ഗരുഡകോപം

Thursday 7 December 2017 2:45 am IST

‘എന്തേ, കാളിയന് ഗരുഡനോട് ഇങ്ങനെ പേടി തോന്നാന്‍ കാരണം?’ മുത്തശ്ശി ചോദിച്ചു.
‘അതോ?’ മുത്തശ്ശന്‍ ഒരു നറുചിരി ചുണ്ടില്‍ ചാലിച്ച് തുടര്‍ന്നു: അതിനുള്ള കാരണം തേടിച്ചെല്ലുന്ന നാം സത്യയുഗത്തില്‍ ചെന്നെത്തും. അക്കാലത്താണ്, ഉച്ചൈശ്രവസ്സിന്റെ വാലിന്റെ നിറത്തെച്ചൊല്ലി കശ്യപപത്‌നിമാരായ കദ്രുവും വിനതയും തമ്മില്‍ തര്‍ക്കമുണ്ടാവുന്നത്. അറിയാല്ലോ?. കദ്രു പറഞ്ഞു: ഉച്ചൈശ്രവസ്സിന്റെ വാല്‍ കറുത്തതാണെന്ന്. അല്ലെന്നു വിനത. തര്‍ക്കം പന്തയത്തിലെത്തി; തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാള്‍ക്ക് ദാസിയായി കഴിയണമെന്നായിരുന്നു പന്തയം. അടുത്തദിവസം പോയി നോക്കാമെന്നും പറഞ്ഞു.
‘വാസ്തവത്തില്‍, ഉച്ചൈശ്രവസ്സിന്റെ വാലിന്റെ നിറം, അതിന്റെ ശരീരത്തിന്റെ നിറംപോലെത്തന്നെ, വെളുപ്പായിരുന്നു, അല്ലേ?’
‘അതേല്ലോ’-
‘കദ്രുവിന് അതറിയാമായിരുന്നില്ലേ?’
‘ഇല്ലാ എന്നു പറയാനാവില്ല. പക്ഷേ, ഇവിടെ അവരെ നയിച്ചിരുന്നത് ഒരു മത്സരബുദ്ധിയാണെന്നു തോന്നുന്നു: എവ്വിധേനയും വിനതയെ തോല്‍പ്പിക്കുക. അതിനൊരു വഴി അവള്‍ മെനഞ്ഞെടുത്തു: തന്റെ പുത്രന്മാരായ നാഗങ്ങളോട് രോമംപോലെ ചെറിയ സ്വരൂപം സ്വീകരിച്ച് ഉച്ചൈശ്രവസ്സിന്റെ വാലില്‍ കടിച്ചുതൂങ്ങിക്കിടന്ന് അതിനെ കറുപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം വിനതയെ കൂട്ടി കദ്രു, കുതിരയെ കാണാന്‍ ചെന്നു; അകലെ നിന്നുനോക്കിയപ്പോള്‍, വാല്‍ കറുത്തതായി കണ്ടു.’
‘പാവം, വിനത, അല്ലേ?’
‘അതെ. കദ്രുവിന്റെ കുബുദ്ധിയില്‍ കുടുങ്ങി, പന്തയത്തില്‍ അവള്‍ തോറ്റു; നിശ്ചയച്ചതിന്‍ പടി വിനത കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു. അഞ്ഞൂറു സംവത്സരക്കാലം വിനത കദ്രുവിന്റെ ദാസിയായി കഴിച്ചുകൂട്ടി. പിന്നീടാണ് വിനതയുടെ പുത്രനായി ഗരുഡന്‍ ജനിച്ചത്. അമ്മയുടെ ദാസ്യം ഒഴിവായിക്കിട്ടാന്‍ എന്താണ് വേണ്ടതെന്ന് ഗരുഡന്‍ കദ്രുവിനോട് ചോദിച്ചു. കദ്രു, മക്കളായ നാഗങ്ങളുമായി കൂടിയാലോചിച്ചു; ദേവലോകത്തുനിന്നു അമൃത് കൊണ്ടുവന്നു തന്നാല്‍ ദാസ്യത്തില്‍നിന്നു മോചിപ്പിക്കാം എന്ന് അവര്‍ പറഞ്ഞു. ഗരുഡന്‍ അതിശക്തനല്ലേ? അദ്ദേഹം ദേവലോകത്തു ചെന്നു; ദേവന്മാരെ തോല്‍പ്പിച്ച് അമൃതകുംഭം നാഗങ്ങള്‍ക്കു കൊണ്ടുവന്നുകൊടുത്തു.
‘ഈ അമൃതകുംഭമല്ലേ, നാഗങ്ങളെ വഞ്ചിച്ച് ദേവേന്ദ്രന്‍ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയത്?’
