കോട്ടയത്തിന് പറയാനുള്ളത് പരിമിതികള്‍

Thursday 7 December 2017 2:45 am IST

എരുമേലിയില്‍ പൊതുശ്മശാനത്തിനായി കെട്ടിത്തിരിച്ചിട്ടിരിക്കുന്ന ഭൂമി

കോട്ടയത്തിനു പറയാനുള്ളത് പരിമിതികളുടെ കദനകഥകള്‍ മാത്രം. 75 പഞ്ചായത്തുകളില്‍ ഇരുപത്തഞ്ചില്‍ മാത്രമാണ് പൊതുശ്മാശനമുള്ളത്. ഇതില്‍ മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകളില്‍ ഒന്നില്‍ കൂടുതല്‍. ഭൂമിയുടെ ലഭ്യതക്കുറവാണ് ഇവിടെയും പ്രശ്‌നം. സ്ഥലം ലഭിച്ചാല്‍ പ്രാദേശിക പ്രതിഷേധങ്ങളുയരും. നഗരസഭകളിലും പരിമിതികളേറെ.

എരുമേലിയില്‍ പഞ്ചായത്ത് വിവിധ പദ്ധതികള്‍ക്കായി വാങ്ങിയ നിരവധി സ്ഥലങ്ങളുണ്ട്. എന്നാല്‍, ശ്മശാനമെന്ന ചിന്ത മാത്രമില്ല. കവുങ്ങുംകുഴിയില്‍ മൂന്ന് ഏക്കറോളം ഭൂമി കാട് കയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. ഇതിനിടെ ചില പദ്ധതികള്‍ക്ക് വീണ്ടും പണമനുവദിച്ച് അഴിമതിക്ക് വഴിയൊരുക്കുന്നു. ആധുനിക പൊതുശ്മശാനം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ‘കെല്ലി’നാണ് കരാര്‍ നല്‍കിയത്. എന്നാല്‍, തുടര്‍ നടപടികളുണ്ടായില്ല. പൊതുശ്മശാനം പദ്ധതി നിലനില്‍ക്കെ ഇതേ ആവശ്യത്തിന് പണമനുവദിച്ച് മുണ്ടക്കയം പഞ്ചായത്തിന് 2013-14ല്‍ രണ്ട് ലക്ഷം രൂപ നല്‍കി ഭരണസമിതി ‘വ്യത്യസ്ത’രാകുന്നു.
കറുകച്ചാല്‍ നെടുംകുന്നം പഞ്ചായത്തിലെ മനക്കരക്കുന്നില്‍ നിലവിലുള്ള ശ്മശാനത്തിലേക്കുള്ള റോഡ് ദുര്‍ഘടം പിടിച്ചതാണ്.

റോഡുള്‍പ്പെടെ നവീകരിക്കാന്‍ പദ്ധതിയുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇതിനായി തുക വകയിരുത്തി. ആധുനിക ശ്മശാനത്തിന് കൊച്ചിയിലെ ഒരു ഏജന്‍സിയുമായി ധാരണയായി. താലൂക്കിന്റെ കിഴക്കന്‍ മേഖലകളിലെ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളില്‍ എത്തിച്ചേരുന്നതും ദുഷ്‌ക്കരം. മിക്കവയും കാടുപിടിച്ചു കിടക്കുന്നു. മൃതദേഹങ്ങള്‍ എത്തിച്ചു മറവുചെയ്യണമെങ്കിലാകട്ടെ വലിയ ചെലവ്.

ബിജെപി നടത്തിയ ജനകീയ സമരത്തിന്റെ വിജയമാണ് പൊന്‍കുന്നം ചേപ്പുംപാറ ആധുനിക ശ്മശാനം. 2011 മുതല്‍ പല ഘട്ടങ്ങളിലായി നിരാഹാരം, ഭൂമി പിടിച്ചെടുക്കല്‍, പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് എന്നിങ്ങനെ സമരങ്ങള്‍ നടത്തി. ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി തുടങ്ങി. ഒന്നരക്കോടി മുതല്‍മുടക്കു പ്രതീക്ഷിക്കുന്ന വാതക ശ്മശാനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും അധീനതയില്‍ ഒന്നര ഏക്കറോളം സ്ഥലത്താണ് ചേപ്പുപാറ ശ്മശാനം.

ദഹനം നടത്താതെ കുഴിച്ചിടുന്ന സമ്പ്രദായമായിരുന്നു ശ്മശാനത്തില്‍ നിലനിന്നിരുന്നത്. പാറ നിറഞ്ഞ സ്ഥലത്ത് ആഴത്തില്‍ കുഴിയെടുക്കുക അസാധ്യവും. മൃതശരീരഭാഗങ്ങള്‍ നായകളും കാക്കകളും വലിച്ചുകീറുന്ന കാഴ്ച പതിവായതോടെ ആരും ഈ വഴി വരാതായി. അതിനാണിപ്പോള്‍ ശാപമോക്ഷമാകുന്നത്. പട്ടികജാതിക്കാര്‍ക്കായി വര്‍ഷങ്ങള്‍ക്കു മുമ്പ് അനുവദിച്ച ശ്മശാനങ്ങള്‍ ഇപ്പോള്‍ കൈയേറ്റ ഭീഷണിയില്‍. ഇവയെല്ലാം പൊതുശ്മശാനങ്ങളാക്കാനുള്ള തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നീക്കമാണ് ഈ വിഭാഗങ്ങളെ ആശങ്കയിലാക്കുന്നത്. ഉള്ളവ സംരക്ഷിക്കാനോ, പുതിയതു തുടങ്ങാനോ തയ്യാറാകാത്ത പ്രാദേശിക ഭരണകൂടങ്ങള്‍ ഇത്തരം നീക്കം നടത്തുന്നതില്‍ അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരരംഗത്താണ്.

