പുസ്തകങ്ങളുടെ ഉത്സവമേളം

Wednesday 6 December 2017 2:45 am IST

310 പ്രസാധകര്‍, 220 സ്റ്റാളുകള്‍, 12 ഭാഷകള്‍, പത്തുലക്ഷത്തോളം പുസ്തകങ്ങള്‍…..വിജ്ഞാനത്തിന്റെ വസന്തവും വായനയുടെ ആഘോഷവുമായി 21 വര്‍ഷങ്ങള്‍ പിന്നിടുകയാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം.

രാജ്യാന്തരതലത്തില്‍ പ്രശസ്തരായവര്‍ മുതല്‍ കേരളത്തിലെ ചെറിയ പ്രസാധകര്‍ വരെ ഒരുകുടക്കീഴില്‍. പെന്‍ഗ്വിന്‍ ബുക്ക്‌സ്, മാക്മില്ലന്‍, ജയ്‌കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹല്‍, എന്‍ബിടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയര്‍, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, സംസ്ഥാന സാഹിത്യ അക്കാദമി തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള വലിയനിര പ്രസാധകര്‍ അണിനിരക്കുന്ന മഹോത്സവം. പുസ്തകങ്ങളുടെ ഉത്സവമേളത്തിന്ആവേശവും ആരവവും ഒരുക്കി സാഹിത്യ സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രമുഖരുമെത്തുന്നു….

1997ലാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുസ്തകോത്സവം നടത്താന്‍ പദ്ധതിയിട്ടത്. കൊച്ചിയിലെ കുരുക്ഷേത്ര പ്രകാശന്റെ അമരക്കാരന്‍ ഇ.എന്‍.നന്ദകുമാര്‍ ചില പൗരപ്രമുഖരെയും കൂട്ടുപിടിച്ചായിരുന്നു ആദ്യപുസ്തകോത്സവം നടത്തിയത്. അന്‍പതില്‍ താഴെ പ്രസാധകരും പതിനായിരത്തോളം പുസ്തകങ്ങളും മാത്രമായിരുന്നു ആദ്യപുസ്തകോത്സവത്തിലുണ്ടായിരുന്നത്.

പുസ്തകോത്സവമെന്ന ആശയത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ കൊച്ചിയിലെ ജനങ്ങള്‍ ആദ്യം പുസ്തകോത്സവത്തിലേക്കെത്താന്‍ മടിച്ചു നിന്നു. പിന്നീട് പതുക്കെ, പതുക്കെ വായനയുടെ ഉത്സവ കാലത്തിനൊപ്പം കൊച്ചിയിലെ വായനക്കാരും കൂടുകയായിരുന്നു.

വായന മരിക്കുന്നു, പുസ്തകങ്ങള്‍ ഇല്ലാതാകുന്നു, ഡിജിറ്റല്‍ കാലത്ത് പുസ്തകങ്ങള്‍ തിരസ്‌കരിക്കപ്പെടും തുടങ്ങിയ ആശങ്കകള്‍ സജീവചര്‍ച്ചയായിരുന്ന കാലത്താണ് പുസ്തകോത്സവമെന്ന ആശയം കൊച്ചിയില്‍ സാക്ഷാത്കരിച്ചത്. കൊച്ചി ഇതിനെ സ്വീകരിക്കില്ലെന്നായിരുന്നു പലരും പറഞ്ഞത്.

കൊച്ചിയുടെ സംസ്‌കാരം അതിനു ചേര്‍ന്നതല്ലെന്നും ഒറ്റവര്‍ഷം കൊണ്ടുതന്നെ ഇത് അവസാനിപ്പിക്കേണ്ടിവരുമെന്നും പലരും പറഞ്ഞപ്പോഴും നന്ദകുമാറും കൂട്ടരും പതറിയില്ല. അവരില്‍ ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ഭാവിയില്‍ വലിയൊരു സംരംഭമായി ഇത് മാറുന്നത് അവര്‍ കണ്ടു. അഡ്വ.പി. ബാലഗംഗാധര മേനോന്‍, വി.ആര്‍ കൃഷ്ണയ്യര്‍, ഹെന്റ്രി ഓസ്റ്റിന്‍ തുടങ്ങി നിരവധി പ്രമുഖരും പുസ്തകോത്സവത്തിന്റെ ഊര്‍ജ്ജമായി.

നല്ല വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ കൊച്ചി പുസ്തകോത്സവത്തിനുണ്ടായിരുന്നതെങ്കിലും പിന്നീട് അത് മാറി. വിശാലചിന്തയിലേക്കും കാഴ്ചയിലേക്കും വായനക്കാരനെ നയിക്കാന്‍ പര്യാപ്തമായ മേളയായി പുസ്തകോത്സവത്തെ മാറ്റിയെടുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. 1997ല്‍ ആദ്യ പുസ്തകോത്സവം കാണാന്‍ അയ്യായിരത്തില്‍ താഴെമാത്രമാണ് ആളുകളെത്തിയതെങ്കില്‍ 21-ാം വര്‍ഷമാകുമ്പോള്‍ ലക്ഷക്കണക്കിന് വായനക്കാരും കാഴ്ചക്കാരുമെത്തുന്ന മഹാമേളയായി മാറി.

