കുറഞ്ഞിട്ടും കുറയാതെ മുന്തിരി വില

Wednesday 6 December 2017 2:30 am IST

പീരുമേട്: അതിര്‍ത്തിക്കപ്പുറം മുന്തിരിക്ക് വിലകുറഞ്ഞിട്ടും അതറിയാതെ കേരളത്തിലെ പഴം മാര്‍ക്കറ്റുകള്‍. തമിഴ്‌നാട് കമ്പത്ത് നിന്നുമാണ് ഏറ്റവും അധികം മുന്തിരി കേരളത്തിലെത്തുന്നത്. കിലോയ്ക്ക് 15 രൂപയാണ് ഗുണനിലവാരം കൂടിയ മുന്തിരിക്ക് തോട്ടങ്ങളിലെ വില.

ഇതിന്റെ മൂന്നിരട്ടിയിലധികം വില വാങ്ങുന്നതിനൊപ്പം ഗുണനിലവാരം കുറഞ്ഞ മുന്തിരിയാണ് കേരളത്തിലെ മിക്ക മാര്‍ക്കറ്റുകളിലും എത്തുന്നത്. തൊടുപുഴയിലെ മാര്‍ക്കറ്റില്‍ 50- 60 ഇടയിലാണ് രണ്ടാംതരം മുന്തിരിയുടെ വില. കുരുവില്ലാത്തതിന് 120 രൂപയും നല്‍കണം. അതിര്‍ത്തിക്ക് അടുത്ത് കിടക്കുന്ന വണ്ടിപ്പെരിയാറില്‍ 60 രൂപയ്ക്കാണ് വില്‍പ്പന.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വഴിയരികില്‍ നാലര കിലോയുടെ ഒരു പായ്ക്കറ്റ് വില്‍ക്കുന്നത് 100- 120 രൂപ വിലയ്ക്കാണ്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, കെ.കെ. പെട്ടി, ചുരുളിപെട്ടി, നാരായണ തേവര്‍പെട്ടി, ആനമലയന്‍പെട്ടി, പുതുപ്പെട്ടി എന്നീ സ്ഥലങ്ങളിലെ പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് മുന്തിരി കൃഷിയുള്ളത്. കഴിഞ്ഞ ആഴ്ച പെയ്ത മഴയെ തുടര്‍ന്നാണ് മുന്തിരിക്ക് വില ഇടിഞ്ഞത്. 25 രൂപയ്ക്ക് മുകളിലായിരുന്നു തോട്ടങ്ങളിലെ മുമ്പത്തെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.