പ്രകൃതി ദുരന്തവും പിണറായി സൃഷ്ടിച്ചതും

Thursday 7 December 2017 2:45 am IST

പ്രകൃതിദുരന്തങ്ങള്‍ കടലിന്റെ മക്കള്‍ക്ക് അന്യമല്ല. എന്നും പ്രകൃതിയുമായി മല്ലടിച്ചാണ് അവര്‍ നിത്യവൃത്തിക്ക് വകയുണ്ടാക്കുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റും, തുടര്‍ന്നുണ്ടായ ദുരന്തവും നാശനഷ്ടങ്ങളും സര്‍ക്കാര്‍ സൃഷ്ടിയാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനുമാണ്. കേരളചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.

ഈ സര്‍ക്കാരിന് അതിന്റെ മന്ത്രിമാരിലും എംഎല്‍എമാരിലും, ഇപ്പോള്‍ ജീവനക്കാരിലുമുള്ള നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാരിന് കൃത്യമായ അറിയിപ്പ് കേന്ദ്രദുരന്തനിവാരണവകുപ്പും ദേശീയസമുദ്രസാങ്കേതിക വകുപ്പും നവംബര്‍ 28 നു തന്നെ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അലംഭാവം കാണിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. ആര്‍എസ്എസ് സര്‍സംഘചാലക് ദേശീയപതാക ഉയര്‍ത്തിയതിനെതിരെ ഉടന്‍ നടപടി എടുക്കുന്ന ജാഗരൂകനായ മുഖ്യമന്ത്രി, നൂറുകണക്കിന് കടല്‍മക്കളുടെ ജീവന്‍വച്ച് പന്താടിയതിന് ഒരു ന്യായീകരണവുമില്ല. മാത്രമല്ല, ഈ സര്‍ക്കാര്‍ കഷ്ടപ്പെടുന്നവരുടെയും അധ്വാനിക്കുന്നവരുടെയും കൂടെയല്ലെന്നും വ്യക്തമാകുന്നു. രാഷ്ട്രീയ രംഗപ്രവേശനത്തിന് ഒരുങ്ങുന്ന തമിഴ് നടന്‍ കമല്‍ഹാസനെ കാണാനും, സരിതയുടെ കത്തില്‍ ഉടന്‍ നടപടിയെടുക്കാനും അറിയുന്ന മുഖ്യമന്ത്രി കേരളത്തിലെ ദുരന്തനിവാരണ മാനേജ്‌മെന്റ് വകുപ്പിന്റെ തലവനായിട്ടുകൂടി ആ വകുപ്പിന്റെ, കമ്മിറ്റിയുടെ യോഗം നടത്തുവാന്‍ തയ്യാറായിട്ടില്ല! ദുരന്തനിവാരണ നിയമം (2005) അനുസരിച്ചുള്ള ജില്ലാ, തദ്ദേശീയ കമ്മിറ്റികള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല.

ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റുതന്നെ ഈ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ പ്രത്യക്ഷോദാഹരണമാണ്. ചിരിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയന്റെയും റവന്യുമന്ത്രി ചന്ദ്രശേഖരന്റെയും ഫോട്ടോകള്‍ അതില്‍ കാണാം. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകൊണ്ട് 2011-15 വരെ ചെയ്ത ചില പദ്ധതികളല്ലാതെ ഒന്നുംതന്നെ ചെയ്തിട്ടില്ലെന്ന് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ടെണ്ടര്‍ വിളിച്ചിട്ടു പോലുമില്ല. ഇതൊക്കെക്കൊണ്ടുതന്നെയാണ് 2017-ലെ കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ ദുരന്തനിവാരണ സമിതിയെ അതിനിശിതമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ആലപ്പുഴ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ 24 താലൂക്കുകളില്‍ ഒന്നില്‍പ്പോലും താലൂക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നിട്ടില്ല. വേണ്ടതായ നിര്‍ദ്ദേശമോ പ്രായോഗിക തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. മാത്രമല്ല യാതൊരു ചെലവുമില്ലാത്ത എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മറ്റികള്‍പോലും ഒരു താലൂക്കിലും ഉണ്ടാക്കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ ജില്ലകളില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മുന്നറിയിപ്പുയന്ത്രങ്ങള്‍ (Early warning Systems)- ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും, ചില ജില്ലകളില്‍ ഇവ സ്ഥാപിച്ചിട്ടുപോലുമില്ലെന്നും സിഎജി കുറ്റപ്പെടുത്തിയിരിക്കുന്നു. ഇതൊക്കെ ചെറിയ അബദ്ധമായി, കഴിവുകേടായി, മറവിയായി കരുതാനാവില്ല. ഓഖി ചുഴലിക്കാറ്റില്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ അപകടത്തിലായതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്. ഈ കുറ്റകരമായ അനാസ്ഥയ്ക്കു കാരണക്കാരായവരെ വെറുതെവിട്ടുകൂടാ.