എല്ലാ വര്‍ഷവും ഡിസംബര്‍ 1 മുതല്‍ 10 വരെ കൊച്ചി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പുസ്തകോത്സവത്തിന് പ്രത്യേകതകളേറെയുണ്ട്. പിന്നിട്ടവഴിയില്‍ നഷ്ടത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകളും പറയാനുണ്ട്. എങ്കിലും മനസ്സിലെ ഉറച്ച വിശ്വാസമാണ് സംഘാടകരെ മുന്നോട്ടു നയിച്ചത്. ഇന്നിപ്പോള്‍ വായന മരിച്ചു, പുസ്തകങ്ങള്‍ ഇല്ലാതായി എന്നൊക്കെ പറയുന്നവരുടെ മുഖത്തു നോക്കി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടകര്‍ പറയുന്നു, ഇല്ല, വായനയെ മരിക്കാനും പുസ്തകത്തെ പടികടത്തിവിടാനും ഞങ്ങളനുവദിക്കില്ല….ഓരോ വര്‍ഷവും പുസ്തകോത്സവത്തിലെ വര്‍ധിച്ച വില്പനയും സന്ദര്‍ശിക്കുന്നവരുടെ എണ്ണവുമാണിതിന് സാക്ഷ്യപത്രം.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിക്കുന്നതിനു മുമ്പ് പുസ്തകം വില്‍ക്കാന്‍ ചില പ്രസാധകര്‍ പലയിടങ്ങളിലായി പുസ്തകച്ചന്തകള്‍ നടത്തിയിരുന്നു. എന്നാല്‍ ചന്തയില്‍ വില്‍ക്കപ്പെടേണ്ടതല്ല പുസ്തകം എന്നതായിരുന്നു പൊതുവെയുള്ള പക്ഷം. അങ്ങനെയാണ് പുസ്തകങ്ങളുടെ ഉത്സവം എന്ന ആശയം ഉണ്ടാകുന്നതെന്ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അധ്യക്ഷനും നാഷണല്‍ ബുക്ട്രസ്റ്റ് ഗവേണിംഗ് ബോഡി അംഗവുമായ ഇ.എന്‍.നന്ദകുമാര്‍ പറഞ്ഞു.

”പുസ്തകച്ചന്ത എന്നത് നിഷേധാത്മകചിന്തയാണ്. ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതുപോലെയല്ല പുസ്തകങ്ങള്‍ വില്‍ക്കേണ്ടത്. സാമൂഹ്യവും സാംസ്‌കാരികവുമായ പ്രാധാന്യം പുസ്തക ത്തിനുമുണ്ടാകണം. പുസ്തകങ്ങളുടെ ഒത്തുചേരലാണ് സംഘടിപ്പിക്കുന്നത്. നല്ല വായനക്കാര്‍ കൂടിയെത്തുന്നതോടെ അതൊരു മഹോത്സവമായി മാറുന്നു.”
ഓരോ വര്‍ഷം കഴിയുമ്പോഴും പുസ്തകോത്സവം വളരുകയായിരുന്നു. ആദ്യം കൊച്ചിയുടെ ഒരു മൈതാനത്ത് മാത്രം ഒതുങ്ങിനിന്നത് പിന്നീട് കൊച്ചിയുടെ തന്നെ മറ്റിടങ്ങളിലേക്ക് വളര്‍ന്നു. പുസ്തകോത്സവത്തിന്റെ ഭാഗമായി കലാപരിപാടികളും ചിത്രമെഴുത്ത് മത്സരങ്ങളും നടത്തപ്പെട്ടു.

ഓരോ വര്‍ഷവും നടത്തിപ്പില്‍ മാറ്റം വരുത്തി. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ പുസ്തകോത്സവം ആരംഭിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്. കുട്ടികള്‍ അവരുടെ പക്കലുള്ള പുസ്തകങ്ങള്‍ വിദ്യാലയത്തിലെ പ്രത്യേക ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിക്കുന്ന പുസ്തകങ്ങളില്‍ പത്തുശതമാനമെങ്കിലും കുട്ടി വായിച്ചിരിക്കണമെന്നു നിബന്ധന വച്ചു. കൂടുതല്‍ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വായിക്കുകയും ചെയ്യുന്ന കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കി. വിദ്യാലയങ്ങളിലെ വായനശാലകളെ പങ്കെടുപ്പിച്ചും ഇത്തരം പ്രദര്‍ശനങ്ങള്‍ നടത്തി. മികച്ച ലൈബ്രറിക്ക് കാഷ് അവാര്‍ഡ് നല്‍കി. വിദ്യാലയങ്ങളിലെ വായനശാലകളെ സജീവമാക്കാന്‍ പുസ്തകോത്സവസമിതിയുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമായതായി ഇ.എന്‍. നന്ദകുമാര്‍ പറയുന്നു.

