പ്രകൃതിക്ഷോഭം; ജില്ലയില്‍ 10 കോടി രൂപയുടെ നാശനഷ്ടം

Wednesday 6 December 2017 3:36 pm IST

കൊല്ലം: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലായി 10 കോടി രൂപയുടെ നാശനഷ്ടം. ഏറ്റവുമധികം ആഘാതം നേരിട്ടത് കാര്‍ഷികമേഖലക്കാണ്. പ്രാഥമിക കണക്കുകള്‍ പ്രകാരം 5,48,69,190 രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്.
വാഴ, മരച്ചീനി, പച്ചക്കറികള്‍, തെങ്ങ്, റബര്‍, നെല്ല് തുടങ്ങിയ കാര്‍ഷിക വിളകളെല്ലാം നശിച്ചു. അഞ്ചല്‍, വെട്ടിക്കവല, ചടയമംഗംലം, പുനലൂര്‍ ബ്ലോക്കുകളിലാണ് പ്രധാനമായും വിളനാശമുണ്ടായത്. രണ്ടാംവിള നെല്ലും പുഞ്ചയും ഉള്‍പ്പടെ 24 ഹെക്ടറില്‍ നാശനഷ്ടമുണ്ടായി. ആര്യങ്കാവ്, തെന്മല, അലയമണ്‍, കരവാളൂര്‍ മേഖലകളിലെ ടാപ്പിംഗ് നടത്തിയിരുന്ന ഒട്ടേറെ റബര്‍മരങ്ങള്‍ നശിച്ചു. കൃഷിവകുപ്പ് കണക്കെടുപ്പ് തുടരുകയാണ്. നഷ്ടത്തിന്റെ തോത് ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നാശനഷ്ടങ്ങളും അവലോകനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, സബ്കലക്ടര്‍ ഡോ.എസ്.ചിത്ര, എഡിഎം കെ.ആര്‍.മണികണ്ഠന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാബേഗം തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സ്യമേഖലയില്‍ 2,95,83,500 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. തീരദേശമേഖലയിലെ വീടുകള്‍ക്കും അപകടത്തില്‍പ്പെട്ട മത്സ്യബന്ധനബോട്ടുകള്‍, വള്ളങ്ങള്‍, മത്സ്യബന്ധന ഉപാധികള്‍ തുടങ്ങിയവയ്ക്ക് ഉണ്ടായ നാശനഷ്ടം ഉള്‍പ്പടെയാണിത്. ഇരവിപുരത്ത് മൂന്ന് വീടുകളും നീണ്ടകരയില്‍ ഒരു വീടും പൂര്‍ണ്ണമായും ആലപ്പാട് 70 വീടുകളും ഇരവിപുരത്ത് രണ്ട് വീടുകളും ഭാഗികമായും തകര്‍ന്നു. വൈദ്യുതിബോര്‍ഡ് 49,00,000 രൂപയുടേയും പൊതുമരാമത്ത്, ദേശീയപാത വിഭാഗങ്ങള്‍ 21,00,000 രൂപയുടെയും മൃഗസംരക്ഷണ മേഖലയില്‍ 2,36,000 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാമേധാവികള്‍ യോഗത്തില്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.