ആശങ്ക ഒഴിഞ്ഞില്ല 700 പേരെ കാത്ത് തീരം

Wednesday 6 December 2017 2:02 am IST

പള്ളുരുത്തി: കൊച്ചിയില്‍നിന്ന് പോയ 14 ബോട്ടുകള്‍ കൂടി ഇന്നലെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ തിരിച്ചെത്തി. 120 തൊഴിലാളികളും മടങ്ങിയെത്തി. ഗോഡ് ഗിഫ്റ്റ്, മനല്‍ മാതാ, ഹല്ലേലുയാ, മഹാ നന്ദന്‍, നോഹഷാര്‍ക്ക്, സാംസണ്‍ ഒന്ന്, സാംസണ്‍ രണ്ട്, ബതേല്‍, മഞ്ഞുമാതാഒന്ന്, മഞ്ഞുമാതാ രണ്ട്, മലയില്‍, ദൈവധനം, സെന്റ് മേരി, വര്‍ഷിണി എന്നീ ബോട്ടുകളാണ് ഇന്നലെ രാവിലെ തോപ്പുംപടി ഹാര്‍ബറില്‍ തിരികെയെത്തിയത്.
കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ ഇനി എഴുപതെണ്ണം കൂടി മടങ്ങിയെത്താനുണ്ട്. ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. എഴുപത് ബോട്ടുകളിലായി എഴുന്നൂറോളം തൊഴിലാളികളാണുള്ളത്. ഇവര്‍ മടങ്ങിയെത്താത്തത് തീരത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഹാര്‍ബറില്‍ മടങ്ങിയെത്തിയ ബോട്ടുകളുടെ എണ്ണം നാല്‍പ്പതായി. അതേസമയം കൊച്ചി കേന്ദ്രീകരിച്ച് രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെങ്കിലും തോപ്പുംപടി ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്ന് ലോങ്ങ് ലൈന്‍ ബോട്ട് ആന്റ് ബയിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു. തോപ്പുംപടി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ലെയ്‌സന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
ഹാര്‍ബറില്‍ നിന്ന് പോയ ഫൈബര്‍ വള്ളങ്ങള്‍ സംബന്ധിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടെ കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ അറബിക്കടലില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കണ്ടെത്തി. നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലില്‍ ഞാറയ്ക്കല്‍ പടിഞ്ഞാറ് ഭാഗത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇവയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ വൈകിട്ടോടെ എറണാ കുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.