അയോധ്യ: പുതിയ നിയമം വേണം

Wednesday 6 December 2017 2:45 am IST

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരുക്കിയിട്ടുള്ള ശിലകള്‍ (ക്ഷേത്ര മാതൃക ഇന്‍സെറ്റില്‍)

സൂര്യവംശരാജാക്കന്മാരുടെ തലസ്ഥാനമായ അയോധ്യയിലാണ് ഭഗവാന്‍ ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ശ്രീരാമനാണ് ഭാരതത്തിലെ ആദ്യത്തെ ദേശീയ രാജാവ്. ജാതി, വര്‍ണ, പ്രാദേശിക ചിന്തകള്‍ക്ക് മുകളിലായിരുന്നു ശ്രീരാമന്റെ സ്ഥാനം. അതുകൊണ്ടുതന്നെയാണ് മഹാകവി ഇഖ്ബാല്‍ ശ്രീരാമനെ ‘ഇമാം-ഇ-ഹിന്ദ്’ എന്ന് വിശേഷിപ്പിച്ചത്.

ശ്രീരാമന്‍ ജനിച്ച കൃത്യസ്ഥലം എല്ലാ ഹിന്ദുവിന്റെ മനസ്സിലും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ആ സ്ഥലത്തിന് അതുകൊണ്ടുതന്നെ പവിത്രതയുമുണ്ട്. 1528 മുതല്‍ 1992 ഡിസംബര്‍ 6 വരെ പ്രസ്തുത സ്ഥലത്ത് ഒരു മന്ദിരം നിലനിന്നിരുന്നു. 1528-ല്‍ വിദേശ ആക്രമണകാരിയായ ബാബറിന്റെ സൈനിക കമാന്‍ഡര്‍ മീര്‍ബഖി സ്ഥാപിച്ചതാണ് ഈ മന്ദിരം.

മീര്‍ ബഖി ഒരു ഷിയാ മുസ്ലിമായിരുന്നു. അതുകൊണ്ടുതന്നെ ഷിയാ വര്‍ഗക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമായിട്ടാണ് മീര്‍ ബഖി ഈ സ്ഥലം വിഭാവന ചെയ്തത്. പക്ഷേ സുന്നി വഖഫ് ബോര്‍ഡാണ് ഇപ്പോള്‍ ഈ സ്ഥലത്തിനുവേണ്ടി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ് 1961-ല്‍ മാത്രമാണ് ഭൂമിക്കുവേണ്ടിയുള്ള കേസില്‍ കക്ഷിചേരുന്നത്. തര്‍ക്കമന്ദിരം നിലനിന്നിരുന്ന ഭൂമിക്കുവേണ്ടി സുന്നി വഖഫ് ബോര്‍ഡ് ഉന്നയിച്ച അവകാശവാദം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് പ്രസ്തുത ഭൂമിക്കുവേണ്ടി സുന്നി വഖഫ് ബോര്‍ഡ് നല്‍കിയതാണ്. ‘ബാബറി മസ്ജിദ്’ പുനര്‍നിര്‍മിക്കണമെന്ന് മറ്റൊരു മുസ്ലിം സംഘടനയും ആവശ്യപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണമുണ്ട്. ഇസ്ലാമിക നിയമപ്രകാരം ഏതൊരു മസ്ജിദും പൊളിച്ചു മാറ്റാം. സുന്നി നിയമപ്രകാരം അയോദ്ധ്യയിലേത് യഥാര്‍ത്ഥ മസ്ജിദ് അല്ല. കാരണം മസ്ജിദുനു വേണ്ടുന്ന മിനാരങ്ങളും മറ്റും അയോധ്യയിലെ തര്‍ക്ക മന്ദിരത്തില്‍ ഉണ്ടായിരുന്നില്ല. ഈ ഭൂമിയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു എന്നതും, അത് രാമജന്മഭൂമി എന്ന ആരാധനാലയം ആയിരുന്നുവെന്നതും ചരിത്രരേഖകളും ആധുനിക ശാസ്ത്ര ഗവേഷണങ്ങളും തെളിയിക്കുന്നു.

സ്‌കന്ദപുരാണത്തിലെ പത്താം അധ്യായത്തില്‍ രാമജന്മഭൂമിയെക്കുറിച്ച് വിവരിച്ചിരിക്കുന്നു. വാല്മീകി രാമായണത്തിലും ഇത് അതിസുന്ദരമായി വര്‍ണിച്ചിട്ടുണ്ട്. മീര്‍ ബഖി, രാമജന്മഭൂമി ക്ഷേത്രം തകര്‍ക്കുന്നതിന് രണ്ട് ദശാബ്ദം മുന്‍പ് ഗുരുനാനാക്ക്, രാമജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചതായും ശ്രീരാമന്റെ അനുഗ്രഹം നേടിയതായും ചരിത്രം പറയുന്നു.

