പശു പാല്‍ തരും, ഗുജറാത്തില്‍ വോട്ടും

Thursday 7 December 2017 4:59 am IST

ഗിര്‍ ഇനത്തില്‍പ്പെട്ട പശുക്കളോടൊപ്പം ജിഗ്നേഷ് ഭായ് പര്‍മാറും അമിത് ഭായ് പട്ടേലും

ജിഗ്നേഷ് ഭായ് പര്‍മാറും അമിത് ഭായ് പട്ടേലും ഉറ്റസുഹൃത്തുക്കളാണ്. സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പശുവളര്‍ത്തല്‍ തൊഴിലാക്കാന്‍ ഇരുവരും ഒരുമിച്ചാണ് തീരുമാനിച്ചത്. മൊഡാസയെന്ന കൊച്ചുപട്ടണത്തിന് ഏതാനും കിലോമീറ്ററകലെ വഴിയോരത്ത് ഈ ചെറുപ്പക്കാരുടെ ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത പശുത്തൊഴുത്ത് കാണാം. പാല്‍ചുരത്തുന്ന പന്ത്രണ്ട് പശുക്കള്‍. എട്ടോളം കിടാവുകള്‍ ഓടിക്കളിക്കുന്നു. മഴ പെയ്തതിനാല്‍ ചാണകവും മണ്ണും കൂടിക്കുഴഞ്ഞ ഗന്ധം.

ഗുജറാത്തിന്റെ തനത് ഇനമായ ഗിറും സങ്കര ഇനം പശുക്കളുമാണ് തൊഴുത്തിലുള്ളത്. ഗിര്‍ പശുവിന്റെ പാലിന് കാശ് കൂടുതലാണ്. എണ്‍പത് ലിറ്ററോളം പാല്‍ ദിവസനേ ലഭിക്കും. പാല്‍ വരുമാനം മാത്രം 2700 രൂപ. ഒരു ലിറ്റര്‍ ഗോമൂത്രത്തിന് ഏഴ് രൂപയുമുണ്ട്. ഭൂമിക്കടിയിലുള്ള ടാങ്കിലാണ് ഗോമൂത്രം ശേഖരിക്കുന്നത്. വര്‍ഷാവസാനം വില്‍ക്കും. ഒരു ഗിര്‍ പശുവിന് 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വില. വര്‍ഷത്തില്‍ അഞ്ചോ ആറോ പശുക്കളെ വളര്‍ത്തി വില്‍ക്കാറുണ്ട്. ”വരുമാനത്തിന്റെ 70-80 ശതമാനവും ലാഭമാണ്. ഗ്രാമത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നുവെന്ന സംതൃപ്തി വേറെയും. പിന്നെന്തിന് മറ്റ് ജോലികള്‍ നോക്കണം”. ഇരുവരും ചോദിക്കുന്നു.

ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ബിജെപിയുടെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് ക്ഷീര കര്‍ഷകര്‍. ഗ്രാമീണര്‍ക്ക് പാലും ഗ്രാമത്തിന് സമൃദ്ധിയും നല്‍കുന്ന പശു ബിജെപിക്ക് വോട്ടും ഉറപ്പിക്കുന്നു. മോദിയുടെ ഭരണത്തില്‍ ക്ഷീരമേഖല അത്രയേറെ ലാഭകരമായി. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇന്ന് പശുവളര്‍ത്തല്‍. യുവാക്കളുള്‍പ്പെടെ ഈ രംഗത്തുണ്ട്. 35 ലക്ഷം ക്ഷീരകര്‍ഷകരാണ് ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന് കീഴിലുള്ള സഹകരണ സൊസൈറ്റികളാണ് കര്‍ഷകരില്‍നിന്നും പാല്‍ ശേഖരിക്കുന്നത്.

ബിജെപി ഭരണത്തില്‍ പാല്‍ വില നാലും അഞ്ചും ഇരട്ടിയായി വര്‍ധിച്ചു. കൊഴുപ്പും ഗുണവും കണക്കാക്കിയാണ് വില. ആറ് ശതമാനം കൊഴുപ്പും ഒന്‍പത് ശതമാനം കൊഴുപ്പേതര പദാര്‍ത്ഥങ്ങളും (സോളിഡ്‌സ് നോട്ട് ഫാറ്റ്) അടങ്ങിയ ഒരു ലിറ്റര്‍ പാലിന് 11.43 രൂപയാണ് 2002-03ല്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ 42.02 രൂപയായി. മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പേതര പദാര്‍ത്ഥങ്ങളും അടങ്ങിയ പശുവിന്‍ പാലിന്റെ വില 8.26 രൂപയില്‍നിന്ന് 30.35 രൂപയായി വര്‍ധിച്ചു.

സര്‍ക്കാര്‍ സംഭരണ വില വര്‍ധിപ്പിച്ചതിനാലാണ് കര്‍ഷകര്‍ക്ക് പാല്‍വില കൂടുതല്‍ ലഭിക്കുന്നത്. അമൂലിനും മലയാളിയായ വര്‍ഗീസ് കുര്യനും ശേഷം രണ്ടാമത്തെ ധവളവിപ്ലവത്തിനാണ് ബിജെപി ഭരണത്തില്‍ ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. പാല്‍ ഉത്പാദനം മൂന്നിരട്ടിയായി. രാജ്യത്ത് ഏറ്റവുമധികം പാല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ ഗുജറാത്തിലെ ബനസ്‌കന്ദ, സബര്‍കന്ദ പാല്‍ സൊസൈറ്റികളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായത്. പാല്‍ സംഭരണത്തില്‍ പിന്നിലായിരുന്ന സൗരാഷ്ട്രയും കച്ചുമെല്ലാം മുന്നേറിയവരില്‍പ്പെടും.

പാല്‍സംഭരണത്തിനായുള്ള ആധുനിക സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കി. പശുവിനെ വാങ്ങാനും തൊഴുത്ത് പണിയാനും സബ്‌സിഡി നല്‍കുന്നു. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ പശുവളര്‍ത്തലിന്റെ ഭാഗമാണ്. പശുത്തൊഴുത്തില്ലാത്ത വീടുകള്‍ ഗ്രാമീണ മേഖലകളില്‍ അപൂര്‍വ്വം. കൃഷിയും പശുവളര്‍ത്തലും നാടിന്റെ സംസ്‌കാരവും ജീവിതോപാധിയുമായി മാറുന്നു. ”പത്ത് ദിവസത്തിനുള്ളില്‍ പണം ബാങ്കിലെത്തും. എല്ലാ ഗ്രാമങ്ങളിലും സൊസൈറ്റികളുള്ളതിനാല്‍ വില്‍പ്പനക്ക് ബുദ്ധിമുട്ടില്ല”. മൊഡാസയിലെ സൊസൈറ്റിയില്‍ ദിവസേന നാല്‍പ്പത് ലിറ്ററിലേറെ പാല്‍ വില്‍ക്കുന്ന അമൃത് ഭായ് പറയുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും പശുവളര്‍ത്തലാണ്. ജീവിതം സന്തോഷകരമായി മുന്നോട്ട്‌പോകുന്നുവെന്ന് പാല്‍പ്പുഞ്ചിരിയോടെ അമൃത് ഭായി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.