ചുവപ്പുനാടയില്‍ കുരുങ്ങി പ്ലാസ്റ്റിക് റീസൈക്ലിങ് പാര്‍ക്ക്

Wednesday 6 December 2017 10:25 pm IST

 

പീരുമേട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുമ്പോഴും പ്രാദേശികമായി പ്ലാസ്റ്റിക് റീ സൈക്ലിങ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍ നടപ്പിലാക്കുന്നില്ല.
കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ നാളിതുവരെ സ്ഥലം കണ്ടെത്തുന്നതിനും റീ സൈക്ലിങ് പാര്‍ക്ക് സ്ഥാപിക്കുന്നതിനും പ്രാരംഭ നടപടിപോലും പല പഞ്ചായത്തും തുടങ്ങിയിട്ടില്ല. റീ സൈക്ലിങ് പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്യം കുറിച്ചത്. ശുചിത്വ മിഷന്റെ സഹായത്തോടെയാണ് പാര്‍ക്കുകള്‍ തുടങ്ങുന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പശുമലയില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്വകാര്യ തോട്ടമുടമയില്‍ നിന്നും സ്ഥലം ഏറ്റെടുത്തിട്ട് വര്‍ഷങ്ങളായിട്ടും യാതൊരുവിധ നടപടികളും തുടര്‍ന്നുണ്ടായിട്ടില്ല.
ഇവിടുത്തെ മാലിന്യങ്ങളും മറ്റും സത്രം ടൂറിസ കേന്ദ്രത്തോട് ചേര്‍ന്നാണ് പഞ്ചായത്ത് നിക്ഷേപിക്കുന്നത്. ഇത് ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യവും മറ്റുതരത്തിലുള്ള മാലിന്യവും ഇവിടെ നിക്ഷേപിക്കാറുണ്ട്.
പീരുമേട് പഞ്ചായത്തിലെ മാലിന്യങ്ങള്‍ മുഴുവനും മത്തായി കൊക്കയിലേക്കാണ് തള്ളുന്നത്. ഇത് അഴുതയിലെത്തി പമ്പാനദിയില്‍ പതിക്കുന്നു. ഏലപ്പാറ, പെരുവന്താനം, പീരുമേട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്ന് പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി പള്ളിക്കുന്നിന് സമീപം അഞ്ച് ഏക്കര്‍ റവന്യൂ ഭൂമി നല്‍കിയതുമാണ്. തുടര്‍ നടപടികള്‍ ഒന്നും തന്നെ ഇവിടെയും ആരംഭിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.