സിഖ് മതഗ്രന്ഥങ്ങളില്‍ ഗുരുനാനാക്കിന്റെ രാമജന്മഭൂമി ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ബാബര്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് ഗുരുനാനാക്ക്, ഗുരുഗ്രന്ഥ സാഹിബില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. അക്ബറിന്റെ ഭരണകാലത്ത് അബ്ദുള്‍ ഫസല്‍ രചിച്ച ‘ഐന്‍-ഇ-അക്ബരി’ എന്ന ഗ്രന്ഥത്തിലും അയോധ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.

1889-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ പത്താം അധ്യായത്തില്‍ അറുപത്തിയേഴാമത് പേജില്‍ പ്രാര്‍ത്ഥിച്ചിരുന്ന ക്ഷേത്രം തകര്‍ത്തതിനുശേഷം ‘തര്‍ക്ക മന്ദിരം’ നിര്‍മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാരതം വിദേശ ഭരണത്തിനുകീഴില്‍ ആയിരുന്നപ്പോഴും ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥാനമാണെന്ന് കരുതിയിരുന്നു. ഇത് സര്‍ക്കാര്‍ രേഖകളിലും കോടതി രേഖകളിലും വിശദമായും വ്യക്തമായും സൂചിപ്പിച്ചിട്ടുണ്ട്. 1885-ല്‍ മഹന്ത് രഘുബര്‍ ദാസ്, ഫൈസാബാദിലെ കോടതിയില്‍ ഇന്ത്യന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റിനെതിരെ നല്‍കിയ കേസില്‍ മസ്ജിദിനു പുറത്തുള്ള പന്തലില്‍ ശ്രീരാമ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. 1886-ല്‍ ഈ കേസ് തള്ളി.

പക്ഷേ ഈ വിധി ചരിത്രരേഖ കൂടിയാണ്. ഇംഗ്ലീഷുകാരനായ ന്യായാധിപന്‍ എന്താണെന്നോ പറഞ്ഞത്? ”ഹൈന്ദവര്‍ ആരാധിച്ചിരുന്ന ഭൂമി കയ്യേറി മസ്ജിദ് നിര്‍മിച്ചത് നിര്‍ഭാഗ്യകരമെന്നേ പറയാനാവൂ. പക്ഷേ ഇത് 358 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ പരിഹാര സമയം വൈകിപ്പോയിരിക്കുന്നു.” ഭാരതത്തിലെ വിവാദ വിഷയങ്ങളില്‍ ഒന്നുംതന്നെ ഇടപെടരുത് എന്ന ബ്രിട്ടീഷ് നയമായിരുന്നു ഈ വിധിയുടേയും പശ്ചാത്തലം. സതി ആചാരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും ബ്രിട്ടീഷ് ന്യായാധിപന്മാര്‍ തള്ളിക്കളയുകയായിരുന്നല്ലോ. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയോധ്യയില്‍ നടത്തിയ ശാസ്ത്രീയ പര്യവേഷണത്തില്‍ ‘ബാബറി മസ്ജിദ്’ നിലനിന്നിരുന്ന സ്ഥലത്തിനുതാഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രീയമായിതന്നെ തെളിഞ്ഞു. പര്യവേക്ഷണത്തില്‍ ലഭിച്ച ശിലാലിഖിതങ്ങളില്‍ ഈ ക്ഷേത്രം രാക്ഷസ രാജാവ് ദശാനനനെ വധിച്ച വിഷ്ണു ഹരിയുടെ ക്ഷേത്രമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

