അദ്വൈതവേദാന്തത്തിന്റെ മാറ്റുരച്ച് ഹിമാലയ ഋഷിസംഗമം

Wednesday 6 December 2017 12:31 pm IST

തിരുവനന്തപുരം: അദ്വൈതവേദാന്തത്തിന്റെ മാറ്റുരച്ച് ഒരിക്കല്‍ കൂടി ശ്രീപദ്മനാഭന്റെ മണ്ണില്‍ ഹിമാലയ ഋഷിസംഗമം. ആറുനാള്‍ നീണ്ടുനില്‍ക്കുന്ന ആധ്യാത്മിക വിചാരസത്രത്തിനാണ് വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വേദിയാകുന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാധു ഗോപാലസ്വാമി ട്രസ്റ്റാണ് ഹിമാലയ ഋഷി സംഗമത്തിന്റെ സംഘാടകര്‍. നാലാമത് സംഗമമാണ് ഇക്കുറി അരങ്ങേറുന്നത്. ജ്ഞാനത്തിന് മാത്രം പ്രാധാന്യം നല്‍കിയാണ് സംഗമം ആവിഷ്‌കരിച്ചിരിക്കുന്നത്. സംഗമം ഡിസംബര്‍ 10 ന് സമാപിക്കും.
ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച അദ്വൈതചിന്താധാരയുടെ വെളിച്ചമാണ് ഹിമാലയ ഋഷിസംഗമത്തില്‍ പങ്കെടുക്കുന്ന തപസ്വികളായ സന്ന്യാസിവര്യന്മാര്‍ പകരുന്നത്. വിവിധ ആധ്യാത്മിക വിഷയങ്ങളെക്കുറിച്ച് ഈശം, കേനം, കഠം, മുണ്ഡകം എന്നീ ഉപനിഷത്തുക്കളെ ആധാരമാക്കിയാണ് പ്രഭാഷണം. ശ്രോതാക്കള്‍ക്ക് സംസ്‌കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ സംവദിക്കാം. എല്ലാ പ്രഭാഷണങ്ങളോടും അനുബന്ധിച്ച് സംശയനിവാരണത്തിന് അവസരമൊരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 6.15 ന് പ്രസ്ഥാനത്രയ പാരായണത്തോടെ സംഗമം ആരംഭിക്കും. 9.30 മുതല്‍ വിവിധ വിഷയങ്ങളില്‍ പരിണിതപ്രജ്ഞരും സത്യദര്‍ശികളുമായ ആചാര്യന്മാരുടെ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ ഭക്ഷണത്തിനുള്ള ഇടവേള. ഒന്നര മുതല്‍ 2.45 വരെ കലാസാംസ്‌കാരിക പരിപാടി. മൂന്നു മുതല്‍ ആറുവരെ വീണ്ടും പ്രഭാഷണം. വൈകിട്ട് 6ന് ആരതിക്കു ശേഷം പ്രസാദവിതരണവും ഉണ്ടായിരിക്കും.
ആരംഭദിനമായ ഇന്നലെ വേദമന്ത്രങ്ങള്‍ ചൊല്ലിയാണ് സംഗമത്തിന് തുടക്കം കുറിച്ചത്. ബ്രഹ്മമെന്ന ശാശ്വതസത്യത്തെ സാക്ഷാത്കരിക്കുന്നതിന്റെ മഹത്ത്വത്തെ കുറിച്ച് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ വിശദീകരിച്ചു. നാം കാണുന്ന ലോകം ഭ്രമമാണ്. എന്നാല്‍ ബ്രഹ്മമാകട്ടെ ആ മായാലോകത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന അചഞ്ചലമായ സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിദ്യയെ പരാജയപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് സ്വാമി നിഖിലാനന്ദസരസ്വതി സംസാരിച്ചത്. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും പുറകില്‍ നിലകൊള്ളുന്ന നിശ്ചലസാക്ഷിയായ പരമാത്മാവിനെക്കുറിച്ചാണ് സ്വാമി പരമാത്മഭാരതി പറഞ്ഞത്. ഉച്ചയൂണിന് ശേഷം കാത്തിയുടെ നൃത്തവും സംഗീതവും അരങ്ങേറി. തുടര്‍ന്ന് നടന്ന പ്രഭാഷണത്തില്‍ സംഭൂതിയെക്കുറിച്ചും അസംഭൂതിയെക്കുറിച്ചും ബ്രഹ്മഭൂതാനന്ദ സരസ്വതി വ്യക്തമാക്കി. ധ്യാനത്തിന്റെയും വിവിധ കര്‍മങ്ങളുടെയും ഫലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആത്മസാക്ഷാത്കാരത്തിന് പ്രാര്‍ഥന സഹായിക്കുന്നതിനെക്കുറിച്ച് സ്വാമി മേധാനന്ദ വിവരിച്ചു. മുണ്ഡകോപനിഷത്തിനെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരയ്ക്ക് സ്വാമി സര്‍വാനന്ദ തുടക്കം കുറിച്ചു.
സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീര്‍ഥ, സ്വാമി മുനിനാരായണ പ്രസാദ്, സ്വാമി പരമാനന്ദഭാരതി, സ്വാമി ബ്രഹ്മഭൂതാനന്ദ സരസ്വതി,

സ്വാമി മേധാനന്ദപുരി

, സ്വാമി ശര്‍വാനന്ദഗിരി, സ്വാമി അദ്വൈതാനന്ദസരസ്വതി, സ്വാമി അധ്യാത്മാനന്ദസരസ്വതി, സ്വാമി കാശിമുക്താനന്ദസരസ്വതി, സ്വാമി ശാരദാനന്ദസരസ്വതി, സ്വാമി തത്ത്വരൂപാനന്ദ, സ്വാമി ബ്രഹ്മാത്മതീര്‍ഥ, സ്വാമി നിഖിലാനന്ദസരസ്വതി, സാധ്വി ഉമാദേവി, ബ്രഹ്മചാരി വെങ്കടേശ്, രമേഷ്, ബ്രഹ്മചാരി ആദിനാഥ സ്വരൂപ് തുടങ്ങിയവരാണ് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുക. പ്രൊഫ വി. മധുസൂദനന്‍നായരുടെ കാവ്യാലപനവും ഡി. ബാബുപോളിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.
സംസ്‌കൃതിഭവന്‍ വളപ്പില്‍ വിവിധ പുസ്തകസ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ആധ്യാത്മിക ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരവും പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് രണ്ടുനേരം ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. സംഗമത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.