ആത്മതത്ത്വമറിയുന്നവന്‍ ഭാഗ്യവാന്‍

Thursday 7 December 2017 2:45 am IST

അറിവ് നേടാത്തവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഇനി പറയുന്നു.അവിദ്യായാമന്തരേ വര്‍ത്തമാനാഃസ്വയം ധീരാഃ പണ്ഡിതം മന്യമാനാഃദന്ദമ്യമാണോഃ പരിയന്തിമൂഢാഅന്ധേനൈവ നീയമാനാ യഥാന്ധാഃഅറിവില്ലായ്മയില്‍ കഴിയുന്നവരും സ്വയം ബുദ്ധിമാന്മാര്‍ എന്നും പണ്ഡിതന്മാരെന്നും അഭിമാനിക്കുന്നവരുമായ മൂഢന്മാര്‍ അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെപ്പോലെ ഗതിയില്ലാതെ അങ്ങുമിങ്ങും അലഞ്ഞുതിരിയും. അറിവില്ലാത്തവരും അല്‍പജ്ഞരും തങ്ങള്‍ വലിയ അറിവുള്ളവരാണെന്ന് കരുതി നടക്കുന്നത് സാധാരണയാണ്.

അഹങ്കാരംകൊണ്ട് സര്‍വജ്ഞരാണെന്ന് വിചാരിക്കുന്ന ഇവര്‍ ജീവിത ലക്ഷ്യത്തെപ്പറ്റി ചിന്തിക്കാതെ ലൗകിക സുഖഭോഗങ്ങളില്‍ ഭ്രമിച്ച് ദുരിതമനുഭവിക്കുന്നു. നിരന്തരം മാറ്റത്തിന് വിധേയമായ ഈ സംസാരത്തില്‍ ജനനവും മരണവുമായി ഇവര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കുരുടനായ ഒരാള്‍ കുരുടന്മാരായ മറ്റുള്ളവര്‍ക്ക് വഴി കാണിക്കുംപോലെയാണ് ഇത്. അപകടത്തില്‍ ചെന്ന് ചാടും. ജനനമരണരോഗാദി ദുഃഖങ്ങളെ അനുഭവിച്ച് ചുറ്റിത്തിരിയേണ്ടിവരും. ഈ സംസാരത്തില്‍ സ്വയം പണ്ഡിതന്മാരെന്ന് കരുതുന്നവര്‍ക്ക് ഒരിക്കലും അറിവുള്ളവരെ സമീപിക്കാനോ അവരുടെ ഉപദേശം ചെവിക്കൊള്ളാനോ അതനുസരിച്ച് ജീവിക്കാനോ കഴിയില്ല.

ഈ മന്ത്രം മുണ്ഡകോപനിഷത്തിലുമുണ്ട്. ദന്ദ്രമ്യമാണാഃ എന്നത് ജംഘഗ്യമാനാഃ എന്നാണ് അവിടെ.നസാംപരായഃ പ്രതിഭാതിബാലംപ്രമാദ്യന്തം വിത്തമോഹേന മൂഢംഅയം ലോകോ നാസ്തി പര ഇതി മാനീപുനഃ പുനര്‍വശമാപദ്യതേ മേധനത്തിലുള്ള അത്യാഗ്രഹത്താല്‍ മൂഢനും ജീവിതലക്ഷ്യം മറന്നവനുമായ അജ്ഞന് പരലോകജീവിതമോ അതിന് അനുഷ്ഠിക്കേണ്ട സാധനകളോ അറിയില്ല. ഈ ലോകമാണ് സത്യമെന്നും ഇതിനപ്പുറമില്ലെന്നുമൊക്കെ കരുതുന്നവര്‍ക്ക്- തെറ്റിദ്ധരിച്ച് കഴിയുന്നവര്‍ക്ക് വീണ്ടും വീണ്ടും തന്റെ അധീനതയില്‍   എത്തേണ്ടിവരുമെന്ന് യമന്‍ പറയുന്നു. ജനനമരണ പ്രവാഹത്തില്‍ അകപ്പെട്ടുപോകുന്നു. വീണ്ടും വീണ്ടും ജനിച്ച് മരിക്കുന്നു. മരിച്ച് ജനിക്കുന്നു. ഇന്ദ്രിയവിഷയമായ ഈ ലോകം മാത്രമേയുള്ളൂവെന്നും അതില്‍ നിന്ന് വേറെയായി ഒരു ആത്മാവില്ലെന്നും ആത്മാവിന് എത്തേണ്ട സ്ഥാനമില്ലെന്നു വിചാരിക്കുന്നവരുമാണ് ഇവര്‍.

