നെടുമ്പാളില്‍ വെള്ളം കയറി നെല്‍കൃഷി നശിക്കുന്നു

Tuesday 5 December 2017 9:33 pm IST

പുതുക്കാട്: കരുവന്നൂര്‍ പുഴയില്‍ തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല, നെടുമ്പാള്‍ ധനുകുളം പാടശേഖരത്തില്‍ വെള്ളം കയറി 22 ഹെക്ടര്‍ നെല്‍കൃഷി നാശത്തിന്റെ വക്കില്‍.
കരുവന്നൂര്‍ പുഴയിലെ കണക്കന്‍കടവിലെ താമരവളയം ഭാഗത്തെ താത്ക്കാലിക തടയണയുടെ നിര്‍മ്മാണത്തിലെ അപാകതയാണ് പാടശേഖരത്തില്‍ വെള്ളം കയറി കൃഷി നശിക്കാന്‍ കാരണമാകുന്നത്. ഉയരത്തില്‍ തടയണ നിര്‍മ്മിക്കാതെ വന്നതോടെ കവിഞ്ഞൊഴുകിയ വെള്ളം കനാലിലൂടെ പാടശേഖരത്തിലേക്ക് കയറുകയായിരുന്നു.
ധനുകുളം വെസ്റ്റ് കര്‍ഷക സംഘത്തിന്റെ കീഴില്‍ അറുപതോളം കര്‍ഷകര്‍ ചേര്‍ന്ന് നടാന്‍ പാകമാക്കിയ ഞാറുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. കൃഷിക്ക് തയ്യാറാക്കിയ 22 ഹെക്ടര്‍ വരുന്ന പാടശേഖരത്തിലും വെള്ളം കയറിയ നിലയിലാണ്. ചിമ്മിനിഡാമില്‍ നിന്നും വെള്ളം തുറന്നു വിട്ടതും പാടശേഖരത്തിലേക്ക് കൂടുതല്‍ വെള്ളം കയറാന്‍ ഇടയാക്കി. തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ വെള്ളം കയറി ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ വര്‍ഷം വെള്ളം കയറാതിരിക്കാന്‍ തടയണ നിര്‍മ്മാണം നേരത്തെ പൂര്‍ത്തീകരിക്കുന്നതിനായി കര്‍ഷകര്‍ കൃഷിമന്ത്രിക്കും,ഇറിഗേഷന്‍ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.
രണ്ട് ദിവസമായി പാടത്തേക്ക് എത്തുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച് കളയാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. പാടശേഖരത്തിലേക്ക് എത്തുന്ന തോടുകളുടെ കഴകള്‍ മണ്‍ചാക്കുകളിട്ട് അടച്ചും കര്‍ഷകര്‍ വെള്ളത്തെ പ്രതിരോധിക്കുന്നുണ്ട്. തുടര്‍ ദിവസങ്ങളിലും പാടത്ത് വെള്ളം കയറുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാറ് ചീഞ്ഞ് പോകുമെന്ന സ്ഥിതിയിലാണ്. ഭൂരിഭാഗം കര്‍ഷകരും പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. പാടത്തെ വെള്ളം വറ്റിക്കുന്നതിനായി പമ്പ് സെറ്റ് വാടകക്കെടുത്തും തൊഴിലാളികളെ കൂലിക്ക് നിര്‍ത്തിയുമാണ് കര്‍ഷകര്‍ പാടുപെടുന്നത്.
അധികൃതര്‍ ഇടപെട്ട് തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൃഷി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.പറപ്പൂക്കര പഞ്ചായത്തംഗം പ്രശാന്ത്, കര്‍ഷക സംഘം സെക്രട്ടറി കെ.എ.അയ്യപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.