ടെസ്റ്റ് സമനിലയില്‍; ചരിത്ര പരമ്പര

Thursday 7 December 2017 2:45 am IST

ന്യൂദല്‍ഹി: ധനഞ്ജയ് ഡിസില്‍വയുടെ സെഞ്ചുറിയും വാലറ്റക്കാരുടെ മിന്നുന്ന പ്രകടനവും ശ്രീലങ്കയെ ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് സമനില സമ്മാനിച്ചു. അവസാന ടെസ്റ്റില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ നേടിയ വിജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി.

ഇതോടെ തുടര്‍ച്ചയായ ഒമ്പത് പരമ്പരകളാണ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കരസ്ഥമാക്കിയത്. 2005-08 കാലഘട്ടത്തില്‍ റിക്കി പോണ്ടിങിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഈ പരമ്പര നേട്ടത്തോടെ ടീം ഇന്ത്യയും റെക്കോര്‍ഡിനൊപ്പമെത്തി. 2015-ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍ക്ക് തുടക്കമിട്ടത്. ഇനി നടക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ പരമ്പര നേടിയാല്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ കഴിയും.

410 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റുചെയ്ത ശ്രീലങ്ക അഞ്ചിന് 299 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. പരമ്പരയില്‍ മൂന്നു സെഞ്ചുറി ഉള്‍പ്പടെ 610 റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ സീരീസ്. മൂന്നാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയും നേടിയ കോഹ്‌ലി തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.  സ്‌കോര്‍: ഇന്ത്യ- ഏഴിന് 536 ഡിക്ലയേര്‍ഡ് & അഞ്ചിന് 246 ഡിക്ലയേര്‍ഡ്, ശ്രീലങ്ക- 373 & അഞ്ചിന് 299

മൂന്നിന് 31 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയുടെ രണ്ട് വിക്കറ്റുകള്‍ മാത്രമേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ. തലേന്നത്തെ സ്‌കോറിനോട് നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ബാറ്റിങ് ആരംഭിച്ച ആഞ്ചലോ മാത്യൂസ് ഒരു റണ്ണിന് മടങ്ങി. ഇതോടെയാണ് ഇന്ത്യ അനായാസം ജയിക്കാമെന്ന് കണക്കുകൂട്ടിയത്. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ പതറാതെ പൊരുതിയ ധനഞ്ജയ ഡിസില്‍വയുടെ സെഞ്ചുറിയും (119), റോഷന്‍ സില്‍വ (74 നോട്ടൗട്ട്), ഡിക്ക്‌വെല്ല (പുറത്താകാതെ 44) എന്നിവരുടെ പ്രകടനം തിരിച്ചടിയാവുകയായിരുന്നു. 188 പന്തുകളിലാണ് ധനഞ്ജയ ഡിസില്‍വ സെഞ്ചുറി നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി. ഇതിനിടെ സ്‌കോര്‍ 147-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചണ്ഡിമലിനെ അശ്വിന്‍ ബൗള്‍ഡാക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി.

ഈ പരമ്പരയിലാകെ 610 റണ്‍സ് നേടിയ കോഹ്‌ലി, മൂന്നു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറി. മറ്റ് മുന്‍നിരതാരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയപ്പോള്‍ അജിന്‍ക്യ രഹാനെ പൂര്‍ണ്ണ പരാജയമായി. പരമ്പരയിലാകെ 17 റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാന്‍ കഴിഞ്ഞത്. ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തില്‍ മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയാണ് ഇനി നടക്കാനുള്ളത്. ഇതിലെ ആദ്യ മല്‍സരം ഡിസംബര്‍ പത്തിന് ധര്‍മ്മശാലയില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.