ഈ ഇരട്ടത്താപ്പ് ഇനിയെത്ര നാള്‍

Thursday 7 December 2017 2:45 am IST

അയോധ്യാ വിഷയത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ അവസാന ഉദാഹരണമാണ് സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ നടപടി. മുസ്ലിം ആക്രമണകാരികള്‍ നശിപ്പിച്ച മഹാക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആഗ്രഹത്തെ ഇഷ്ടപ്പെടാത്ത കോണ്‍ഗ്രസിലെ ഒരു വിഭാഗം ഏഴുപതിറ്റാണ്ടികള്‍ക്കിപ്പുറവും സജീവമാണ്.

സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ദ്ദാര്‍ വല്ലഭഭായ് പട്ടേലിന് നിരന്തരം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചവരുടെ പിന്മുറക്കാര്‍ ഇന്നും കോണ്‍ഗ്രസിന്റെ നേതൃപദവികളിലുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ക്ഷേത്രങ്ങളില്‍നിന്ന് ക്ഷേത്രങ്ങളിലേക്ക് കയറിയിറങ്ങി നടക്കുന്ന ജൂനിയര്‍ നെഹ്രു തന്റെ അനുയായിയെ രാമക്ഷേത്ര നിര്‍മ്മാണം തടയാന്‍ സുപ്രീംകോടതിയിലേക്ക് വാദിക്കാനയക്കുന്ന ഇരട്ടത്താപ്പിന്റെ പേരായിരിക്കുന്നു കോണ്‍ഗ്രസ്. അയോധ്യ ഒരുകാലത്തും പരിഹരിക്കപ്പെടാതെ കിടക്കണം എന്ന രാഷ്ട്രീയ ഗൂഢോദ്ദേശ്യം മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് വ്യക്തമാക്കുന്നതാണിത്.

അയോധ്യാ കേസില്‍ അന്തിമ വാദം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടിവെക്കാനുള്ള കപില്‍ സിബലിന്റെ ആവശ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ബിജെപി രാമക്ഷേത്ര നിര്‍മ്മാണമെന്ന അജണ്ടയുമായി മുന്നോട്ടുപോകുന്നുമെന്നും അതിനാല്‍ അന്തിമ വാദം നീട്ടിവെയ്ക്കണമെന്നുമുള്ള വിചിത്ര ആവശ്യമാണ് സിബല്‍ ഉന്നയിച്ചത്. 2019 ജൂലൈ 15നുശേഷം മാത്രമേ കേസ് പരിഗണിക്കാവൂ എന്നായിരുന്നു വഖഫ് ബോര്‍ഡിന് വേണ്ടി കപില്‍ സിബലിന്റെ വാദം. സുപ്രീംകോടതിയെയും രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെയും പച്ചയ്ക്ക് അധിക്ഷേപിക്കുന്ന നടപടിയാണ് സിബലിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ താല്‍പ്പര്യങ്ങള്‍ നോക്കിയിട്ടല്ല രാജ്യത്തെ കോടതികള്‍ നീതി നിര്‍വഹണം നടപ്പാക്കുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം മുസ്ലിംസംഘടനകളുടെ അഭിഭാഷകര്‍ നടത്തിയ നീക്കത്തിന് കപില്‍ സിബലും കൂട്ടുനില്‍ക്കുകയായിരുന്നു. സുപ്രീംകോടതിയുടെ അതൃപ്തിക്ക് ഇടവരുത്തിയ പരാമര്‍ശങ്ങളായിരുന്നു ഇവയെല്ലാം.

അയോധ്യ വിഷയത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്. ബോര്‍ഡംഗം ഹാജി മുഹമ്മദ് ഇക്കാര്യം ഇന്നലെ ദേശീയ മാധ്യമങ്ങളോട് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു വിരുദ്ധമായ വാദമാണ് ബോര്‍ഡിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ നടത്തിയതെന്നതാണ് ഗൗരവകരം. കോണ്‍ഗ്രസിന്റെയും കപില്‍ സിബലിന്റെയും നിഗൂഢ രാഷ്ട്രീയം കടന്നുവരുന്നത് ഇവിടെയാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എത്ര നാള്‍ വൈകിപ്പിക്കാന്‍ സാധിക്കുമോ അത്രയും നീട്ടാനാണ് കോണ്‍ഗ്രസ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.

സോമനാഥ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത് പലവട്ടം രംഗത്തെത്തിയ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിന്‍മുറക്കാരന്‍ വോട്ടഭ്യര്‍ത്ഥിച്ച് സോമനാഥക്ഷേത്ര ദര്‍ശനത്തിന് ഓടിയതിനു സമാനമായ നിരവധി ഇരട്ടത്താപ്പുകള്‍ കോണ്‍ഗ്രസ് എക്കാലത്തും കാണിച്ചിട്ടുണ്ട്. അവരത് ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരം ഇരട്ടത്താപ്പുകളും കാപട്യങ്ങളും ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.