സോഷ്യല്‍ മീഡിയയില്‍ താരമായി നിര്‍മ്മല സീതാരാമന്‍

Wednesday 6 December 2017 2:45 am IST

വിഴിഞ്ഞം: സ്വന്തം മുഖ്യമന്ത്രിയേയും തലസ്ഥാന ജില്ലയിലെ മന്ത്രിയേയും വകുപ്പ് മന്ത്രിയേയും കൈകാര്യംചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്ക് ധീരയായി കടന്നുവന്ന പ്രതിരോധമന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ ആദരവ്. കഴിഞ്ഞ ദിവസം തീരദേശ മേഖലകളില്‍ ആശ്വാസത്തിന്റെ കുളിര്‍കാറ്റായി ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

ബിജെപിയുടെ പ്രധാന വനിതാ മുഖം എന്ന രീതിയിലാണ് നിര്‍മ്മല സീതാരാമന്‍ പ്രതിരോധമന്ത്രിയായത്. എന്നാല്‍ പ്രതിരോധമന്ത്രി എന്നതിലുപരി ബിജെപി നേതാവ് എന്ന ചിത്രം തീരദേശ മേഖലയില്‍ സജീവമായി പ്രചരിപ്പിച്ചിരുന്നു. നാണംകെടുത്തി തിരിച്ചയയ്ക്കുക എന്ന ഗൂഢതന്ത്രമാണ് ചിലര്‍ പയറ്റിയത്.

രാഷ്ട്രീയം പൂര്‍ണ്ണമായും ഒഴിവാക്കിയ വാക്കുകള്‍ പ്രതിരോധമന്ത്രിയെ കൂടുതല്‍ സ്വീകാര്യയാക്കി. അവരുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈയടികളോടെയാണ് തീരദേശവാസികള്‍ സ്വീകരിച്ചത്. ദു:ഖം തളംകെട്ടിനിന്ന സ്ഥലത്ത് സ്വീകാര്യത നേടിയ നയതന്ത്രം തന്നെയാണ് പ്രതിരോധമന്ത്രി എന്ന നിലയിലെ അവരുടെ വിജയം എന്നാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. മുന്‍നിരയില്‍ നില്‍ക്കുന്ന എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും നിര്‍മ്മലയെ പ്രശംസിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിനെ പഴിചാരാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി മുതലെടുക്കുന്ന ടിവി ചാനലുകള്‍ പോലും പൂര്‍ണ്ണമായി മന്ത്രിയുടെ പ്രസംഗം സംേപ്രഷണം ചെയ്തു. കേരളത്തിന്റെ മന്ത്രിമാര്‍ക്ക് കടന്നു ചെല്ലാന്‍ പറ്റാത്തിടത്ത് കേന്ദ്ര മന്ത്രിക്ക് കടന്ന് ചെല്ലാന്‍ കഴിയുന്നതിന്റെ സ്വീകാര്യതയെ ഓര്‍മ്മിപ്പിക്കുന്നവരും കുറവല്ല. സാധാരണക്കാരോട് പെരുമാറുന്ന സിപിഎം, ബിജെപി നേതാക്കളുടെ വ്യത്യസ്തരീതി ഒരു സംസ്‌കാരത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കുന്നു ചിലര്‍. വിവിധ രാഷ്ട്രീയ സംഘടനകളില്‍പ്പെട്ടവരും നിര്‍മ്മല സീതാരാമന്‍ എന്ന ബിജെപി നേതാവിനെ അഭിനന്ദിക്കാന്‍ പിശുക്ക് കാട്ടിയില്ല.

വനിതാ മന്ത്രിയായ മേഴ്‌സിക്കുട്ടിയമ്മയെ അസഭ്യം പറഞ്ഞവര്‍ മലയാളം പോലുമറിയാത്ത ഒരു സ്ത്രീയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നത് കണ്ടുപഠിക്കേണ്ടതാണ് എന്നും ട്രോളുകള്‍ പ്രവഹിക്കുന്നു. ധിക്കാരത്തിന്റെ ആള്‍രൂപമായി മാറിയ മുഖ്യമന്ത്രി, കൈകൂപ്പിക്കൊണ്ട് വിനയത്തോടെ സംസാരിക്കുന്ന പ്രതിരോധമന്ത്രിയെ കണ്ട് വിനയം പഠിക്കണമെന്നും സോഷ്യല്‍ മീഡിയ ആവര്‍ത്തിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.