പുലിക്കളിയ്ക്ക് ശേഷം എത്തുന്നു വനിതകളുടെ വോളിബോള്‍ ടീം

Wednesday 6 December 2017 10:10 pm IST

തൃശൂര്‍: ചെണ്ടയുടെ രൗദ്രതാളത്തിനൊപ്പം ചുവട് വെച്ച് ശക്തന്റെ മണ്ണിനെ വിറപ്പിച്ച പെണ്‍പുലികള്‍ ബൂട്ടണിയുന്നു. വീട്ടമ്മമാരെ ജില്ലാതലങ്ങളില്‍ സംഘടിപ്പിച്ചുകൊണ്ട് വോളിബോള്‍ ടീമുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം.
തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ടീമുകളുടെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ പിറവിയെടുത്ത വിമന്‍സ് ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോട്‌സ് (വിങ്‌സ്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വീട്ടമ്മമാരുടെ വോളിബോള്‍ ടീമിനെ സജ്ജമാക്കുന്നത്. പെണ്‍കുട്ടികള്‍ ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്നതിനോട് താത്പര്യം കാണിക്കാറില്ല. പലപ്പോഴും അമ്മമാരാണ് ഇതിന് തടസമായി നില്‍ക്കുന്നത്. ഈ പ്രതിസന്ധി അമ്മമാര്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്നതോടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് വിങ്‌സ്് ഭാരവാഹികള്‍ പറയുന്നത്.
കായികരംഗത്തേക്ക് സ്ത്രീകള്‍ എത്തുമ്പോള്‍ അവര്‍ക്ക് മനോബലം ലഭിക്കും. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കും. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഫുട്‌ബോള്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശീലനം നല്‍കുന്ന സംവിധാനത്തെപ്പറ്റിയാണ് ആലോചിക്കുന്നത്. ഇതിന് പുറമേ വിങ്‌സിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി വിവിധ തൊഴില്‍ സംരഭങ്ങളും, ഹൃസ്വചിത്രങ്ങളുടെ നിര്‍മ്മാണവും ട്രക്കിങ്ങുകളും സംഘടിപ്പിച്ച് വരികയാണ്.
സ്ത്രീയും പുരുഷനും എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ തുല്യരായി എല്ലാകാര്യങ്ങളിലും ഇടപെടുന്നതിന് വേണ്ടിയുള്ള അവസരം ഒരുക്കലാണ് വിങ്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. നെഹ്‌റുട്രോഫി അടക്കമുള്ള ജലമേളകളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള ടീമിനെ സജ്ജീകരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സംഘടനയില്‍ സജീവമായിട്ടുണ്ട്.
അധികം വൈകാതെ വളയിട്ട കൈകള്‍ പങ്കായമെറിയുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ആരംഭിച്ച സംഘടനയുടെ പ്രവര്‍ത്തനം ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ സജീവമായി നടുന്നുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.