മാര്‍ക്‌സിസ്റ്റ് ഭീകരത വീണ്ടും; യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു ഗുരുതര പരുക്ക്

Wednesday 6 December 2017 1:00 am IST

പന്തളം: പന്തളത്ത് മാര്‍ക്‌സിസ്റ്റ് ഭീകരത വീണ്ടും. സിപിഎം കൊലയാളി സംഘത്തിന്റെ വെട്ടേറ്റ് യുവമോര്‍ച്ച പ്രവര്‍ത്തകനായ കുരമ്പാല മലയുടെ കിഴക്കേതില്‍ അഖില്‍ (22)ന്‌സാരമായി പരിക്കേറ്റു. കഴുത്തിനു വെട്ടേറ്റ് ഗുരുതരമായി പരുക്കുകളോടെ ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് ആക്രമണമുണ്ടായത്. മുടിവെട്ടിക്കുവാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ അഖിലിനെ മാരകായുധങ്ങളുമായെത്തിയ സിപിഎം അക്രമി സംഘം കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. വി.സി. എന്നറിയപ്പെടുന്ന കുരമ്പാല സ്വദേശികളായ പ്രദീപ്, അഖില്‍, കുരമ്പാല കുറ്റിപ്പാലവിളയില്‍ വിനീത്, വിശാല്‍ എന്നിവരുടെ നേതൃതത്വത്തിലുള്ള ഡിവൈഎഫ്‌ഐ ഗുണ്ടാസംഘമാണ് മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയത്. കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ചു അക്രമിസംഘത്തിലെ വിശാല്‍, അഖില്‍ എന്നിവര്‍ പോലീസ് കസ്റ്റഡിയിലായെങ്കിലും പ്രദീപും വിനീതുമുള്‍പ്പെടെയുള്ളവരെ പോലീസ് പിടികൂടിയിട്ടില്ല.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. മെഡിയ്ക്കല്‍ മിഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കുരമ്പാല ജംഗ്ഷനില്‍ സമാപിച്ചു. ബിജെപി കുരമ്പാല ഏരിയാ സെക്രട്ടറി ഗോളില്‍ സി, പന്തളം ഏരിയാ ജന. സെക്രട്ടറി അരുണ്‍കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്നു നടന്ന യോഗത്തില്‍ ബിജെപി കുരമ്പാല ഏരിയാ പ്രസിഡന്റ് കെ. രാജേന്ദ്രന്‍, യുവമോര്‍ച്ച നഗരസഭാ സമിതി പ്രസിഡന്റ് ശരത് കുമാര്‍ എസ് കര്‍ഷകമോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുരമ്പാലയിലും പരിസരപ്രദശങ്ങളിലുമായി അടുത്തകാലത്തായി സംഘപരിവാര്‍ സംഘടനകളിലേക്ക് സിപിഎംഅനുഭാവികളടക്കമുള്ളവര്‍എത്തിയത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രമായിരുന്ന കുരമ്പാലയില്‍ ഡിവിഷനുകളില്‍ ബിജെപിയാണു ജയിച്ചത്. ഇത് സിപിഎമ്മിനെ ഞെട്ടിച്ചു.
പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയാനായി, പാര്‍ട്ടിയുടെ പന്തളത്തെ സമുന്നത നേതാവായിരുന്ന ടി.എസ്. രാഘവന്‍പിള്ളയുടെ പേരിലുള്ള കുരമ്പാല ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ അക്രമം നടത്തുകയും, അക്രമം നടത്തിയത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.അതിനുപിന്നാലെ പരിവാര്‍ സംഘടനാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടന്നു. എന്നാല്‍ യാര്‍ത്ഥ സംഭവം പുറത്തറിയുകയും അക്രമത്തിനുപിന്നില്‍ സിപിഎംകാര്‍ എന്ന് വെളിവാകുകയുംചെയ്തു. ഇത് കൂടുതല്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും പാര്‍ട്ടിക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാംതടയിടാന്‍ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണ്‌സിപിഎം ചെയ്യുന്നത്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് യുവമോര്‍ച്ചയുടെ യുവജന പ്രതിരോധം, പന്തളത്തെ ചുവപ്പ് ജിഹാദികളുടെ ഉറക്കം കെടുത്തി എന്നുള്ളതിന്റെ തെളിവാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം എന്ന് യുവമോര്‍ച്ചാ ജില്ലാപ്രസിഡന്റ് സിബിസാംതോട്ടത്തില്‍ പറഞ്ഞു.
പന്തളത്ത് വലിയ ജന പങ്കാളിത്തതില്‍ നടന്ന യുവജന പരിപാടിയില്‍ അസ്വസ്തരായ സിപിഎം നേതൃത്യം ആണ് അക്രമങ്ങള്‍ക്ക് ചുക്കാന്‍ പടിക്കുന്നത്. യുവജന പ്രതിരോധത്തില്‍ പന്തളത്തെ ചുവപ്പ് ജിഹാദി കുട്ടുകെട്ട് തുറന്നു കാണിക്കാന്‍ യുവമോര്‍ച്ചക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.