‘അതെ. പക്ഷേ, ഗരുഡന്‍ വാക്കു പാലിച്ചില്ലോ. അതിനാല്‍ കദ്രുവിന് വിനതയെ ദാസ്യത്തില്‍നിന്നു മോചിപ്പിക്കേണ്ടിവന്നു. കഴിഞ്ഞ കഥകളെല്ലാം വിനത ഗരുഡനെ പറഞ്ഞു കേള്‍പ്പിച്ചു. കദ്രുവും പുത്രന്മാരും ചതിയിലൂടെയാണ് തന്റെ അമ്മയെ പന്തയത്തില്‍ തോല്‍പ്പിച്ചതെന്നറിഞ്ഞപ്പോള്‍ ഗരുഡനില്‍ പകയുടെ തീ ആളിക്കത്തി; കണ്ണില്‍പ്പെടുന്ന നാഗങ്ങളെയെല്ലാം ഗരുഡന്‍ കൊത്തിക്കൊല്ലാന്‍ തുടങ്ങി.
ഗരുഡകോപം തടയാന്‍ മാര്‍ഗമൊന്നും കാണാത്ത കദ്രു, ഒടുവില്‍ വിനതയോടു സങ്കടം പറഞ്ഞു: ഏടത്തീ, എന്റെ മക്കളെ വൈനതേയന്‍ നിഷ്‌കരുണം കൊന്നൊടുക്കുന്നു. ഇതുതുടര്‍ന്നാല്‍, അധികം താമസിയാതെ നാഗവംശം തന്നെ കുറ്റിയറ്റുപോവും. ഒരു കാര്യം ചെയ്യാം: മാസംതോറും അവരിലൊരാളെ ബലിയായി നല്‍കാം…
അക്കാര്യം വിനത ഗരുഡനോടു പറഞ്ഞു. അമ്മയെ ധിക്കരിക്കാനാവാത്തതിനാല്‍, വൈനതേയന്‍ അതു സമ്മതിച്ചു. അങ്ങനെ, ഓരോ അമാവാസി ദിവസവും ഓരോ സര്‍പ്പം ഗരുഡന് ആഹാരമായി നിശ്ചിത സ്ഥലത്തെത്താനും, ഗരുഡന്‍ കൊന്നു തിന്നാനും തുടങ്ങി.
അചിരേണ, കാളിയന്റെ ഊഴമെത്തി. വിഷവീര്യംകൊണ്ട് അഹങ്കാരിയായിരുന്ന കാളിയന്‍ ഗരുഡന് ആഹാരമായിത്തീരാന്‍ സമ്മതിച്ചില്ല. അവന്റെ ഗര്‍വ്വ് ഞാന്‍ ഇന്നോടെ തീര്‍ക്കും. അവനിനി നാഗബലിയേല്‍ക്കില്ല…
അതറിഞ്ഞ ഗരുഡന്‍, ക്രുദ്ധനായി കാളിയന്റെ സമീപത്തെത്തി. വിഷമാകുന്ന ആയുധത്തോടുകൂടിയ കാളിയന്‍ തന്റെ നേരേ വരുന്ന ഗരുഡനെ, ഉര്‍ത്തപ്പെട്ട അനേകം ഫണങ്ങളോടുകൂടിയവനായി വേഗം ചെന്നു തടുത്തു. മാത്രമല്ല, വിഷം വമിക്കുന്ന പല്ലുകള്‍കൊണ്ട് ഗരുഡനെ കടിക്കുവാന്‍ ശ്രമിച്ചു. ഭഗവാന്റെ വാഹനഭൂതനും ഉഗ്രപരാക്രമിയുമായ ഗരുഡന്‍, ഉഗ്രകോപിയായ കാളിയനെ തന്റെ ഇടത്തേ ചിറകുകൊണ്ട് ഒരടി വച്ചുകൊടുത്തു. നിസ്സാരതയെ കാണിക്കാനാണ് ഇടതു ചിറക് ചലിപ്പിച്ചത്.
പക്ഷേണ സവ്യേന ഹിരണ്യരോചിഷാ
ജഘാന കദ്രുസുതമുഗ്ര വിക്രമഃ
കാളിയന്റെ വീര്യമത്രയും പത്തിയൊതുക്കി. ഏറെ പരവശനായി, തോറ്റോടി, നേരെ കാളിന്ദിയില്‍ ചെന്നുപറ്റി.
‘അവിടേക്ക് ഗരുഡന്‍ ചെന്നില്ലേ!’
‘ഇല്ലാ. സൗഭരി മുനിനയുടെ ശാപംമൂലം ഗരുഡന് കാളിന്ദിയില്‍ പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു.’
‘സൗഭരി മുനിയെക്കുറിച്ചു കേട്ടിട്ടുണ്ടല്ലോ. രാജാമന്ധാതാവിന്റെ അമ്പതു പുത്രിമാരെ വേളികഴിച്ച മുനിയല്ലേ?’
