കേന്ദ്രസംഘങ്ങള്‍ കേരളത്തിലെത്തും

Thursday 7 December 2017 2:49 am IST

ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനുമായി കേന്ദ്രസംഘം കേരളത്തിലെത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അപേക്ഷ ലഭിച്ചാലുടന്‍ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അറിയിച്ചു. ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരുമായി കുമ്മനം ചര്‍ച്ച നടത്തി.

ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള കൃഷി മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന സംഘമാണ് കേരളത്തിലെത്തുക. കേരള തീരത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക സംഘത്തെ അയയ്ക്കാന്‍ കേന്ദ്രകൃഷി മന്ത്രി രാധാമോഹന്‍സിങ്ങും സന്നദ്ധത അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അടക്കമുള്ള കേന്ദ്രസഹായം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രിമാര്‍ കുമ്മനത്തെ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് കേരളാ-തമിഴ്‌നാട് തീരങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കടല്‍ഭിത്തികള്‍ കെട്ടി തീരദേശം സംരക്ഷിക്കുന്നതിനും ഫിഷിങ് ഹാര്‍ബറുകള്‍ പണിത് മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി രാധാമോഹന്‍ സിങ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ സന്ദര്‍ശനം നടത്തിയ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കുമ്മനം അറിയിച്ചു. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് ദുരന്തബാധിത സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ട്. കേന്ദ്ര അറിയിപ്പ് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നതെന്നും കുമ്മനം ചോദിച്ചു. നേരത്തെ വിവരം ലഭിച്ചിട്ടും മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മനഷ്യത്വമില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.