വെള്ളിത്തിരയിലെ രാജകുമാരന്‍

Wednesday 6 December 2017 2:45 am IST

അഭ്രപാളിയിലെ പ്രണയരാജകുമാരന്‍ അരങ്ങൊഴിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിന്റെ നിറപ്പകിട്ടാര്‍ന്ന പ്രണയമുഖമായിരുന്നു ശശികപൂര്‍. വശ്യതയും ചാരുതയും ഒന്നുചേര്‍ന്ന ആ വ്യക്തിത്വം കപൂര്‍ കുടുംബത്തിന്റെ സ്വത്വമായ സ്‌നേഹത്തില്‍ കുതിര്‍ന്നതായിരുന്നു. അതുകൊണ്ടുതന്നെ ആരോടും അകലം പാലിക്കാത്ത രാജകുമാരനായി ശശികപൂര്‍ നിറഞ്ഞാടി. അതിന്റെ പൊലിമയില്‍ ബോളിവുഡിനുതന്നെ പ്രത്യേക മാനം കൈവരുകയും ചെയ്തു.

ഇന്ത്യന്‍ സിനിമയുടെ തലതൊട്ടപ്പന്‍മാര്‍ എന്നു വിശേഷിപ്പിക്കുന്ന കപൂര്‍ കുടുംബത്തിന്റെ എല്ലാ സവിശേഷതകളും ഉരുവംകൂടിയ വ്യക്തിയായിരുന്നു ശശികപൂര്‍ എന്നു വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടുമില്ലതന്നെ. അത്രമാത്രം താദാത്മ്യപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ അഭിനയവും ജീവിതവും സംസ്‌കാരവും.ഹിന്ദി സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ കൈയൊപ്പു ചാര്‍ത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചുഎന്നതു മാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത. നടനാവുമ്പോള്‍ നടനായി ജീവിക്കുക, സംവിധായകനാവുമ്പോള്‍ പ്രതിഭാധനനാവുക, നിര്‍മ്മാതാവാകുമ്പോള്‍  അങ്ങേയറ്റം കണിശക്കാരനാവുക എന്നതായിരുന്നു രീതി.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുമ്പില്‍ ആര്‍ക്കും ഒഴികഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടാനാവുമായിരുന്നില്ല. സമഗ്രമായ ജീവിതവീക്ഷണത്തോടൊപ്പം അനുതാപമാര്‍ന്ന നിലപാടും കൈക്കൊണ്ടിരുന്നു എന്നതാണ് എടുത്തുപറയേണ്ട സംഗതി. 1961 ല്‍ ധര്‍മപുത്രയിലൂടെ നായകനായി അരങ്ങേറിയ ശശികപൂര്‍ ദീവാര്‍, കഭീകഭി, നമക്ഹലാല്‍, ജബ്ജബ് ഫൂല്‍ഖിലേ എന്നീ സിനികള്‍ സൂപ്പര്‍ഹിറ്റാക്കി. പന്ത്രണ്ട് ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു.  ചലച്ചിത്ര മേഖലയിലെ സമര്‍പ്പണത്തിനുള്ള ആദരമെന്ന നിലയില്‍ പത്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ദൈവത്തിന്റെ സുന്ദര മനുഷ്യന്‍ എന്ന് ശ്യാം ബെനഗല്‍ ശശികപൂറിനെ വിശേഷിപ്പിക്കുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാവുന്നു. ഒരു ചരിത്രം ഇവിടെ അവസാനിക്കുകയാണ്. ബാലനടനായി 1948 ല്‍ അദ്ദേഹം രംഗത്തുവന്നതു മുതല്‍ ചലച്ചിത്രമെന്നത് അടക്കാനാവാത്ത അഭിവാഞ്ഛയായി കൊണ്ടുനടന്നു. ഏറ്റവും നല്ല ബാലനടനായി 1948 ല്‍ ‘ആഗ്’ ലും 1951 ല്‍ ‘ആവാര’ യിലും തിളങ്ങി.

തിയേറ്റര്‍ പ്രസ്ഥാനത്തിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഇതോടൊപ്പം വേറിട്ടു നില്‍ക്കുന്നു. ഏതു രംഗത്തും അതിന്റെ തനിമ അതേപോലെ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശശികപൂര്‍ കൈത്താങ്ങു നല്‍കിയിരുന്നത്. അതു മനസ്സില്‍വച്ചാവാം ശശികപൂറിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഹൃദയത്തില്‍ തട്ടുന്ന അനുശോചനം നടത്തിയിരിക്കുന്നത്.ബോളിവുഡിന്റെ സൗന്ദര്യവും ചാരുതയുമാണ് നഷ്ടമായിരിക്കുന്നതെന്ന വികാരം ആ മേഖലയിലുള്ളവര്‍ സ്മരിക്കുമ്പോള്‍ ശശികപൂര്‍ എത്രമാത്രം അവര്‍ക്ക് പ്രിയങ്കരനായിരുന്നുവെന്ന് വിലയിരുത്താനാവും. അദ്ദേഹം ഒരു പാക്കേജായിരുന്നു എന്നാണ് ബോളിവുഡ് അഭിപ്രായപ്പെടുന്നത്.

ഹാസ്യവും ചിന്തയും നിഷ്‌കളങ്കതയും പ്രണയവും പക്വതയും തുടങ്ങി എന്തും മിന്നിമറയുന്ന ആ അഭിനയ ചാതുര്യം ബോളിവുഡ് ഏറെ ആസ്വദിച്ചതാണ്. 160 സിനികളില്‍ ആ കലാകാരന്‍ നിറഞ്ഞുനിന്നതിന്റെ  കാരണവും മറ്റൊന്നല്ല. ‘കാലാപത്ഥര്‍’ എന്ന സിനിയില്‍ അമിതാബും ശശികപൂറും ഫ്രെയ്മുകളില്‍ അഭിനയ പോരാട്ടം നടത്തുന്നതിന്റെ ഓര്‍മകള്‍ ഇന്നും ചലച്ചിത്ര പ്രേമികളില്‍ പച്ചപിടിച്ചുകിടക്കുന്നുണ്ടാവും. ആ കലാകാരന്റെ അനശ്വരസ്മരണകളില്‍ ചലച്ചിത്രലോകം എന്നും ഹരിതാഭമായി നില്‍ക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.