പരലോകമില്ലെന്നതുള്‍പ്പെടെ നാസ്തികവാദങ്ങള്‍ നമുക്ക് ലക്ഷ്യപ്രാപ്തിയ്ക്ക് സഹായിക്കാത്തവയും ദോഷകരവുമാണ്. വിഷയാസക്തരും പ്രത്യക്ഷത്തെ മാത്രം പ്രമാണമായി സ്വീകരിക്കുന്ന യുക്തിവാദികളുമായ മൂഢരുടെ നിസ്സാരതയെ നിന്ദിക്കുകയാണിവിടെ.സാംപരായഃ എന്നതിന് പരലോക പ്രാപ്തിയുള്ള സാധന എന്നര്‍ത്ഥം-പരത്തില്‍ സമ്യക്കായി അയം ചെയ്യുന്നത് (എത്തിക്കുന്നത്) പരം എന്നാല്‍ പില്‍ക്കാലം. ശരീരപതനത്തിനുശേഷം. ഭൗതിക സുഖഭോഗങ്ങളില്‍ ഭ്രമിച്ച് ഇതുമാണ് ശരി എന്നു കരുതുന്നവര്‍ക്ക് മേല്‍ഗതി ഉണ്ടാകില്ലെന്ന് തീര്‍ത്തു പറയുകയാണ് യമധര്‍മ്മന്‍. ആത്മതത്ത്വത്തെ അറിയുന്നവരുടെയും അതിനായി പ്രയത്‌നം ചെയ്യുന്നവരുടെയും ദുര്‍ലഭതയെക്കുറിച്ചും ആശ്ചര്യതയെപ്പറ്റിയും യമന്‍ വിശദീകരിക്കുന്നു.ശ്രവണായാപി ബഹുഭിര്‍യോ നലഭ്യഃശൃണ്വന്തോളപി ബഹവോ യം നാ വിദ്യുഃആശ്ചര്യോ വക്താ കുശലോളസ്യ ലബ്ധാആശ്ചര്യോ ജ്ഞാതാ കുശലാനധിഷ്ഠഃആത്മതത്ത്വത്തെ വളരെയധികം ആളുകള്‍ക്കും കേള്‍ക്കാന്‍പോലും പറ്റുന്നില്ല. കേള്‍ക്കുന്നവരില്‍ വളരെ പേര്‍ക്ക് മനസ്സിലാകുന്നുമില്ല.

ആത്മാവിനെപ്പറ്റി ഉപദേശിക്കുന്നയാളോ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നയാളോ അദ്ഭുതമാണ്. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇതൊക്കെ കഴിയുന്നുള്ളൂ. അത്രയ്ക്ക് ദുര്‍ലഭമാണിത്.എന്തുകൊണ്ടാണ് മരണത്തിനുശേഷം ആത്മാവില്ലെന്ന് ചിലര്‍ പറയുന്നത് എന്ന ചോദ്യത്തിന് ഇവിടെ വ്യക്തമായി മറുപടി പറയുന്നു. ആത്മാവിനെക്കുറിച്ച് കേള്‍ക്കാനോ കേട്ടാല്‍തന്നെ അറിയാനോ കഴിയുന്നവര്‍ വളരെ കുറവാണ്. ആയിരങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അദ്ഭുത വസ്തുക്കളെപ്പോലെ അത്രയും ദാരിദ്ര്യം അറിയാനോ കേള്‍ക്കാനോ കഴിയാത്തതുകൊണ്ടാണ് ഇക്കൂട്ടര്‍ ആരുമില്ലെന്ന് പറയുന്നത്. നചികേതസ്സിനെപ്പോലെ ശ്രേയസ്സിനെ ആഗ്രഹിക്കുന്നവര്‍ നന്നേ കുറവ്. പലര്‍ക്കും കേള്‍ക്കുവാനുള്ള യോഗ്യതയോ ഭാഗ്യമോ ഇല്ല. ആത്മസംസ്‌കാരമില്ലാത്ത ചിലര്‍ക്ക് കേട്ടാലും ആത്മതത്ത്വത്തെ അറിയാന്‍ കഴിയുന്നില്ല. ഇതിനെ ഉപദേശിച്ചുതരാന്‍ കഴിയുന്നയാള്‍ തന്നെ ഒരു ആശ്ചര്യമാണ്. കേട്ടു മനസ്സിലാക്കുന്നയാളും ആശ്ചര്യം തന്നെ. ആത്മവിദ്യ വേണ്ടപോലെ ഉപദേശിക്കാന്‍ കഴിയുന്ന ആചാര്യനും നന്നായി മനസ്സിലാക്കുന്ന ശിഷ്യരും അപൂര്‍വമാണ്. ആത്മജ്ഞാനത്തില്‍ തല്‍പ്പരരായവരില്‍ തന്നെ വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഈ തത്വം അറിയാനുള്ള ഭാഗ്യം ഉണ്ടാവൂ. അത്രയേറെ ദുര്‍ലഭവും മഹത്വവുമാണ് ആത്മവിദ്യ.

അവനവനെക്കുറിച്ചുള്ള അറിവിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് യമധര്‍മ്മന്‍ ഇവിടെ വ്യക്തമാക്കുന്നു. അതിന്റെ ഗഹനതയും ഗാംഭീര്യവും വേണ്ടപോലെ പ്രയത്‌നം ചെയ്യുന്നവര്‍ക്കും തല്‍പ്പരരായവര്‍ക്കും സുകൃതംകൊണ്ടേ കിട്ടൂ എന്ന് ധരിക്കണം.ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുകയാണെങ്കില്‍ ഈ പത്രം വായിക്കുന്നവര്‍ എത്രയോ പേരുണ്ടാകും. ആ അനേകായിരങ്ങളില്‍ എത്രപേര്‍ സംസ്‌കൃതി പേജ് വായിക്കുന്നുണ്ടാകും. അതില്‍ എത്ര പേര്‍ അത് ഗൗരവപൂര്‍വ്വം വായിക്കും. അതില്‍ എത്രപേര്‍ക്ക് ഉപനിഷദ് ്‌ലേഖനം മനസ്സിലാകും. അവരില്‍ എത്ര പേരുണ്ടാകും ഉപനിഷത്തിലെ തത്വത്തെ ശരിക്കും ഗ്രഹിക്കുന്നവര്‍. അതിലും വളരെ കുറവായിരിക്കും ആ അറിവിനെ അനുഭവമാക്കുന്നവര്‍. ആശ്ചര്യമല്ലാതെ എന്തു പറയാന്‍…. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.