”കേരളത്തിലെ നിരവധി വിദ്യാലയങ്ങളില്‍ സ്‌കൂള്‍ ലൈബ്രറികള്‍ തുറക്കാറില്ല. പുസ്തകങ്ങളും മറ്റ് സംവിധാനങ്ങളും സൗകര്യവുമുണ്ടെങ്കിലും ലൈബ്രറിക്ക് ചുമതലക്കാരനില്ലാത്തതാണ് അടച്ചിടാന്‍ കാരണം. ഏതെങ്കിലും അധ്യാപകന്‍ ലൈബ്രറി തുറന്ന് പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാല്‍ നഷ്ടപ്പെടുന്ന പുസ്തകങ്ങളുടെ പണം അധ്യാപകനില്‍ നിന്ന് ഈടാക്കും. ആരും ലൈബ്രറിയുടെ ചുമതല ഏറ്റെടുക്കാതായി. പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിക്ക് നിവേദനം നല്‍കുകയും മന്ത്രി ഇടപെട്ട് സ്‌കൂളുകളിലെ ലൈബ്രറിക്ക് ചുമതലക്കാരനെ നിയമിക്കുകയും ചെയ്തു.”

പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കുമെത്തുന്ന വിശിഷ്ടാതിഥികളെ ബൊക്കെ നല്‍കി സ്വീകരിക്കുന്നതിനു പകരം പുസ്തകം നല്‍കി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതും പുസ്തകോത്സവ സമിതിയാണ്. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുസ്തകം നല്‍കി സ്വീകരിച്ചത് അങ്ങനെയാണ്. പ്രധാനമന്ത്രി തന്നെ അതിനെ പിന്തുണച്ച് രംഗത്തെത്തി. ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ പല പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കും സ്വീകരിക്കാന്‍ നല്‍കുന്നത് പുസ്തകങ്ങളാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ പുസ്തകോത്സവത്തിനൊപ്പം കൊച്ചി സാഹിത്യോത്സവവും നടത്തപ്പെടുന്നു. അതിലൂടെ വായനയ്‌ക്കൊപ്പം സാഹിത്യചര്‍ച്ചകളുടെയും വേദിയാകുന്നു പുസ്തകോത്സവം. വ്യത്യസ്ത ഭാഷകളിലെഴുതുന്ന ഇരുനൂറോളം സാഹിത്യപ്രതിഭകളും രാഷ്ട്രീയ സാമൂഹ്യരംഗത്തുള്ളവരും സാഹിത്യോത്സവത്തിന്റെ ഭാഗമാകും. നെടുങ്കന്‍ പ്രസംഗങ്ങളും പക്ഷം ചേര്‍ന്ന ചര്‍ച്ചകളും ഇല്ലാതെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് ഇ.എന്‍.നന്ദകുമാര്‍ പറയുന്നു.

”എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ കിട്ടുന്നു എന്നതാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രത്യേകത. സാഹിത്യരംഗത്ത് നിലനില്‍ക്കുന്ന അയിത്തം ഈ പുസ്തകോത്സവത്തിനില്ല. ചെറിയ പ്രസാധകനെയും കോടികള്‍ വരുമാനമുണ്ടാക്കുന്ന ഭീമന്‍ പ്രസാധകനെയും ഒരുപോലെയാണ് കാണുന്നത്. വലിയവനും ചെറിയവനുമില്ല. പുസ്തകോത്സവത്തില്‍ എല്ലാവരും സമന്മാരാണ്. രാഷ്ട്രീയത്തിനും ലിംഗത്തിനും അതീതമായി എല്ലാവരുടെയും പങ്കാളിത്തവും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. ഓണ്‍ലുക്കര്‍ മാഗസിന്‍ പ്രധാനപ്പെട്ട ആറ് പുസ്തകോത്സവങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒന്ന് കൊച്ചിയിലേതായിരുന്നു. വരും വര്‍ഷങ്ങളില്‍ മറ്റ് ജില്ലകളില്‍ കൂടി പുസ്തകോത്സവങ്ങള്‍ സംഘടിപ്പിക്കും”

21-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയാണ്. കേന്ദ്രമന്ത്രിമാരുടെയും രാജ്യത്തിന് അകത്തും പുറത്തുമുള്ള വിഖ്യാത സാഹിത്യ പ്രതിഭകളുടെയും വലിയനിര ഇത്തവണ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. എഴുത്തുകാരെ കൂടാതെ വ്യത്യസ്തരായ കലാകാരന്മാരുടെ സംഗമവേദിയായും പുസ്തകോത്സവ നഗരി മാറുന്നു. ഈ മാസം പത്തിന് പുസ്തകോത്സവം അവസാനിച്ചു കഴിയുമ്പോഴും പുസ്തകങ്ങളുടെ മഹോത്സവം അവസാനിക്കില്ല. മഴയ്ക്കു ശേഷവും മരം പെയ്യുന്നതുപോലെ പുസ്തകങ്ങളുടെ മഹാമേളയുടെ അലകള്‍ ഉത്സവശേഷവും അലയടിച്ചുകൊണ്ടേയിരിക്കും….

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.