‘അതെ. തന്റെ വംശവൃദ്ധിക്കായി ഒരു കുമാരിയെ തനിക്ക് വേളി കഴിച്ചുതരണമെന്നാണ് മുനി രാജാവിനോട് ആവശ്യപ്പെട്ടത്. വയോവൃദ്ധനായ മുനിയെ ജാമാതാവാക്കാന്‍ മനസ്സു വരാത്ത രാജാവ്, അങ്ങയെ ആഗ്രഹിക്കുന്നവളെ അങ്ങയ്ക്ക് വേളിയില്‍ നല്‍കാം-എന്നു വാക്കുകൊടുത്തു.
‘ഈ പടുകിഴവനെ ഒരു കുമാരിയും വരിക്കാന്‍ ആഗ്രഹിക്കയില്ലാ എന്ന് രാജാവ് കരുതി, അല്ലേ?’
‘അതെ. രാജാവിന്റെ മനസ്സ് വായിച്ചെടുത്ത മുനി എന്താണ് ചെയ്തത്? തന്റെ വാര്‍ധക്യരൂപം തപശ്ശക്തിയാല്‍ വെടിഞ്ഞ്, കോമളരൂപനായി കുമാരിമാരുടെ മുന്നിലെത്തി.’
‘അപ്പോഴോ?’
‘സൗഭരി മുനിയുടെ രൂപസൗഭഗത്തില്‍ മതിമയങ്ങിയ അമ്പതു കുമാരിമാരും അദ്ദേഹത്തെ വേള്‍ക്കാന്‍ തയ്യാറായി.’
‘എന്നിട്ട്, മുനി അവരെ അമ്പതുപേരെയും വേളികഴിച്ചോ?’
‘പിന്നില്ലാതെ. അവരെ അമ്പതുപേരെയും അദ്ദേഹം സംതൃപ്തരാക്കുകയും ചെയ്തു. അവസാനം മുനിയ്ക്ക് വിരക്തി വന്നു; അദ്ദേഹം എല്ലാം ഉപേക്ഷിച്ച്, തപസ്സിനിറങ്ങി. കാളിന്ദിയില്‍ മുങ്ങിക്കിടന്നായിരുന്നു അദ്ദേഹം തപസ്സനുഷ്ഠിച്ചത്. അക്കാലം, കാളിന്ദിയിലെ മത്സ്യങ്ങളോട് അദ്ദേഹത്തിനു മമത വളര്‍ന്നു. ഗരുഡന്റെ ഇഷ്ടഭോജ്യമായിരുന്നു കാളിന്ദിയിലെ മത്സ്യങ്ങള്‍. ഗരുഡന്‍ കൂടെക്കൂടെ കാളിന്ദിയിലെത്തി. മത്സ്യങ്ങളെ വെട്ടിവിഴുങ്ങുമായിരുന്നു. മത്സ്യങ്ങള്‍ മുനിയോട് സങ്കടം പറഞ്ഞപ്പോള്‍, മുനി പറഞ്ഞു: ഇനി വൈനതേയന്‍ ഇവിടെ കാളിന്ദിയിലെത്തി മത്സ്യങ്ങളെ ഭക്ഷിക്കയാണെങ്കില്‍, അതോടെ അന്ത്യം കാണും’-
അത്ര പ്രവിശ്യ ഗരുഡോ യദിമത്സ്യാന്‍ സുഖാദതി
സദ്യഃ പ്രാണൈര്‍ വിയുജ്യേത സത്യമേ തദ് ബ്രവീമ്യഹം…
‘ഈ കഥ കാളിയന് അറിയാമായിരുന്നു, അല്ലേ?’
‘ഉവ്വ്. അങ്ങനെയാണ് കാളിയന്‍ കാളിന്ദിയിലെത്തിയത്. പക്ഷേ, ഗരുഡനും അതറിഞ്ഞു. കാളിന്ദിവിട്ട് കാളിയന്‍ പുറത്തുവരികയാണെങ്കില്‍, അവനെ കൊന്നൊടുക്കാന്‍ തയ്യാറായി നില്‍പ്പായിരുന്നു വൈനതേയന്‍.’
‘അതുകൊണ്ടാണ് കാളിയന്‍ പറഞ്ഞത്: ഞാന്‍ ഇവിടം വിടുന്ന നിമിഷം എന്റെ അന്ത്യമാവും-എന്ന്, അല്ലേ?’
‘അതറിഞ്ഞുകൊണ്ടാണ് കൃഷ്ണന്‍ പറഞ്ഞത്: നീ എന്റെ ബന്ധുവാണെന്നു നീ പറയാതെ തന്നെ വൈനതേയന്‍ അറിയും. നിന്റെ ശിരസ്സില്‍ പതിഞ്ഞ എന്റെ കാല്‍പാടുകളില്ലേ? അതു കാണ്‍കേ, എന്റെ സ്വന്തമാണ് നീയെന്ന് വൈനതേയന്‍ തിരിച്ചറിയും. നീ നിര്‍ഭയം സ്വസ്ഥാനത്തേയ്ക്ക്, സകുടുംബം തിരിച്ചുകൊള്ളുക.’

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.