12 പേരെക്കൂടി രക്ഷപ്പെടുത്തി

Thursday 7 December 2017 2:48 am IST

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ ഒറ്റപ്പെട്ടുപോയ 12 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി. ഓള്‍മൈറ്റി ഗോഡ് എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരെയാണ് നാവികസേന കരയ്‌ക്കെത്തിച്ചത്.

വീല്‍ ഹൗസ് തകരാറിലായി ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല കുടുങ്ങിയതിനെത്തുടര്‍ന്നാണ് ബോട്ട് നിശ്ചലമായത്. തമിഴ്‌നാട് സ്വദേശികളായ ജോസ് (54), സിനു (26), ആന്റണി (31), ഷെറിന്‍ (19), ജോസഫിന്‍ (38), ലോറന്‍സ് (45), അരുള്‍ദാസ് (37), നിഷാദ് (19), ഡഗ്ലസ് (43), രാജു (45), ആസാം സ്വദേശി ഇസ്മായില്‍ (22), കൊല്‍ക്കത്ത സ്വദേശി ഗോപാല്‍ (21) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റില്‍ ബോട്ടിന് കേടുപാട് സംഭവിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കില്ല.

നാവികസേനാ കപ്പലില്‍ കെട്ടിവലിച്ചാണ് ബോട്ട് കൊച്ചിയിലെത്തിച്ചത്. തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് കണ്ടെത്തിയ ബോട്ടിലെ ജീവനക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് തീരത്തേക്ക് കൊണ്ടുവന്നതെന്ന് നാവികസേനാ വക്താവ് അറിയിച്ചു.  10 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട സെന്റ് ആന്റണീസ് എന്ന ബോട്ടും കണ്ടെത്തിയതായി സൂചനയുണ്ട്. ഈ ബോട്ടും കൊച്ചിയില്‍ എത്തിക്കുമെന്നറിയുന്നു. അതേസമയം, കൊച്ചിയില്‍ നിന്നു മത്സ്യബന്ധനത്തിന് പോയി കാണാതായ 70 ബോട്ടുകളില്‍ പത്തെണ്ണം ലക്ഷദ്വീപില്‍ അടുത്തതായി വിവരം ലഭിച്ചു.

ഇന്നലെ നാലു ബോട്ടുകളും അതിലെ തൊഴിലാളികളായ 60 പേരും തോപ്പുംപടി ഹാര്‍ബറിലെത്തി. തൂത്തുക്കുടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘ഷമ്മ’എന്ന ബോട്ടും ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തി. ഇനി 56 ബോട്ടുകളുടെ വിവരങ്ങളാണ് അറിയാനുളളത്. ഇതില്‍ 650 ഓളം തൊഴിലാളികളുള്ളതായി ലോങ് ലൈന്‍ ബോട്ട് ആന്‍ഡ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എം. നൗഷാദ് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ബദല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് 20 ലക്ഷം രൂപ നല്‍കുക.

ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യറേഷനും ചുഴലിക്കാറ്റില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ തുക നഷ്ടപരിഹാരവും നല്‍കും. മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കും. സമഗ്ര നഷ്ടപരിഹാര പാക്കേജിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.