ആരവങ്ങള്‍ക്ക് കാതോര്‍ക്കാതെ കേശുഭായ് പട്ടേല്‍

Tuesday 5 December 2017 3:13 pm IST

ദേശീയതയിലൂന്നിയ ബദല്‍ രാഷ്ട്രീയത്തിന് ജനസംഘം രൂപീകരിച്ചപ്പോള്‍ സൗരാഷ്ട്രയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി വിശ്വാസമേല്‍പ്പിച്ചത് ഒരു ഇരുപത്തിമൂന്നുകാരനെയായിരുന്നു. അദ്ദേഹത്തിന് തെറ്റിയില്ല, ജനസംഘത്തിന്റെ പിന്തുണയോടെ 1975ല്‍ മൊറാര്‍ജി ദേശായിയുടെ സംഘടനാ കോണ്‍ഗ്രസ് ഗുജറാത്തില്‍ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉരുക്കുകോട്ടകളിലൊന്നായി ഗുജറാത്തിനെ മാറ്റിമറിച്ചതില്‍ മുന്‍നിരയിലുള്ള ആ യുവാവിന്റെ പേര് കേശുഭായ് പട്ടേല്‍ എന്നായിരുന്നു.

ഗാന്ധിനഗറില്‍ രാജ്ഭവന് അധികം അകലെയല്ലാതെ വിശ്രമജീവിതത്തിലാണ് ഇപ്പോള്‍ കേശുഭായ്. ആറ് പതിറ്റാണ്ടിലേറെ സിംഹഭൂമിയുടെ രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പ് ചിത്രത്തിലില്ല. ഒരു കാലത്ത് വാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച കേശുഭായ് ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്കോളം വാര്‍ത്തയില്‍ പോലുമില്ല. 2014ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെച്ച് അദ്ദേഹം രാഷ്ട്രീയ വനവാസം തുടങ്ങി. മാധ്യമങ്ങളെയും നേതാക്കളെയും പൂര്‍ണമായി അകറ്റി നിര്‍ത്തി. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ അഭിമുഖത്തിനെത്തി നിരാശയോടെ മടങ്ങി. ”രാഷ്ട്രീയം സംസാരിക്കാന്‍ കേശുഭായ്ക്ക് താല്‍പര്യമില്ല. ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. കാണാന്‍ സാധിക്കില്ല”. സെക്രട്ടറി തീര്‍ത്തു പറഞ്ഞു.

അനിശ്ചിതത്വവും അസാധാരണത്വവും ഇഴചേര്‍ന്ന രാഷ്ട്രീയ ജീവിതമായിരുന്നു കേശുഭായ് പട്ടേലിന്റേത്. സാധാരണ പ്രവര്‍ത്തകനില്‍നിന്നും മുഖ്യമന്ത്രിയിലേക്കുയര്‍ന്ന നേതാവ്. ഏറ്റവും ഉയരത്തില്‍ നിന്നായിരുന്നു പതനത്തിന്റെ തുടക്കം. പാര്‍ട്ടിയേക്കാള്‍ വലുതെന്ന് സ്വയം തീരുമാനിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതം വര്‍ദ്ധിച്ചു. ആര്‍എസ്എസ് പ്രചാരകനായി പൊതുരംഗത്ത്. ഇന്ദിരയുടെ അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയില്‍വാസം. 1995ല്‍ ബിജെപിയുടെ ആദ്യ ഗുജറാത്ത് മുഖ്യമന്ത്രി. പിന്നീടങ്ങോട്ട് അധികാര രാഷ്ട്രീയത്തില്‍ നേരിട്ടത് പരീക്ഷണങ്ങളുടെ കാലം. ശങ്കര്‍സിങ്ങ് വഗേല കലാപക്കൊടിയുയര്‍ത്തിയപ്പോള്‍ ഏഴ് മാസത്തിനൊടുവില്‍ സുരേഷ് മേത്തയെ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാക്കി കസേര വിട്ടിറങ്ങി.

