ദീനരോദനത്തിന് ശമനമില്ല

Wednesday 6 December 2017 1:19 am IST

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ സംഹാര താണ്ഡവമാടിയ കടല്‍ പതിയെ ശാന്തമാകുന്നുണ്ടെങ്കിലും തീരത്തെ രോഷത്തിന് കുറവില്ല. പൂന്തുറയിലും വിഴിഞ്ഞത്തും ഉറ്റവരെ കാത്തിരിക്കുന്നവരുടെ ദീനരോധനം ദുരന്തം കഴിഞ്ഞ് അഞ്ചാം ദിനത്തിലും കെട്ടടങ്ങിയിട്ടില്ല. ഒരു ബോട്ടില്‍ പോയ അഞ്ചു പേരില്‍ നാലുപേര്‍ രക്ഷപ്പെട്ട് കരയ്‌ക്കെത്തി. ഇനിയും കണ്ടെത്താനാകാത്ത പൂന്തുറ സ്വദേശി പനിയടിമയുടെ ഭാര്യ ശാലിനി തന്റെ ഇളയ മകന്‍ പ്രശാന്തിനെ ഒക്കത്തിരുത്തി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്, കഴിഞ്ഞ നാലുദിവസമായി.
കന്യാകുമാരിയില്‍ നിന്നു കഴിഞ്ഞ 10നാണ് പനിയടിമ മത്സ്യബന്ധനത്തിനായി പോയത്. കാറ്റ് വീശിയടിച്ചപ്പോള്‍ പനിയടിമ ഉള്‍പ്പെടുന്ന ബോട്ട് കൊല്ലത്തായിരുന്നു. കാറ്റില്‍ ബോട്ട് മറിഞ്ഞു. നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ പനിയടിമയ്ക്ക് എന്ത് പറ്റിയെന്ന് കൂടെയുണ്ടായിരുന്നവര്‍ക്കും അറിയില്ല
തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് പൂന്തുറ സ്വദേശികള്‍ പറയുന്നു. അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പേ പോയ ബോട്ടുകള്‍ക്ക് മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ മുഖേന വിവരം നല്‍കുമായിരുന്നു. ഉറ്റവര്‍ക്കായി ക്യാമ്പില്‍ കാത്തിരിക്കുന്നവരില്‍ അധികവും ആഹാരം കഴിച്ചിട്ട് അഞ്ചു ദിവസമാകുന്നു. സര്‍ക്കാരും സന്നദ്ധ സംഘടനകളും ബിസ്‌ക്കറ്റും പഴവുമൊക്കെ നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളുടെ മക്കളെ കണ്ടെത്തിയാല്‍ മതിയെന്ന് അലമുറയിട്ട് നിലവിളിക്കുകയാണ് വൃദ്ധമാതാക്കള്‍
ഇതിനിടയില്‍ തിരയില്‍പ്പെട്ട് മരിച്ച ആരോഗ്യദാസിന്റെയും ലാസറിന്റെയും മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പൂന്തുറ സെന്റ് തോമസ് പള്ളി അങ്കണത്തില്‍ കൊണ്ടുവന്നത് ദുഖം ഇരട്ടിച്ചു. അന്ത്യ ശുശ്രൂഷകള്‍ നടക്കുന്നതിനിടയില്‍ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നവരുടെ തേങ്ങലുകള്‍ വീണ്ടും ഉച്ചത്തിലായി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ ഗതി വരുത്തരുതേ എന്ന് നെഞ്ചത്തടിച്ച് വിളിക്കുകയാണ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.