ഒരാഴ്ചയ്ക്കുള്ളില്‍ നാല് മരണം; എംസി റോഡ് മരണപാതയോ?

Wednesday 6 December 2017 10:09 pm IST

കോട്ടയം: എംസി റോഡില്‍ ചിങ്ങവനം മുതല്‍ കോടിമത വരെയുള്ള ഭാഗം ചോരക്കളമായി. ഒരാഴ്ചക്കുള്ളില്‍ നാലുവരി പാതയിലും സമീപത്തുമായി മൂന്ന് ജീവനാണ് പൊലിഞ്ഞത്. ചൊവ്വാഴ്ച രാത്രിയില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ ഈ റോഡില്‍ നഷ്ടപ്പെട്ടത്.
മുളങ്കുഴയില്‍ ടാറിങ് പൂര്‍ത്തിയാകാത്ത ഭാഗത്ത് കയറിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്.
സ്‌കൂട്ടര്‍ യാത്രക്കാരായ തിരുവല്ല പാലിയക്കര നെടുംമ്പള്ളി പുത്തന്‍പുരയില്‍ സതീശന്റെ മകന്‍ വിശാഖ് (24), ബന്ധു തിരുവല്ല വല്ലന എരുമക്കാട് കല്ലുകാലായില്‍ കെ.സി.അജി (50)എന്നിവരാണ് മരിച്ചത്. വിശാഖ് തത്ക്ഷണം മരിച്ചപ്പോള്‍ അജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
റോഡില്‍ വീണ് കിടന്ന ഇരുവരെയും വഴിയാത്രക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്്. ചൊവ്വാഴ്ച രാത്രിയില്‍ സംക്രാന്തിയിലുണ്ടായ അപകടത്തില്‍ മകന്റെ സ്‌കൂട്ടറിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മ മരിച്ചു.
സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ നീറികാട് തോട്ടടിയില്‍ ശശികുമാറിന്റെ ഭാര്യ ഓമന (50)ആണ് മരിച്ചത്്.
എംസി റോഡില്‍ മണിപ്പുഴ ഭാഗത്ത് റോഡ് നവീകരണം നടക്കുന്നതായ ഒരു സൂചനപോലും അവിടെ ഇല്ല. മാത്രമല്ല റോഡില്‍ ആവശ്യത്തിന് വെളിച്ചവും ഇല്ലായിരുന്നു. ചിങ്ങവനം ഭാഗത്ത് സൗരോര്‍ജ്ജ വിളക്കുകളുടെ കാലുകള്‍ മറിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കെഎസ്ടിപി തയ്യാറായിട്ടില്ല. നാലുവരി പാതയില്‍ ഒരാഴ്ച മുമ്പ് സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. മറ്റൊരു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള റോഡില്‍ ഏറ്റവും വലിയ അപകടമേഖലയായിരിക്കുകയാണ് കോടിമത ഭാഗം. എന്നാല്‍ വാഹനങ്ങള്‍ വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള ഒരു സൂചന ബോര്‍ഡുകളും നിലവില്‍ ഇല്ല.
കോടികള്‍ ചെലവഴിച്ചാണ് കെഎസ്ടിപി റോഡ് നവീകരിക്കുന്നത്. റോഡില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രത്യേകം ഫണ്ടും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും പ്രയോജനപ്പെടുത്താതെ റോഡ് വീതി കൂട്ടി പണിയുക മാത്രമാണ് ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.