കേശുഭായ് പട്ടേലിന്റെ ഗാന്ധിനഗറിലെ വീട്

1996ല്‍ പാര്‍ട്ടി പിളര്‍ത്തി കോണ്‍ഗ്രസ് പിന്തുണയോടെ വഗേല മുഖ്യമന്ത്രിയായി. രണ്ട് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വീണു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയെങ്കിലും 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ കസേര ഇളകി. ദുരന്തനിവാരണത്തില്‍ പരാജയപ്പെട്ടതോടെ ദേശീയ നേതൃത്വം നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കി. മാതൃകാപരമായ പുനരധിവാസത്തിലൂടെ ഗുജറാത്ത് ഉയിര്‍ത്തെഴുന്നേറ്റു.

പുറത്തേക്ക്

2002ല്‍ എതിരില്ലാതെ രാജ്യസഭയിലെത്തിയെങ്കിലും കേശുഭായ് പാര്‍ട്ടിയോട് അകന്നുതുടങ്ങിയിരുന്നു. 2007ല്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കി. ആദ്യമായി വോട്ടു ചെയ്യാതിരുന്നു. എങ്കിലും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അനുഗ്രഹത്തിനായി മോദി ആദ്യമെത്തിയത് കേശുഭായ്ക്കടുത്തായിരുന്നു.

2012ല്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി (ജിപിപി) രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. കേശുഭായ് ഉള്‍പ്പെടെ രണ്ട് പേര്‍ വിജയിച്ചു. 2014ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനവും നിയമസഭാംഗത്വവും ഒഴിഞ്ഞു. ജിപിപി ബിജെപിയില്‍ ലയിച്ചു. സാങ്കേതികമായി പാര്‍ട്ടിയില്‍ തിരിച്ചെത്തിയില്ലെങ്കിലും കേശുഭായ് ബിജെപിക്കൊപ്പമാണെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

2019ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് അദ്ദേഹത്തിന്റെയും സ്വപ്‌നമാണ്. മകന്‍ ഭരത് പട്ടേല്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു. കടുത്ത വിമര്‍ശകനായപ്പോഴും ബിജെപി കേശുഭായിയെ അകറ്റിനിര്‍ത്തിയില്ല. ഗാന്ധിനഗറില്‍ എത്തുമ്പോഴൊക്കെ മോദി അദ്ദേഹത്തെ സന്ദര്‍ശിച്ചു. കഴിഞ്ഞ സപ്തംബറില്‍ മകന്‍ പ്രവീണ്‍ പട്ടേല്‍ മരിച്ചപ്പോഴും ആശ്വാസവാക്കുകളുമായി മോദിയെത്തി. കേശുഭായിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയാണ് മുഖ്യമന്ത്രി വിജയ് രൂപാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

കേശുഭായ് പട്ടേലും ഹാര്‍ദ്ദിക് പട്ടേലും

പട്ടേല്‍ വോട്ടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേല്‍ ഒരു സൂചനയാണ്. ബിജെപിയുടെയും പട്ടേല്‍ വിഭാഗത്തിന്റെയും മുഖമായിരുന്ന അദ്ദേഹത്തിന്റെ പിന്മാറ്റവും എതിര്‍പ്പും പാര്‍ട്ടിയെ തളര്‍ത്തിയില്ല. ജാതിസമവാക്യങ്ങള്‍ക്കപ്പുറത്താണ് ഗുജറാത്തില്‍ ബിജെപിയുടെ പിന്തുണ.

കേശുഭായ് പട്ടേലിനെ മാറ്റി മോദിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ പട്ടേല്‍ വികാരമുയര്‍ത്താന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിരുന്നെങ്കിലും വിലപ്പോയില്ല. രാഷ്ട്രീയത്തിലെ അതികായനായിരുന്ന കേശുഭായ് പട്ടേലിന് സാധിക്കാത്തത് ഏതാനും മാസത്തെ ജാതിസമരത്തിലൂടെ നാലാളറിഞ്ഞ ഹാര്‍ദ്ദിക് പട്ടേലിനാകുമെന്ന് ഗുജറാത്ത് വിശ്വാസിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.