സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തില്‍ ; എസ്ഡിപിഐ നേതാവ് രാജിവെച്ചു

Thursday 7 December 2017 2:45 am IST

കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാനസമിതി അംഗവും പോഷകസംഘടനയായ പ്രവാസിഫോറം കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.കെ. കുഞ്ഞമ്മദ്‌ഫൈസി രാജിവെച്ചു. എസ്ഡിപിഐയില്‍ ജനാധിപത്യം ഇല്ലെന്നും സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണെന്നും ഫൈസി ആരോപിച്ചു.

എസ്ഡിപിഐയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ കഴിയില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നാണ് പറയുന്നതെങ്കിലും അതല്ല സ്ഥിതി. ബ്രാഞ്ച് മുതല്‍ ദേശീയതലം വരെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതും പോപ്പുലര്‍ഫ്രണ്ട് മാത്രമാണ്. വര്‍ഗീയ തീവ്രവാദ പാര്‍ട്ടിയായി പൊതുസമൂഹം വീക്ഷിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ മാറ്റം വരുമെന്ന് ഒരു പ്രതീക്ഷയുമില്ല. വൈകാരികമായ പ്രശ്‌നങ്ങളിലാണ് പാര്‍ട്ടിക്ക് താല്‍പ്പര്യം. പല സ്ഥലങ്ങളിലും കരാട്ടെ-ആയുധ പരിശീലനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഫൈസി ആരോപിച്ചു.

കേരളത്തിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമായി എസ്ഡിപിഐ പ്രവര്‍ത്തനം ചുരുക്കണമെന്നും ബാക്കി സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം മതിയെന്നുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് എന്ന സംഘടനയില്‍ നിന്നാണ് പോപ്പുലര്‍ഫ്രണ്ട് ഉണ്ടാകുന്നത്. എന്‍ഡിഎഫ് എന്നത് നാദാപുരം ഡിഫന്‍സ് ഫ്രണ്ടാണോ എന്ന കാര്യം അറിയില്ല. ഇതിനു ശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചത്. മുവാറ്റുപുഴ കൈവെട്ട് കേസില്‍ പ്രാദേശിക വികാരം മാത്രമല്ല ഉള്ളത്. അങ്ങനെയെങ്കില്‍ അദ്ധ്യാപകനെ അക്രമിക്കുക മാത്രമായി ഒതുങ്ങുമായിരുന്നു.

എന്നാല്‍ അദ്ധ്യാപകന്റെ കൈവെട്ടിയതിലൂടെ അക്രമത്തിനു പിന്നില്‍ ആസൂത്രണമുണ്ടെന്നുള്ളത് വ്യക്തമാണ്. പാര്‍ട്ടിക്കുള്ളില്‍ പലരും പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഒരു കേഡര്‍ പാര്‍ട്ടിയുടെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെക്കുറിച്ചുള്ള ഭയമാണ് പലരും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരാതിരിക്കാന്‍ കാരണം- അദ്ദേഹം പറഞ്ഞു.

ഇമാം കൗണ്‍സിലിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഫൈസി. പാര്‍ട്ടി രൂപീകരിച്ചതിനുശേഷം പല പ്രധാന ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ കടുത്ത അഭിപ്രായ വ്യത്യാസമാണ് രാജിയിലൂടെ പുറത്തുവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.