പി.വി അന്‍വറിനെതിരെ ലാന്‍‌ഡ് ബോര്‍ഡ് അന്വേഷണം

Wednesday 6 December 2017 3:07 pm IST

മലപ്പുറം: അനധികൃത ഭൂമി സമ്പാദനത്തില്‍ പി.വി അന്‍വര്‍ എം‌എല്‍‌എയ്ക്കെതിരെ ലാന്‍‌ഡ് ബോര്‍ഡ് അന്വേഷണം. ഭൂമിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് നാല് വില്ലേജ് ഓഫീസുകള്‍ക്ക് ലാന്‍‌ഡ് ബോര്‍ഡ് കത്ത് നല്‍കി. മലപ്പുറം ജില്ലയിലെ പെരകമണ്ണ, തൃക്കലങ്ങോട്, പെരങ്കമണ്ണ, ഓര്‍ങ്ങാട്ടിരി, കോഴിക്കോട്ടെ കൂടരഞ്ഞി എന്നീ വില്ലേജുകളിലാണ് അന്‍‌വര്‍ പരിധിക്കപ്പുറം ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്.

അനധികൃത ഭൂമി സംരക്ഷണത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നതിന് ഒപ്പമാണ് ലാന്‍ഡ് ബോര്‍ഡും പരിശോധന നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പി.വി അന്‍‌വറിനും നോട്ടീസ് നല്‍കും. എം‌എല്‍‌എയുടെ പേരില്‍ അനധികൃത ഭൂമി ഉണ്ടെന്ന് അറിഞ്ഞാല്‍ അത് ലാന്‍‌ഡ് ബോര്‍ഡിലേക്ക് വകയിരുത്തും. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പരിധിക്കപ്പുറം കാര്‍ഷികേതര ഭൂമിയുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.

കൂടരഞ്ഞിയിലെ കക്കാടം‌പൊയില്‍ പാര്‍ക്കിനായി വാങ്ങിയ ഭൂമി എം‌എല്‍‌എയുടെ രണ്ടാം ഭാര്യയുടെ പേരിള്‍ക്കൂടിയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വിവരം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും മറച്ച് വയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ പലയിടങ്ങളിലും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും കേരളത്തിന് പുറത്തും അനധികൃത ഭൂമിയുണ്ടെന്നും പരാതിക്കാരനായ മുരുകേഷ് ചൂണ്ടിക്കാട്ടുന്നു. ചീങ്കണ്ണിപ്പാലയിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട് എം‌എല്‍‌എയുടെ നിയമലംഘനം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

എം‌എല്‍‌എയുടെ നിയമലംഘനങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നിയമസഭാ സമിതിയില്‍ നിന്ന് അന്‍‌വറിനെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ക്ക് കത്ത് നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.