കോട്ടയം ഗാന്ധിനഗറിന് സമീപം പുല്ലരിക്കുന്നിലെ ശ്മശാനം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. 1941-ല്‍ ചേരമര്‍ മഹാസഭ സംസ്ഥാന നേതൃത്വത്തിന് അന്നത്തെ തിരുവതാംകൂര്‍ സര്‍ക്കാര്‍ എഴുതി നല്‍കിയതാണ് ഭൂമി. അന്നുമുതല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണ് ശ്മശാനം സംരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് തര്‍ക്കങ്ങളുന്നയിച്ചപ്പോള്‍ സഭ നിയമനടപടിയുമായി മുന്നോട്ടുപോയി. ഇപ്പോള്‍ തെറ്റായ പ്രചാരണത്തിലൂടെ കൈയടക്കാനാണ് പഞ്ചായത്തിന്റെ നീക്കം. കുമാരനെല്ലൂര്‍ പെരുമ്പായിക്കാട്ടെ പട്ടികജാതി ശ്മാശനത്തില്‍ അവകാശവാദവുമായെത്തിയത് കോട്ടയം നഗരസഭയാണ്. ഇതിനെതിരെയും നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.

നഗരസഭകളില്‍ കോട്ടയത്തു മാത്രമാണ് പുതിയതായി വാതക ശ്മശാനം തുടങ്ങിയത്. പാലാ നഗരസഭയുടെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ ഗ്യാസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായില്ല. വിറകിനു ക്ഷാമം നേരിട്ടതോടെയാണ് വാതകത്തിലേക്കു മാറണമെന്ന് ആവശ്യമുയര്‍ന്നത്. 2000ല്‍ സ്ഥാപിച്ച ഈ ശ്മശാനത്തില്‍ പിന്നീട് അറ്റകുറ്റപ്പണികളുണ്ടായിട്ടില്ല.

പ്രവേശന കവാടത്തില്‍ ബോര്‍ഡില്ലാത്തതിനാല്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് വഴിതെറ്റുന്നതും പതിവ്. ഇവിടേക്കുള്ള വഴിയില്‍ വിളക്കുകളുമില്ല. പൊതുശ്മശാനത്തെ ആശ്രയിക്കുന്നവര്‍ സാധാരണക്കാരായതിനാലാണ് അവഗണനയെന്ന് നാട്ടുകാരുടെ ആക്ഷേപം. അനാഥ മൃതദേഹങ്ങള്‍ മറവുചെയ്യുന്നതും ഇതിന് സമീപത്താണ്. ഇവിടെ മേല്‍ക്കൂരയില്ലാത്തത് മഴക്കാലത്ത് ബുദ്ധിമുട്ടാകുന്നു.

അഴിമതിക്കഥകളുടെ വെള്ളിയാമറ്റം
ഇടുക്കിയില്‍ വനവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വെള്ളിയാമറ്റം പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിച്ചതിന്റെ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. വര്‍ഷങ്ങള്‍ മുമ്പ് തുടങ്ങിയ പ്രവൃത്തി ഇതുവരെ തീര്‍ന്നിട്ടില്ല. ഉടന്‍ തുറക്കുമെന്ന് പഞ്ചായത്ത് അധികാരികള്‍ പറയാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.

ശ്മശാനത്തിന്റെ പേരില്‍ അഴിമതിയെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. വിജിലന്‍സ് അന്വേഷിക്കണത്തിന് ശുപാര്‍ശയും നല്‍കി. 40 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മാണം തുടങ്ങിയത്. കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് അരലക്ഷത്തിലധികം രൂപ ചെലവഴിച്ചെങ്കിലും വെള്ളമില്ല. ടെന്‍ഡറിലൂടെ കരാറുകാരനെ ഏല്‍പ്പിച്ച ജോലി കാരണമൊന്നും പറയാതെ അക്രഡിറ്റഡ് ഏജന്‍സിക്ക് കൈമാറി. ചട്ടം ലംഘിച്ചുള്ള ഈ നടപടിയോടെയാണ് പദ്ധതി അവതാളത്തിലായത്. അവര്‍ക്ക് അനുകൂലമായി വ്യവസ്ഥകളുണ്ടാക്കിയാണ് പുതിയ കരാറെന്നും ആക്ഷേപം.

(നാളെ… പേരില്‍ പ്രൗഢി… പക്ഷേ)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.