ഐഎസ്എല്‍; 31ലെ കളി മാറ്റണമെന്ന് പോലീസ്

Thursday 7 December 2017 2:45 am IST

കൊച്ചി: പുതുവര്‍ഷ തലേന്ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരം മാറ്റിവെക്കണമെന്ന് കേരള പോലീസ്. ഡിസംബര്‍ 31ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളുരു എഫ്‌സി മത്സരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് പോലീസ് കത്തുനല്‍കുകയും ചെയ്തു.

പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മത്സരം നടക്കുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവശ്യത്തിനു പോലിസിനെ നിയോഗിക്കാന്‍ സാധിക്കില്ല. ഫോര്‍ട്ട്‌കൊച്ചിയിലെ കാര്‍ണിവലിന് പുറമേ ചെറായി ബീച്ച് ഫെസ്റ്റിവലും നടക്കുന്നുണ്ട്. ഇതിനായി വലിയ സുരക്ഷാ സംവിധാനം ഒരുക്കേണ്ടതുണ്ട്.

അരലക്ഷത്തിലേറെ കാണികളാണ് കളികാണാനായി കൊച്ചി സ്‌റ്റേഡിയത്തില്‍ എത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സ് – ബെംഗളൂരു മത്സരം കാണാന്‍ ആവേശം ഇരട്ടിക്കും. ഇതിന് പുറമേ മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ പുതുവത്സര കാര്‍ണിവലില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ കൂടിയാകുന്നതോടെ നഗരം ജനബാഹുലമാകും. ട്രാഫിക് നിയന്ത്രണവും സുരക്ഷയും പോലിസിന് ഇരട്ടിതലവേദനയായി മാറും. ഇതാണ് മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് കത്തു നല്‍കിയത്.

അതേസമയം, പോലിസ് കത്തു നല്‍കിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഐഎസ്എല്‍ സംഘാടകര്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.