ഥിരം നിയമനം നല്‍കാത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തനിക്ക് 40 ശതമാനം വൈകല്യമുണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരാതിക്കാരി കമ്മീഷനില്‍ ഹാജരാക്കി. കാസര്‍ഗോഡ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കി. 2001 ഒക്‌ടോബര്‍ 1 മുതല്‍ പരാതിക്കാരിക്ക് രേഖകള്‍ പ്രകാരം 40 ശതമാനം വൈകല്യമുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരാതിക്കാരിക്ക് സ്ഥിരം നിയമനത്തിന് അര്‍ഹതയുണ്ട്. മറ്റൊരു കേസില്‍ സമാനസംഭവത്തില്‍ സ്ഥിരം നിയമനം നല്‍കണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവും പരാതിക്കാരി ഹാജരാക്കി. സ്ഥിരം നിയമനത്തിന് അര്‍ഹതയുണ്ടെന്ന രേഖകള്‍ ഹാജരാക്കിയാല്‍ പരാതിക്കാരിക്ക് സ്ഥിരം നിയമനം നല്‍കണമെന്ന് കമ്മീഷന്‍ സാമുഹ്യനീതി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.