ഓഖിയുടെ കാറ്റില്‍ തീരത്ത് 'ഇടത്' വീഴ്ച

Tuesday 5 December 2017 12:58 am IST

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ട് മരണമടഞ്ഞ വലിയതുറ സ്വദേശി ആരോഗ്യദാസിന്റെ മൃതദേഹംം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുരേഷ്‌ഗോപി എംപി ആദരാഞ്ജലി അര്‍പ്പിക്കുന്നു (ചിത്രം അനില്‍ ഗോപി)

കൊച്ചി: ഇടത് സര്‍ക്കാറിനോടുള്ള മത്സ്യതൊഴിലാളികളുടെ എതിര്‍പ്പ് ഓഖി ചുഴലിക്കാറ്റോടെ രൂക്ഷമായി. വാഗ്ദാനങ്ങള്‍ ഒട്ടേറെ നല്‍കിയിട്ടും ഒന്നും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നയങ്ങളോടുള്ള അവരുടെ എതിര്‍പ്പാണ് ഓഖിക്കൊപ്പം ആഞ്ഞുവീശിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങള്‍ മത്സ്യമേഖലയിലെ ഇടത് പാര്‍ട്ടികളുടെയും സര്‍ക്കാറിന്റെയും സ്വാധീനം ഇല്ലാതാക്കുകയാണ്.

ഇടത് അനുഭാവികളായ മത്സ്യത്തൊഴിലാളികള്‍ പോലും സര്‍ക്കാര്‍ അവഗണനയോട് പ്രതിഷേധമുയര്‍ന്നത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
എല്ലാം നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയശേഷം കബളിപ്പിച്ച ഇടത് സര്‍ക്കാര്‍ നയത്തോടുള്ള എതിര്‍പ്പും ഓഖിയോടെ ശക്തമായി. മത്സ്യത്തൊഴിലാളി കടാശ്വാസത്തില്‍ സര്‍ക്കാര്‍ കാട്ടിയ ഇരട്ടത്താപ്പ്, തണല്‍ പദ്ധതി ഇല്ലാതാക്കിയത്, പഞ്ഞമാസ ആനുകൂല്യവിതരണം കാര്യക്ഷമമായി നടത്താത്തത്, മത്സ്യമേഖലയിലെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലുള്ള കാലതാമസം തുടങ്ങി, ഒട്ടേറെ കാരണങ്ങള്‍ സര്‍ക്കാറിനെതിരെ തിരിയാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചു.

മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് മത്സ്യമേഖലയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിയത്. 2007 ഡിസംബര്‍ 31ന് മുമ്പുള്ള 75,000 രൂപവരെയുള്ള വായ്പകള്‍ എഴുതി തള്ളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, സഹകരണ സംഘങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയ്ക്ക് മാത്രമാണ് ഇത് സര്‍ക്കാര്‍ ബാധകമാക്കിയത്. തൊഴിലാളികളുടെ പേരില്‍ ഇടത് പാര്‍ട്ടികള്‍ ഭരിക്കുന്ന ഭൂരിഭാഗം സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ബാധ്യത കുറയ്ക്കാനായുള്ള തന്ത്രമായിരുന്നു ഇത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ വായ്പ എടുത്ത തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോഴും ജപ്തി ഭീഷണിയിലാണ്.

വായ്പാ പലിശ ഓരോ ദിവസവും ഉയരുമ്പോഴും കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് താങ്ങാകാനായി കൊണ്ടുവന്ന തണല്‍ പദ്ധതി ഇടത് സര്‍ക്കാര്‍ നിര്‍ത്തിയതും പ്രതിഷേധത്തിനിടയാക്കി. ക്ഷേമനിധിയില്‍ അംഗമായ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമായി 30 കോടി രൂപയുടെ പദ്ധതിയാണ് അന്ന് നടപ്പാക്കിയത്. ഇടത് സര്‍ക്കാര്‍ വന്നതോടെ അത് ഇല്ലാതായി. ട്രോളിങ് ഇല്ലാത്ത സമയത്തുളള പഞ്ഞമാസ ആനുകൂല്യവിതരണത്തിലും സര്‍ക്കാര്‍ അലംഭാവം കാട്ടി. കേന്ദ്രസര്‍ക്കാറില്‍ നിന്നുള്ള പ്രത്യേക വിഹിതത്തിന് പുറമെ മത്സ്യതൊഴിലാളികളില്‍ നിന്ന് വിഹിതവും വാങ്ങിയാണ് ഈ പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍, വിഹിതം വാങ്ങിയിട്ടും പണം പഞ്ഞമാസക്കാലത്ത് വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.