സുന്നി വഖഫ് ബോര്‍ഡ് ഈ രേഖകളോ തെളിവുകളോ അംഗീകരിക്കുന്നില്ല. അവരുടെ അംഗീകാരത്തിന് പ്രാധാന്യവുമില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 295 വകുപ്പ് പ്രകാരം ഒരു വിഭാഗം ജനങ്ങള്‍ ആരാധിച്ചുവരുന്ന മന്ദിരമോ പ്രദേശമോ തകര്‍ക്കുന്നത് രണ്ട് വര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നമ്മുടെ മുന്‍പിലുള്ള അടിസ്ഥാന ചോദ്യം ഇതാണ്. പരിശുദ്ധിയുടെ കാര്യത്തില്‍ ക്ഷേത്രത്തിനും മസ്ജിദിനും തുല്യ പരിഗണനയാണോ നല്‍കേണ്ടത്? നിലവിലുള്ള രണ്ട് കോടതിവിധികളുടെയും ഉത്തരം അല്ല എന്നുതന്നെയാണ്. ഇസ്ലാം മതത്തിന്റെ അവിഭാജ്യഘടകമല്ല മസ്ജിദ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായവും ഇതാണ്.
ഇസ്മായില്‍ ഫറൂഖി കേന്ദ്രസര്‍ക്കാരിനെതിരെ നല്‍കിയ കേസിലെ സുപ്രീംകോടതി വിധിയില്‍ ഇങ്ങനെ പറയുന്നു: ”ഇന്ത്യയില്‍ നിലവിലുള്ള ഇസ്ലാമിക നിയമപ്രകാരം ഒരു മസ്ജിദ് ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഘടകമല്ല. ഇസ്ലാം മതവിശ്വാസികള്‍ക്ക് നമാസിനു മസ്ജിദിന്റെ ആവശ്യമില്ല. തുറന്ന പ്രദേശത്തും നമാസ് നടത്താം. ഇന്ത്യന്‍ ഭരണഘടന പ്രകാരം ‘മസ്ജിദ്’ ഏറ്റെടുക്കുന്നതിന് ഒരു വിലക്കുമില്ല.” 1994-ലാണ് ഈ വിധി വന്നത്.

അതായത്, പൊതുജന സുരക്ഷ, പൊതുജനാരോഗ്യം, ധാര്‍മികത എന്നിവയുടെ പേരില്‍ ‘ബാബറി മസ്ജിദ്’ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് ഒരു വിലക്കുമില്ല. ഭരണഘടനയുടെ 25-ാം വകുപ്പ് ഇത് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ഇസ്ലാമിക നിയമവും സുവ്യക്തമാണ്. സൗദി അറേബ്യയില്‍ നിരത്തുകളും കെട്ടിടസമുച്ചയങ്ങളും നിര്‍മിക്കുന്നതിന് എത്രയോ മസ്ജിദുകളാണ് സര്‍ക്കാര്‍ പൊളിച്ചുമാറ്റുന്നത്. പ്രവാചകന്‍ മുഹമ്മദ് പ്രാര്‍ത്ഥിച്ചിരുന്ന മസ്ജിദുവരെ അധികാരികള്‍ പൊളിച്ചു.

അപ്പോള്‍ ക്ഷേത്രത്തിന്റെ കാര്യം എന്താണെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. നമ്മുടെ നിയമപ്രകാരം ക്ഷേത്രം മസ്ജിദിന് സമമാണോ? ഈ ലേഖകന്‍ കേന്ദ്ര നിയമമന്ത്രി ആയിരുന്ന കാലത്ത് (1990-91) ക്ഷേത്രങ്ങളെ സംബന്ധിച്ച് ഇങ്ങനെ ഒരു ചോദ്യം പരിഗണനയ്ക്കായി വന്നിരുന്നു. ഭാരതത്തില്‍നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയ ഒരു നടരാജവിഗ്രഹം ലണ്ടനില്‍ ലേലം ചെയ്തപ്പോഴായിരുന്നു പ്രസ്തുത വിവാദം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്‌ക്കെത്തിയത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1986-ല്‍ ഈ വിഗ്രഹം തിരികെ കിട്ടാന്‍ വേണ്ടി ബ്രിട്ടീഷ് കോടതിയില്‍ കേസ് കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിലേതായിരുന്നു ഈ വിഗ്രഹം.

1976-ല്‍ നിലമുഴുതുകൊണ്ടിരുന്ന രാമമൂര്‍ത്തി എന്ന കര്‍ഷകന് ലഭിച്ചതാണ് വിഗ്രഹം. വിഗ്രഹം ലഭിച്ച വാര്‍ത്ത പരന്നതോടെ പുരാവസ്തുക്കള്‍ കള്ളക്കടത്തു നടത്തുന്ന ഒരു സംഘം രാമമൂര്‍ത്തിയെ തേടിയെത്തി. അഹമ്മദ് ഹുസൈന്‍ എന്ന വ്യക്തിയായിരുന്നു ഈ സംഘത്തിന്റെ നേതാവ്. രാമമൂര്‍ത്തിക്ക് ഒരു ചെറിയ തുക നല്‍കി അവര്‍ വിഗ്രഹം ഇന്ത്യയില്‍നിന്നു കടത്തി ലണ്ടനില്‍ എത്തിച്ചു. 1982-ല്‍ അവരത് ലണ്ടനിലെ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കി. പ്രസ്തുത കമ്പനി വിഗ്രഹത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതിന് ബ്രിട്ടീഷ് മ്യൂസിയത്തെ സമീപിച്ചു.

