കല്ലേറില്‍ നിന്ന് കാല്‍പ്പന്തിലേക്ക്, ആ പെണ്‍കുട്ടി ഇപ്പോള്‍ കശ്മീര്‍ ടീം ക്യാപ്റ്റന്‍

Thursday 7 December 2017 2:47 am IST

ന്യൂദല്‍ഹി: ഒരിക്കല്‍ അവളെ വിശേഷിപ്പിച്ചത് കല്ലെറിയുന്ന പെണ്‍കുട്ടി എന്നാണ്, ഇന്ന് അവള്‍ ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ ടീമിന്റെ നായികയാണ്. ഒരിക്കല്‍ അവള്‍ സൈന്യത്തിനു നേരെ എറിഞ്ഞ കല്ലിന്റെ വേഗത്തില്‍ പാഞ്ഞടുക്കുന്ന പന്തുകള്‍ അവള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ തടഞ്ഞിരുന്നു. അഫ്ഷാന്‍ ആഷിഖ് എന്നാണ് അവളുടെ പേര്.

കഴിഞ്ഞ വര്‍ഷം അഫ്ഷാന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ എല്ലാദിവസവും കല്ലെറിയാന്‍ എത്തുന്നവരില്‍ ഒരാളായിരുന്നു അവള്‍. അന്ന് കോളേജിലേക്കുള്ള യാത്രക്കിടെ നിരവധി പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് ഓടിയെത്തി കല്ലെറിയുന്ന അഫ്ഷാന്റെ ചിത്രമാണ് കുപ്രസിദ്ധി നേടിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണുമ്പോള്‍ ഈ ഇരുപത്തിമൂന്നുകാരിയുടെ ജീവിതം മറ്റൊരു ഘട്ടത്തിലാണ്.

കല്ലേറുകാരി പെണ്‍കുട്ടി എന്ന വിശേഷണത്തില്‍ നിന്ന് എത്രയോ ദൂരെയാണ് അഫ്ഷാന്‍ ഇപ്പോള്‍. ദേശീയ വനിതാ ലീഗില്‍ കളിക്കാന്‍, അടുത്തിടെ മുംബൈയിലെ ഒരു ക്ലബ്ബുമായി കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. കല്ലേറില്‍ നിന്ന് കാല്‍പ്പന്തിലേക്കുള്ള അഫ്ഷാന്റെ ജീവിതത്തെക്കുറിച്ച് ബോളിവുഡില്‍ ഒരു സിനിമയ്ക്കുള്ള നീക്കം തുടങ്ങിയിരിക്കുന്നു എന്നാണ് മറ്റൊരു വാര്‍ത്ത.

കല്ലേറു ചിത്രങ്ങള്‍ പ്രചരിച്ച ദിവസങ്ങളിലൊന്നിലാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായുള്ള അഫ്ഷാന്റെ കൂടിക്കാഴ്ച. അതിനു മുന്നേ ഫുട്‌ബോളില്‍ കമ്പമുണ്ടായിരുന്നു. തന്റെ വീടിനടുത്തുള്ള പെണ്‍കുട്ടികളെ വിളിച്ചു കൂട്ടി പരിശീലിപ്പിക്കുമായിരുന്നു. ആറടിയിലേറെ പൊക്കമുള്ള അഫ്ഷാന്റെ കരങ്ങളില്‍ ജമ്മു കശ്മീര്‍ ഗോള്‍വല ഇപ്പോള്‍ സുരക്ഷിതം.
സംസ്ഥാനത്തിന്റെ 22 അംഗ ടീമിനൊപ്പമാണ് ക്യാപ്റ്റനും ഗോളിയുമായ അഷ്ഫാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.

എത്ര ക്ഷമാപൂര്‍വമാണ് അദ്ദേഹം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടത്, രാജ്‌നാഥുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഷ്ഫാന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രം കശ്മീല്‍ തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഞങ്ങളുടെ മുന്നിലിരുന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു. തിരിച്ചു ചെല്ലുമ്പോള്‍ ഞങ്ങളെ കാണണമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു, അഷ്ഫാന്‍ പറയുന്നു.

പഴയ കല്ലേറു സംഭവത്തെക്കുറിച്ചു ചോദിച്ചാല്‍, അതിന് തീവ്രവാദബന്ധമില്ല എന്നാണ് അഷ്ഫാന്റെ മറുപടി. അന്നു രാവിലെ കോളേജിലേക്കു പോകുമ്പോള്‍ കോളേജ് ടീമിലെ ഒരു പെണ്‍കുട്ടിയോട് ഒരു പോലീസുദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. അയാളോടുള്ള ദേഷ്യം തീര്‍ക്കാനാണ് കല്ലെറിഞ്ഞത്. എങ്ങിനെയോ അതിന് വലിയ പ്രചാരം കിട്ടി. അന്ന് അങ്ങിനെ ചെയ്തതില്‍ ഖേദമൊന്നുമില്ല.

മാത്രമല്ല എന്റെ ജീവിതം അതില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു. അഷ്ഫാന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഫുട്‌ബോളാണ് പ്രധാനം. ജമ്മു കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുന്ന തരത്തിലാവണം ഇനി ജീവിതം, അതിനാണ് അഷ്ഫാന്റെ ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.