സിഐജിയുടെതന്നെ റിപ്പോര്‍ട്ടില്‍ ഇതിലും ഗുരുതരമായ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. ഇവയൊന്നും ബിജെപിയോ രാഷ്ട്രീയ എതിരാളികളോ ആരോപിക്കുന്നതുമല്ല. ഏറ്റവും വിശ്വാസ്യതയുള്ള ഒരു ഭരണഘടനാ സ്ഥാപനംതന്നെ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു എന്നത് ഈ ആരോപണങ്ങളുടെ ഗുരുതര സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കോടികള്‍ വകമാറ്റി ചെലവഴിച്ചതായും ചെലവാക്കിയതിന്റെ തന്നെ ഫയലുകള്‍, ചീഫ് സെക്രട്ടറിയോടു ചോദിച്ചിട്ടുപോലും നല്‍കിയില്ലെന്നുമുള്ള സിഎജി റിപ്പോര്‍ട്ടിലെ വരികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും, രാഷ്ട്രീയ യജമാനന്മാരും ഈ ദുരന്തത്തിലെ മുഖ്യപ്രതികളാണെന്ന ബിജെപിയുടെ ആരോപണം സാധൂകരിക്കുന്നതാണ്. ഏതാണ്ട് 546 ജീവനക്കാരെ നിയമിക്കേണ്ട, ഏറ്റവും കരുതല്‍വേണ്ട വിഭാഗത്തിന് 197 പേരെ മാത്രമേ ഇതുവരെ മറ്റു വിഭാഗങ്ങളില്‍നിന്ന് നിയോഗിച്ചിട്ടുള്ളൂ. ഇത് ദുരന്തങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ അലസവും ജനവിരുദ്ധവുമായ മനോഭാവമാണ് കാണിക്കുന്നത്.

ജില്ലയില്‍ വരുന്ന വിഐപികളെ സഹായിക്കുവാന്‍വരെ ദുരന്ത നിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ പലപ്പോഴും നിയോഗിച്ചുവത്രെ. ദേശീയ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം സാമൂഹ്യസേവന സംഘടനകളെ മുന്‍നിര്‍ത്തി കൂടുതല്‍ ഫലപ്രദമായും ശക്തമായും ദുരന്തനിവാരണപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ്. അതതുപ്രദേശത്തെ സൗകര്യവും ലഭ്യമാകുന്ന മറ്റ് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ കെട്ടിടങ്ങളും സ്‌കൂളുകളും ഉപയോഗിച്ച് സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തിയും വേണമെന്നുമുണ്ട്. എട്ട് വര്‍ഷമായിട്ടും ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും കാറ്റില്‍പ്പറത്തുകയാണ്.

ദുരന്തനിവാരണ വകുപ്പിന്റെ സെക്ഷന്‍ 30 പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലകളില്‍ മുന്നറിയിപ്പു ഉപകരണങ്ങള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതുപ്രകാരം 70 വിഎച്ച്എഫ് റേഡിയോ ബേസ്ഡ് സിസ്റ്റംസ് വച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതില്‍ 58 വിഎച്ച്എഫ് ഉപകരണവും ഉപയോഗരഹിതമായിരിക്കുന്നു. ഇതിനു പറയുന്ന കാരണമാണ് വിചിത്രം- ബാറ്ററി ഇല്ലത്രെ. ദുരന്തമുണ്ടായാലും, മറ്റു വാര്‍ത്താവിനിമയ തകരാറുകള്‍ ഉണ്ടായാലും ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് ഈ സംവിധാനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഇത്തരം അപകട സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളുടെ കാര്യത്തില്‍പോലും തികഞ്ഞ അനാസ്ഥ കാണിച്ചവര്‍ക്ക് സംസ്ഥാനം ഭരിക്കുവാന്‍ അര്‍ഹതയില്ല.

ദുരന്തനിവാരണത്തിനും അപകട മുന്നറിയിപ്പിനും ബോധവത്കരണത്തിനുംവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതികമായി നല്‍കിയ പണം പല കളക്ടര്‍മാരും വകമാറ്റി ചെലവഴിച്ചതായും, ട്രഷറി സേവിങ്‌സ് ബാങ്കില്‍ മാറ്റിനിക്ഷേപിച്ചതായും സിഎജി റിപ്പോര്‍ട്ടിലുണ്ട്. ദുരന്തമായി പ്രഖ്യാപിക്കാത്ത പല സംഭവങ്ങളിലും ഇഷ്ടക്കാര്‍ക്ക് ഭരണകക്ഷി നേതാക്കളുടെ ശുപാര്‍ശപ്രകാരം തഹസീല്‍ദാരടക്കം പല ഉദ്യോഗസ്ഥരും കൃഷിനാശത്തിനും റോഡ് നിര്‍മാണത്തിനുമായി ഈ തുക ചെലവഴിച്ചു എന്നും പറയപ്പെടുന്നു.

കേന്ദ്ര സര്‍ക്കാരിന്റേതടക്കമുള്ള ഭീമമായ തുക ദുരന്തനിവാരണത്തിനായി വാങ്ങിയശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുനേതാക്കളായ ഉദ്യോഗസ്ഥരും തങ്ങളുടെ ആശ്രിതര്‍ക്കുമായി പാര്‍ട്ടിക്കാര്‍ക്കും അത് വഴിവിട്ട് ചെലവാക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ വരവുചെലവു കണക്കുകള്‍, സിഎജി റിപ്പോര്‍ട്ട് എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ധവളപത്രം പുറപ്പെടുവിക്കണം. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതും കഴിവുകെട്ടതുമായ സ്ഥിതിക്ക് കേരളത്തിലെ ദുരന്തനിവാരണസമിതി കേന്ദ്ര ഉദ്യോസ്ഥന്മാരെയും, കഴിവുള്ള ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെയും, ദുരന്തനിവാരണ ദൗത്യത്തില്‍ കഴിവുതെളിയിച്ച സാമൂഹ്യസേവന സംഘടനകളെയും ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണം.

അല്ലെങ്കില്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളെ സംസ്ഥാനസര്‍ക്കാരും മന്ത്രിമാരും സാമ്പത്തികലാഭത്തിനുള്ള മറ്റൊരു മാര്‍ഗമായേ കാണൂ. മനുഷ്യനിര്‍മിത ദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ പിടിപ്പുകേട് തെളിയിച്ച മുഖ്യമന്ത്രി ദുരന്തനിവാരണ വകുപ്പിന്റെ ചുമതല ഉടന്‍ ഒഴിയണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.