ഇതിനെക്കുറിച്ച് അറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിക്കുകയും, ആവശ്യമായ നടപടികള്‍ എടുക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് നടരാജ വിഗ്രഹം പിടിച്ചെടുത്തു. പോലീസിനെതിരെ വിഗ്രഹം പിടിച്ചെടുത്തതിന് സ്വകാര്യ കമ്പനി കോടതിയെ സമീപിച്ചു. പക്ഷേ കോടതി അവരുടെ കേസ് തള്ളി. ഈ വിധിക്കെതിരെ സ്വകാര്യ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും 1989-ല്‍ അതും കോടതി തള്ളി. തുടര്‍ന്ന് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. 1991-ല്‍ ഞാന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് ബ്രിട്ടണിലെ സുപ്രീംകോടതി ഇതുസംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. ഇതൊരു ചരിത്രരേഖയാണ്.

ഭാരത സര്‍ക്കാരിന്റെ വാദം ബ്രിട്ടീഷ് സുപ്രീംകോടതി ശരിവച്ചു. പ്രാണപ്രതിഷ്ഠ നടത്തിയതിനുശേഷമാണ് വിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതെന്നും, അതോടെ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ആ വിഗ്രഹത്തിനാണെന്നും ആയിരുന്നു ഭാരതം കോടതിയില്‍ പറഞ്ഞത്. അതായത് പ്രസ്തുത ക്ഷേത്രത്തിന്റെ ഉടമസ്ഥന്‍ ഭഗവാന്‍ ശിവനാണ്. ഭഗവാനുവേണ്ടി ഏതൊരു ഹിന്ദുവിനും കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ഈ നിയമ നടപടിക്രമങ്ങളില്‍ ക്ഷേത്രത്തിന് ഭാഗഭാക്കാവാം. വിഗ്രഹം വീണ്ടെടുക്കാനുള്ള അപേക്ഷ നല്‍കാന്‍ ഏത് ഹൈന്ദവനും അധികാരമുണ്ട്. ഇതായിരുന്നു കോടതി വിധി.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, തഞ്ചാവൂരില്‍ കണ്ടെത്തിയത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ്. ‘ബാബറി മസ്ജിദ്’ നിലനിന്നിരുന്ന സ്ഥലത്തുനിന്നും കണ്ടെത്തിയതും രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ്. അതുകൊണ്ടുതന്നെ ഏത് ഹൈന്ദവനും രാമക്ഷേത്രത്തിന്റെ അവകാശത്തിനായി കോടതിയെ സമീപിക്കാം. പക്ഷേ ഇങ്ങനെയുള്ള ഒരു നിയമം മസ്ജിദിന് ബാധകമല്ല. പ്രാര്‍ത്ഥനാ സംവിധാനം മാത്രമുള്ള കേന്ദ്രമാണ് മസ്ജിദ്.
മസ്ജിദിന് ഇസ്ലാം മതത്തില്‍ അവിഭാജ്യ ഘടകമെന്ന സ്ഥാനമില്ല. മറ്റ് ഏത് അറബ് രാഷ്ട്രങ്ങളിലും ചെയ്യുന്നതുപോലെ മസ്ജിദ് പൊളിച്ചുമാറ്റുകയോ മറ്റൊരു സ്ഥലത്തേക്ക് മാറ്റിനിര്‍മിക്കുകയോ ചെയ്യാം. ഇതുതന്നെയാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ചെയ്തുവരുന്നത്.

ഇതില്‍നിന്നും ഒരുകാര്യം വ്യക്തമാണ്. രാമജന്മഭൂമിയില്‍ സ്ഥിതിചെയ്തിരുന്ന രാമക്ഷേത്രത്തിനുതന്നെയാണ് പ്രസ്തുത ഭൂമിയില്‍ ഏതൊരു മസ്ജിദിനെക്കാളും അവകാശം. അയോധ്യ തര്‍ക്കത്തിലെ അടിസ്ഥാനപരമായ സത്യവും ഇതുതന്നെയാണ്. കാശി വിശ്വനാഥ ക്ഷേത്രം, വൃന്ദാവന ക്ഷേത്രം തുടങ്ങിയ തര്‍ക്കവിഷയങ്ങളിലും ഈ മൗലികമായ സത്യം തന്നെയായിരിക്കും അവസാനം വിധിയുടെ അടിസ്ഥാനം.

മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാരിന് പൊതുവിജ്ഞാപനത്തിലൂടെ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഏറ്റെടുക്കാം. കൂടാതെ, മുസ്ലിം സമുദായത്തോട് സരയൂനദിക്കപ്പുറമുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മസ്ജിദ് മാറ്റി നിര്‍മിക്കാന്‍ ആവശ്യപ്പെടാം.

ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ. ഇപ്പോള്‍ത്തന്നെ അയോധ്യയിലെ എട്ട് മസ്ജിദുകള്‍ ആര്‍ക്കിയോളിജക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്. കാരണം ഈ മസ്ജിദുകളില്‍ ഒന്നുംതന്നെ നമാസിനായി ആരും എത്താറില്ല. പിന്നെ ഒമ്പതാമത്തെ മസ്ജിദില്‍ നമാസിനായി ആരെങ്കിലും എത്തും എന്നുള്ളതിന് എന്താണുറപ്പ്?

അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് രാമജന്മഭൂമിയുടെ മൂന്നിലൊരു ഭാഗം സുന്നി വഖഫ് ബോര്‍ഡിന് നല്‍കിയ വിധിയോട് ദേശവാസികള്‍ ആരുംതന്നെ യോജിക്കരുത്. ദൈവീകതയുടെ പേരിലായാലും ക്ഷേത്രവും മസ്ജിദും താരതമ്യം ചെയ്യാന്‍ ആവില്ല. ഇസ്ലാമിക നിയമപ്രകാരം മസ്ജിദ് എന്നാല്‍ പ്രാര്‍ത്ഥനയ്ക്കായുള്ള സങ്കേതം എന്നുമാത്രമാണ് അര്‍ത്ഥം. അതായത് എവിടെനിന്നു വേണമെങ്കിലും പ്രാര്‍ത്ഥിക്കാം.

ക്ഷേത്രങ്ങള്‍ തകര്‍ത്ത് മസ്ജിദും മറ്റു കെട്ടിടങ്ങളും നിര്‍മിക്കുന്നതിനെ ഹൈന്ദവര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ക്ക് പിന്‍വാതിലിലൂടെ നല്‍കുന്ന അംഗീകാരത്തേയും അനുവദിക്കാനാവില്ല. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയൊരു നിയമം കൊണ്ടുവരണം. അയോധ്യയിലെ ചില സ്ഥലങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള 1993-ലെ നിയമം ഭേദഗതി ചെയ്യണം. പ്രസിദ്ധമായ ഷബാനു കേസില്‍ നിയമം ഭേദഗതി ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്.

ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു നിര്‍മാണത്തിനും അനുമതി നല്‍കരുത്. അഫ്ഗാനിസ്ഥാനിലെ ബാബറിന്റെ ഉത്തരവ് പ്രകാരം ശ്രീരാമക്ഷേത്രം തകര്‍ത്ത നടപടിയെ ന്യായീകരിച്ച മതേതരവാദികളുടെ കൊടിയ പാപത്തിന് ഇതൊരു പരിഹാരം ആയിത്തീരട്ടെ. ഈ പള്ളിയുടെ പേരായ ‘ബാബറി’ ആരാണെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ബാബറിന്റെ പ്രണയഭാജനമായിരുന്ന, ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലനായിരുന്നു ബാബറി. കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

ഭരണഘടനയുടെ 25-ാം വകുപ്പ് പ്രകാരം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്ന റിട്ട് പെറ്റീഷനും മറ്റുള്ളവര്‍ സമര്‍പ്പിച്ചിരിക്കുന്ന സിവില്‍ പരാതികളും സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുകയാണ്. ഭഗവാന്‍ രാമന്‍ ജനിച്ചതായി പറയുന്ന സ്ഥലത്ത് ഹൈന്ദവ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഞാന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയും മറ്റ് അപേക്ഷകളും.

സ്വത്ത് കൈവശം വയ്ക്കുന്നതിനുള്ള അവകാശം അടിസ്ഥാനമാക്കിയുള്ളതാണ് സുന്നി വഖഫ് ബോര്‍ഡിന്റെ വാദം. പക്ഷേ അവരുടേത് കേവലം സാധാരണ ഗതിയിലുള്ള അവകാശം മാത്രമാണ്, മൗലികാവകാശം അല്ല. നിയമപ്രകാരം, സുന്നി വഖഫ് ബോര്‍ഡ് ഉന്നയിക്കുന്ന സ്വത്തവകാശത്തെക്കാള്‍ എന്തുകൊണ്ടും ഞാന്‍ ഉന്നയിക്കുന്ന അവകാശത്തിനാണ് പ്രാധാന്യവും മുന്‍തൂക്കവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.