ഇതര സംസ്ഥാന കരകൗശല വസ്തുക്കളോട് പ്രിയമേറുന്നു

Tuesday 5 December 2017 2:09 am IST

കൊച്ചി: ബാംബൂ ഫെസ്റ്റിവലില്‍ ഇതര സംസ്ഥാനക്കാരുടെ കരവിരുതിന് അംഗീകാരം. ധാരാളം പൂക്കളും ബൊക്കെകളും വിറ്റഴിക്കാന്‍ കഴിഞ്ഞതായി മണിപ്പൂര്‍, ഛത്തിസ്ഗഢ്, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള കരകൗശല വിദഗ്ധര്‍.

ഭാഷയാണ് പലര്‍ക്കും പ്രശ്‌നം. പൂവുകളും സംഗീത ഉപകരണങ്ങളും തുണിത്തരങ്ങളും കൗതുകമുണര്‍ത്തുന്നുണ്ട്. കേരളത്തിന് പുറത്തുള്ള 59ഓളം കരകൗശല വിദഗ്ധരാണ് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഫ്രാന്‍സില്‍ നിന്നെത്തിയ കരകൗശല വിദഗ്ധര്‍ മുളയിലും മരത്തിലും കൊത്തിയെടുത്ത ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്ക് മേളയില്‍ നല്ല ഡിമാന്റാണ്.

അരുണാചലില്‍ നിന്നെത്തിയവര്‍ പ്രചാരം സിദ്ധിച്ച ഉടവാളാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരം വാളുകള്‍ വില്‍പ്പന നടത്തുന്നതില്‍ നിയമ തടസ്സമുണ്ടെന്ന് അധികാരികള്‍ അറിയിച്ചതായി ഇവര്‍ പറഞ്ഞു. കേരളത്തിലെ പരമ്പരാഗത കരകൗശലവസ്തുക്കള്‍ പലതും നവീനരീതിയില്‍ ആവിഷ്‌ക്കരിച്ചപ്പോള്‍ അവയ്ക്ക് ഈടും ഉറപ്പും വര്‍ദ്ധിച്ചതായി നിര്‍മ്മാതാക്കള്‍ പറയുന്നു.

മുളകൊണ്ടുള്ള ട്രേകളും പെന്‍ സ്‌ററാന്റും ടേബിള്‍ മാറ്റും കസേരകളും വര്‍ഷങ്ങളോളം കേടുകൂടാതെ നിലനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അഞ്ച് ദിവസമായി തുടരുന്ന മേള ഇന്ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.