രാജേശ്വരി ഹോസ്പിറ്റലില്‍ നവജീവനം സൌജന്യ ഡയാലിസിസ്‌ കേന്ദ്രം ആരംഭിച്ചു

Sunday 17 July 2011 6:43 pm IST

കണ്ണൂറ്‍: ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റ്‌ കേരളയുടെ10-ാമത്‌ നവജീവനം സൌജന്യ ഡയാലിസിസ്‌ കേന്ദ്രം കണ്ണൂറ്‍ രാജേശ്വരി ഹോസ്പിറ്റലില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്‌ നന്‍മ ചെയ്ത്‌ മുന്നോട്ട്‌ പോകുന്നവര്‍ക്ക്‌ എന്നും ദൈവാനുഗ്രഹമുണ്ടാകുമെന്നും ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ നാമധേയത്തിലുള്ള പ്രസ്ഥാനങ്ങള്‍ അത്തരത്തിലുള്ളവയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കണ്ണൂരില്‍ ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റ്‌ ആരംഭിച്ച നവജീവനം സൌജന്യ ഡയാലിസിസ്‌ കേന്ദ്രം പാവങ്ങളില്‍ പാവങ്ങളായ വൃക്ക രോഗികള്‍ക്ക്‌ പുതിയ ജീവന്‍ പകര്‍ന്ന്‌ നല്‍കുന്ന സേവന കേന്ദ്രമായി മാറട്ടേയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ സൌജന്യ ഡയാലിസിസിനുള്ള കാര്‍ഡ്‌ വിതരണം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, കണ്ണൂറ്‍ മെഡിക്കല്‍ കോളേജ്‌ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പി.പി.വേണുഗോപാല്‍, ട്രസ്റ്റ്‌ ജില്ലാ ചെയര്‍മാന്‍ ഡോ.വി.പി.ദേവദാസ്‌, വൈസ്ചെയര്‍മാന്‍ ഡോ.വിലാസിനി ദേവദാസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ്‌ ഫൌണ്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട്‌ പി.എന്‍.ശശികുമാര്‍ നന്ദിയും പറഞ്ഞു