റോഡ്, പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണം ദുരന്തബാധിത മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണം

Thursday 7 December 2017 2:05 am IST

കാക്കനാട്: ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ദുരിതം വിതച്ച കടലോര മേഖലയ്ക്ക് ആശ്വാസം പകരുന്ന സമഗ്ര സഹായ പാക്കേജ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ എസ്. ശര്‍മ്മ എംഎല്‍എയുടെയും ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെയും നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു.
ഡിസംബര്‍ 10,11 തീയതികളില്‍ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. തീരദേശ മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനുള്ള നടപടികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത്. തീരദേശ മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന് റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കണം. സ്ഥിര പരിഹാരം ആവശ്യമായ വിഷയങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തയാറാക്കി സര്‍ക്കാരിന് നല്‍കും.
വീടുകള്‍ തകര്‍ന്നവര്‍ക്ക് വാടകയ്ക്ക് വീടുകള്‍ ഏര്‍പ്പാടാക്കണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ കല്‍വെര്‍ട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. 100 മീറ്ററെങ്കിലും ദൂരത്തിലായിരിക്കണം സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
കടലില്‍ നിന്ന് അടിച്ചുകയറുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് ഇടത്തോടുകളുടെ ആഴം വര്‍ധിപ്പിക്കണം. കടല്‍ഭിത്തിയുടെ ഉയരവും വീതിയും വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ലഭ്യമാക്കണം. ഇടുങ്ങിയ റോഡുകളും പാലങ്ങളും വീതി കൂട്ടണം. ദുരന്തമുണ്ടായാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും രക്ഷപെടുന്നതിനും ഇടുങ്ങിയ റോഡുകള്‍ പ്രശ്നം സൃഷ്ടിക്കുന്നു. തീരദേശ റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ളവരെ കിഴക്കന്‍ മേഖലയിലേക്ക് മാറ്റി താമസിപ്പിക്കണമെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കണമെന്നും ആവശ്യമുയര്‍ന്നു.
കൊച്ചി, മുനമ്പം അഴിമുഖങ്ങള്‍ വഴി കടലിലേക്ക് പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല മേഖലയിലെ മുഴുവന്‍ പേര്‍ക്കും സൗജന്യ റേഷന്‍ നല്‍കണമെന്നും ആവശ്യമുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകള്‍ ഉപയോഗിക്കണം.
ഞാറയ്ക്കലില്‍ 180 മീറ്ററോളം പ്രദേശത്ത് കടല്‍ഭിത്തി തകര്‍ന്നു. എടവനക്കാടിനെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണം. തീരദേശ റോഡിലേക്ക് വീണിരിക്കുന്ന വലിയ കല്ലുകള്‍ ഉടന്‍ നീക്കണം. നായരമ്പലത്ത് 37 കല്‍വെര്‍ട്ടുകള്‍ അടഞ്ഞു കിടക്കുകയാണ്. തീരദേശ റോഡുകള്‍ക്ക് കുറുകെ കല്‍വെര്‍ട്ടുകള്‍ നിര്‍മ്മിക്കണം. വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവര്‍ക്ക് അടിയന്തിരമായി താമസ സൗകര്യം ഏര്‍പ്പെടുത്തണം.
പുലിമുട്ടിന്റെയും കടല്‍ഭിത്തിയുടെയും നിര്‍മ്മാണത്തിന് പ്രത്യേക പഠനം ആവശ്യമാണ്. ചെന്നൈ ഐഐടിയുമായി ചര്‍ച്ച ചെയ്ത് സാങ്കേതിക വശങ്ങള്‍ തീരുമാനിക്കാമെന്ന് എംഎല്‍എ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിവരങ്ങള്‍ അറിയാം. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, ഫയര്‍ & റെസ്‌ക്യൂ, തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സംസ്ഥാനത്തെയും സംസ്ഥാനത്തിനു പുറത്തു നിന്നുമുള്ള മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുക. പോലീസ്, റവന്യൂ, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയില്‍ നിന്നുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7902200300, 7902200400, 0484 2423513.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.